176 യാത്രക്കാരുമായി യുക്രെയിനിലെ കീവിലെക്ക് പറന്നുപൊങ്ങിയ യുക്രെയിൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം 'അബദ്ധവശാൽ' വെടിവെച്ചിട്ടത് തങ്ങളാണ് എന്ന് ഇറാൻ സമ്മതിച്ചിരിക്കുന്നു. ശത്രുവിമാനം എന്ന് തെറ്റിദ്ധരിച്ചാണ് തങ്ങളുടെ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഈ തെറ്റു സംഭവിച്ചുപോയത് എന്നും, അക്ഷന്തവ്യമായ ഈ കൈപ്പിഴയെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി, കുറ്റക്കാരെ വിചാരണ ചെയ്യുമെന്നും ഇറാൻ ഉറപ്പുനൽകുന്നു. 

ഫ്‌ളൈറ്റ് 752 -ന്റെ തകർന്നുവീഴൽ ഒരു ദുരന്തം തന്നെയാണ്, എന്നാൽ അമേരിക്കയും ഇറാനും തമ്മിൽ പരസ്പരം നടത്തിക്കൊണ്ടിരുന്ന പോർവിളികൾക്കിടയിൽ ഉടലെടുത്ത ഒരു ആശങ്കാകുലമായ സാഹചര്യത്തിൽ അങ്ങനെ ഒരു വലിയ പിഴ സംഭവിച്ചു പോവുകയാണ് ഉണ്ടായത്. വിമാനയാത്രകൾ വളരെ സുരക്ഷിതമാണ് എന്നാണ് സങ്കൽപം. എന്നാൽ, ഇതുപോലെ യുദ്ധവിമാനങ്ങൾ എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് സ്വന്തം രാജ്യത്തിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിന്റെയോ പട്ടാളം, ഇതുപോലെ യാത്രാ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവങ്ങൾ ഇതാദ്യമായിട്ടല്ല നടക്കുന്നത്. 

ഇറാനെപ്പോലെ തന്നെ യുക്രെയിനും അബദ്ധവശാൽ തങ്ങളുടെ ആകാശത്തുകൂടെ പറന്നുപോയ മറ്റൊരു രാജ്യത്തിൻറെ വിമാനം വെടിവെച്ചു താഴെയിട്ടിട്ടുണ്ട്. അതിലും ഇതേപോലെ യാത്രക്കാർ ഒന്നടങ്കം കൊല്ലപ്പെട്ടിട്ടുമുണ്ട്. 2014 ജൂലൈയിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലേഷ്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 17 യുക്രെയിൻ വെടിവെച്ചിട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ടത് 298 പേർക്കായിരുന്നു. ഇറാന്റെ ഒരു യാത്രാ വിമാനവും ഇതുപോലെ പണ്ട് അമേരിക്ക വെടിവെച്ചു വീഴ്ത്തിയിട്ടുണ്ട്, 1988 -ൽ. അന്ന് അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുതിർന്ന മിസൈൽ തകർത്തിട്ട ഇറാൻ എയർ ഫ്‌ളൈറ്റ് 655 -ൽ സഞ്ചരിച്ചുകൊണ്ടിരുന്ന 290 പേർക്കാണ് ജീവൻ നഷ്ടമായത്. 

ഇതുപോലെ ചരിത്രത്തിൽ ഇടം പിടിച്ച ചില 'അബദ്ധ' വെടിവെച്ചിടലുകളെപ്പറ്റി...

1. ലിബിയൻ അറബ് എയർലൈൻസ്  ഫ്‌ളൈറ്റ് 114 - 21 ഫെബ്രുവരി, 1973 )

ട്രിപ്പോളിയിൽ നിന്ന് ബംഗാസി വഴി കെയ്‌റോയ്ക്ക് പറന്നുപൊയ്ക്കൊണ്ടിരുന്ന ഈ വിമാനം,  ഇസ്രായേലി പോർ വിമാനങ്ങളാണ് വെടിവെച്ചുവീഴ്ത്തിയത്. വെടികൊണ്ട് സിനായി മരുഭൂമിയിലേക്ക് മൂക്കുംകുത്തി വീണ ഈ യാത്രാ വിമാനത്തിൽ അന്ന് സഞ്ചരിച്ചുകൊണ്ടിരുന്ന 100 യാത്രക്കാരും മരിച്ചു. ഈ വിമാനം അതിന്റെ വ്യോമയാത്രാപഥത്തിൽ നിന്ന് നൂറുമൈലോളം വ്യതിചലിച്ചു പോയി എന്നാണ് വ്യോമയാന വിദഗ്ദ്ധർ പറഞ്ഞത്. തങ്ങളുടെ ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന വ്യോമപാതയിലേക്ക് അനുവാദമില്ലാതെ ലിബിയൻ വിമാനം കടന്നുകയറി എന്നും, പിന്തുടർന്ന് ലാൻഡ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികരിക്കാതെ യാത്ര തുടർന്നു എന്നുമാണ് ഇസ്രായേലി വ്യോമസേന പറഞ്ഞത്. അന്നത്തെ ക്രാഷിനെ അതിജീവിച്ച കോ പൈലറ്റ്, ഇസ്രയേലിന്റെ ഈ അവകാശവാദത്തെ അംഗീകരിക്കുന്നു. ഇസ്രായേലി പോർവിമാനങ്ങൾ ലാൻഡ് ചെയ്യാൻ നിർദേശിച്ചപ്പോൾ അങ്ങനെ ചെയ്യാതിരുന്നത് ലിബിയയും ഇസ്രായേലും തമ്മിലുള്ള വഷളായിക്കഴിഞ്ഞിരുന്ന ബന്ധം കാരണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അന്ന് ലിബിയയും ഇസ്രായേലും തമ്മിൽ ഒരു യുദ്ധം ഏതുനിമിഷവും സംഭവിക്കാവുന്ന അവസ്ഥയിൽ ആയിരുന്നതാണ് ഇങ്ങനെ ഒരു അക്രമണത്തിലേക്ക് ഇസ്രായേലിനെ നയിച്ചത്. 

 

2. കൊറിയൻ എയർലൈൻസ് ഫ്‌ളൈറ്റ് 007 - സെപ്റ്റംബർ 1, 1983 

അത് ശീതയുദ്ധം മുറുകിനിന്ന കാലമായിരുന്നു. സോവിയറ്റ് ഫൈറ്റർ വിമാനങ്ങളിൽ ഒന്നായിരുന്നു കൊറിയയുടെ ഈ വിമാനം തകർത്തിട്ടത്. ന്യൂയോർക്കിൽ നിന്ന് അലാസ്ക വഴി സിയോളിലേക്ക് പോയ്ക്കൊണ്ടിരുന്ന ഒരു പാസഞ്ചർ ജെറ്റ് വിമാനമായിരുന്നു അത്. അതിൽ യാത്ര ചെയ്തിരുന്ന, അമേരിക്കൻ കോൺഗ്രസ്മാൻ ലാറി മക്‌ഡൊണാൾഡ് അടക്കമുള്ള 269 പേരും, ഈ ആക്രമണത്തിൽ മരണപ്പെട്ടു. മോൺറോൺ ദ്വീപിനും സാഖാലിനും ഇടയിലായിരുന്നു ആക്രമണം. വിമാനം തകർന്നുവീണത് ജപ്പാൻ കടലിലാണ്. ആ വിമാനം ഒരു ചാരവിമാനമായിരുന്നു എന്നാണ് സോവിയറ്റ് യൂണിയൻ അവസാനം വരെ വാദിച്ചത്. 

3. ഇറാൻ എയർ 655 - ജൂലൈ 3 ,1988 

ഇറാൻ ഇറാഖ് യുദ്ധം നടക്കുന്ന കാലം. 'ഓപ്പറേഷൻ പച്ചക്കുതിര'യിൽ അമേരിക്കയും ഇറാനും തമ്മിൽ ഒന്നുരസിയിട്ടിരിക്കുന്ന സമയം. അമേരിക്കൻ യുദ്ധക്കപ്പൽ യുഎസ്എസ് വിൻസെൻസ് ഇറാന്റെ ഒരു എണ്ണക്കിണർ ആക്രമിച്ചതിൽ തുടങ്ങിയ നാവികയുദ്ധം പേർഷ്യൻ കടലിൽ നടന്നുകൊണ്ടിരിക്കുന്നു. ആ സമയത്ത് ഇറാനിലെ ബന്ദർ എ അബ്ബാസിൽ നിന്ന് ദുബായിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിമാനം, ഹോർമുസ് കടലിടുക്കിനു മുകളിലൂടെ കടന്നുപോകവേ, അത് അമേരിക്കൻ യുദ്ധക്കപ്പലിന് ഒരു ഇറാനിയൻ പോർവിമാനം പോലെ തോന്നിച്ചു. എട്ടു വർഷത്തിന് ശേഷം അമേരിക്ക തങ്ങൾക്ക് പറ്റിയ തെറ്റ് അംഗീകരിക്കുകയും അപകടത്തിൽ മരിച്ച 290 പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തയ്യാറാണ് എന്നറിയിക്കുകയും ചെയ്തു. 

4. മലേഷ്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 17 - ജൂലൈ 17,1988 

ഇത്തവണ വീണ്ടും യുക്രെയിനായിരുന്നു പശ്ചാത്തലം. റഷ്യൻ മേഖലയിൽ സൈനിക സംഘർഷം നടക്കുന്ന കാലത്ത്, കിഴക്കൻ യുക്രെയിനിലെ ഡോണെറ്റ്സ്ക് പ്രവിശ്യയുടെ പറന്നുകൊണ്ടിരുന്ന വിമാനം, റഷ്യൻ വിമതരാണ് വെടിവെച്ചു വീഴ്ത്തിയത്. അന്ന്, അവിടെ തകർന്നുവീണ ഈ വിമാനത്തിൽ സഞ്ചരിച്ചിരുന്ന 298 യാത്രക്കാരും കൊല്ലപ്പെട്ടു. അന്ന് റഷ്യ ഈ ആക്രമണത്തിന് കാരണക്കാരെന്നു സംശയിക്കുന്ന നാല് പേരെ വിചാരണ ചെയ്യും എന്നറിയിച്ചിരുന്നു. 

5. റഷ്യൻ സിബിർ ടപ്പോലെവ് 154 - ഒക്ടോബർ 4 , 2001 

ഈ അപകടത്തിൽ മരിച്ച  78 പേരിൽ ഭൂരിഭാഗവും ഇസ്രായേലി പൗരന്മാർ ആയിരുന്നു. ക്രിമിയൻ തീരത്തു നിന്ന് 300 കിലോമീറ്റർ അകലെ വെച്ചാണ് ഈ അപകടം നടന്നത്. അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ യുക്രെയിൻ അത് തങ്ങളുടെ ഒരു മിസൈൽ അബദ്ധവശാൽ തൊടുത്തുവിട്ടതുകൊണ്ട് സംഭവിച്ചതാണ് എന്ന കുറ്റസമ്മതം നടത്തി