Asianet News Malayalam

മകൻ മന്ത്രി, എങ്കിലും പാടത്ത് പണിയെടുത്ത് ജീവിക്കാനാണിഷ്ടമെന്ന് ഈ മാതാപിതാക്കൾ, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

പാടത്ത് പണിയെടുക്കുമ്പോഴാണ് മകൻ മന്ത്രിയായ വാർത്ത അവർ അറിയുന്നത്. പിന്നീട്  മുരുകൻ ഫോണിലൂടെ അവരെ ബന്ധപ്പെട്ടു. തങ്ങൾ മകന്റെ ഉയർച്ചക്കായി ഒന്നും ചെയ്തിട്ടില്ലെന്നും, അവനെക്കുറിച്ചോർക്കുമ്പോൾ അഭിമാനം മാത്രമാമാണെന്നും മുരുകന്റെ അമ്മ പറഞ്ഞു. 

independent parents of minister l murugan
Author
Tamil Nadu, First Published Jul 19, 2021, 12:14 PM IST
  • Facebook
  • Twitter
  • Whatsapp

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ രൂപീകരിച്ച മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളുണ്ടായിരുന്നു. അതിൽ ബിജെപി തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റ് എൽ. മുരുകനും ഉൾപ്പെടുന്നു. അദ്ദേഹം ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിയാണ്. മുരുകൻ ഇപ്പോൾ ഡൽഹിലേയ്ക്ക് മാറിയെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കൾ  ഇപ്പോഴും തമിഴ്നാട്ടിൽ തന്നെയാണ്. പാടത്തെ ചെളിയിലും ചേറിലും പകലന്തിവരെ പണിയെടുത്താണ് അവർ ഇന്നും കഴിയുന്നത്. മകന്റെ ഈ ഉയർച്ചയിൽ സ്വയം മതിമറക്കാനോ, അഹങ്കരിക്കാനോ ഒന്നും അവരില്ല. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആരോഗ്യമുള്ളിടത്തോളം കാലം ആരെയും ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാനാണ് ആ മാതാപിതാക്കൾ താൽപര്യപ്പെടുന്നത്.      

44 -കാരനായ മുരുകന്റെ മാതാപിതാക്കൾ, ലോകനാഥനും വരുദമ്മാളും തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ കോനൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്. വരുദമ്മാളിന് 59 വയസ്സും, ലോകനാഥന് 68 -ഉം വയസ്സാണ്. പാടത്ത് ദിവസക്കൂലിക്കാണ് അവർ ജോലി ചെയ്യുന്നത്. മകൻ നിരവധി തവണ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, അവർ അതിന് കൂട്ടാക്കിയില്ല.  

ഇളയ മകൻ മരിച്ചതിന് ശേഷം മകന്റെ ഭാര്യയെയും, മക്കളെയും നോക്കുന്നതും ഈ മാതാപിതാക്കൾ തന്നെയാണ്. പാടത്ത് പണിയെടുക്കുമ്പോഴാണ് മകൻ മന്ത്രിയായ വാർത്ത അവർ അറിയുന്നത്. പിന്നീട്  മുരുകൻ ഫോണിലൂടെ അവരെ ബന്ധപ്പെട്ടു. തങ്ങൾ മകന്റെ ഉയർച്ചക്കായി ഒന്നും ചെയ്തിട്ടില്ലെന്നും, അവനെക്കുറിച്ചോർക്കുമ്പോൾ അഭിമാനം മാത്രമാമാണെന്നും മുരുകന്റെ അമ്മ പറഞ്ഞു. സ്വന്തം അധ്വാനം കൊണ്ടാണ് മകൻ ഈ നിലയിലെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. അഭിഭാഷകനായ മുരുകൻ, ചെന്നൈയിലെ ഡോ. അംബേദ്കർ ലോ കോളേജിലാണ് നിയമപഠനം നടത്തിയത്. 

സംസ്ഥാന സർക്കാർ ദുരിതാശ്വായ കിറ്റുകൾ വിതരണം ചെയ്‍തപ്പോൾ അത് വാങ്ങാൻ റേഷൻ കടയ്ക്ക് മുന്നിൽ മുരുകന്റെ അച്ഛൻ മണിക്കൂറുകളോളം നേരം ക്യൂ നിന്നത് നാട്ടുകരനായ വാസു ഓർക്കുന്നു. "ക്യൂവിലൊന്നും നിൽക്കണ്ടെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞതാണ്. എന്നാലും, അദ്ദേഹം അത് കേട്ടില്ല" വാസു പറഞ്ഞു. ഒരു പക്ഷേ മനസ്സ് വച്ചാൽ നല്ലൊരു ജോലി എളുപ്പത്തിൽ നേടിയെടുക്കാമെങ്കിലും, അവർ മകനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. മകൻ ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന നേതാവായപ്പോഴും, ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഉയർന്നപ്പോഴും അവരുടെ മനോഭാവത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴും കർഷകരായി അവർ മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നു. അവരുടെ വാർത്ത ഇൻറർനെറ്റിൽ വൈറലായതയോടെ രാജ്യമെമ്പാടുമുള്ള ആളുകളിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios