ഭാരതത്തിൽ കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ദിവസേന വർധിച്ചു വരികയാണ്. രോഗം ബാധിക്കുന്നവരുടെയും, മരണത്തിനു കീഴടങ്ങുന്നവരുടെയും ആഗോളകണക്കുകളും പ്രതിദിനം ഏറി വരികയാണ്. എന്നാൽ, എല്ലാ രാജ്യങ്ങളുടെയും രോഗബാധാ നിരക്കും, മരണനിരക്കും ഒരുപോലെയല്ല. ഉദാ. ഇന്ത്യയിൽ 100 കൊവിഡ് പോസിറ്റീവ് കേസ് എന്നതിൽ നിന്ന് 1000 കേസ് നാഴികക്കല്ലിലേക്കെത്താൻ എടുത്തത് 15 ദിവസമാണ്. ഇത് ലോകത്തിൽ തന്നെ പോസിറ്റീവ് കേസുകളുടെ എണ്ണത്തിലെ ഏറ്റവും മന്ദഗതിയിലുള്ള വർധനവാണ്. 1000 കേസ് തികയുന്നതുവരെ ഇന്ത്യക്ക് കൊറോണാ പ്രതിരോധത്തിന്റെ കാര്യത്തിൽ പ്രതീക്ഷ പകരുന്ന വാർത്തകളായിരുന്നു രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വന്നുകൊണ്ടിരുന്നത്. എന്നാൽ, 5000 കേസുകൾ എന്ന പുതിയ നാഴികക്കല്ല് കടക്കുന്ന വേളയിൽ, ഇന്ത്യയുടെ പ്രകടനം ഒട്ടും പ്രതീക്ഷ പകരുന്നതല്ല എന്ന നിലയിലേക്ക് മാറിമറിഞ്ഞു കഴിഞ്ഞു.

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം, ഏപ്രിൽ എട്ടാം തീയതി വരെ കൊവിഡ് സംക്രമിതരുടെ എണ്ണം 5200 കടന്നിട്ടുണ്ട്. കോവിഡ് ബാധയെപ്പറ്റിയുള്ള ലോകാരോഗ്യ സംഘടനാ പുറത്തുവിട്ട കണക്കുകൾ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യാ ടുഡേയുടെ ഡാറ്റാ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പഠനങ്ങളുടെ കണ്ടെത്തലുകളാണ് സാഹചര്യം ഏറെ ഗുരുതരമാണ് എന്ന സൂചനകൾ നൽകുന്നത്. 1000  -ൽ നിന്ന് 5000 -ലെത്താൻ ഇന്ത്യക്ക് വേണ്ടി വന്നത് വെറും ഒമ്പതു ദിവസമാണ്. അതായത് ഒമ്പതു ദിവസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായത് അഞ്ചിരട്ടി വർധനവാണ്. കൊവിഡ് പോസിറ്റീവ് കേസുകൾ തികയ്ക്കുന്നതിടെ ഇന്ത്യയിൽ മരിച്ചിട്ടുള്ളത് 149 രോഗികളാണ്. ഇക്കാര്യത്തിൽ ഇന്ത്യ ലോകത്തിൽ എട്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള സ്വീഡനിൽ 5000 കേസിനിടെ മരിച്ചത് 282 പേരാണ്. രണ്ടാമതുള്ള നെതർലാൻഡ്സിൽ മരിച്ചത് 276 പേരും. ഇറ്റലി (234), യുകെ (233), ബെൽജിയം (220), ഡെന്മാർക്ക് (203)  ബ്രസീൽ (207) എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് മുകളിലായി ഈ കണക്കിൽ ഉള്ളത്. ഇന്ത്യക്ക് താഴെ ഫ്രാൻസ് (148), ഇറാൻ (145), സ്‌പെയിൻ (136), ചൈന (132), അമേരിക്ക (100) എന്നീ രാജ്യങ്ങളും. ഇക്കാര്യത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ജർമനിയാണ്. അവിടെ 5000 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ മരിച്ചത് വെറും 13 പേർ മാത്രമാണ്. 

 

 

ഏപ്രിൽ എട്ടാം തീയതിയോടെ 5000 പോസിറ്റീവ് കേസുകൾ പിന്നിട്ട 27 ലോകരാഷ്ട്രങ്ങളുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇന്ത്യക്കൊപ്പം 1000 കേസുകൾ പിന്നിട്ട 42 രാജ്യങ്ങൾ ഉണ്ടായിരുന്നു എന്നതാണ്.  1000 -ൽ നിന്ന് 5000 വരെ എത്താൻ ഏറ്റവും കുറച്ചു സമയം എടുത്ത രാജ്യം ചൈനയാണ്. അവർ ആ നാഴികക്കല്ല് പിന്നിടാൻ എടുത്തത് വെറും നാലേ നാല് ദിവസങ്ങളാണ്. 1000 -ൽ നിന്ന് 5000 വരെ എത്താൻ ഒരാഴ്ചയിൽ കുറവ് സമയമെടുത്ത വേറെയും നാലു രാജ്യങ്ങളുണ്ട്. സ്‌പെയിൻ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഈ ചാട്ടം ചാടിയത് അഞ്ചു ദിവസം കൊണ്ടാണ്. അമേരിക്ക ആറു ദിവസം കൊണ്ടും. ഇന്ത്യയടക്കം 13 രാജ്യങ്ങൾ ഇതിനെടുത്തത് 7 -10 ദിവസങ്ങളാണ്. കൊറോണ സംഹാരതാണ്ഡവമാടിയ ഇറ്റലി ഈ വർദ്ധനവിന് എടുത്തത് ഏഴു ദിവസമാണ്. യുകെ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളും ഇതിനെടുത്തത് ഏഴുദിവസങ്ങളാണ്. ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ എട്ടു ദിവസമെടുത്തു. നൂറിൽ നിന്ന് 1000 കേസുകളാകാൻ ഏറ്റവും അധികം സമയമെടുത്ത് ജപ്പാനാണ്. 29 ദിവസം. ഇപ്പോൾ ജപ്പാനിൽ 4200 കേസുകൾ ഉണ്ടെങ്കിലും ഇതുവരെ ലോക്ക് ഡൗൺ പ്രഖ്യാപനമൊന്നും വന്നിട്ടില്ല. 

കേസുകളുടെ എണ്ണം 100 -ൽ നിന്ന് 1000 -ലെത്തുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് മേൽ ഉണ്ടായിരുന്ന മേൽക്കൈ ഇന്ത്യ 1000 -ൽ നിന്ന് 5000 -ലേക്കുള്ള ചട്ടത്തിൽ നഷ്ടപ്പെടുത്തി എന്നുള്ളത് വല്ലാത്ത ഒരു ആശങ്കയാണ് ആരോഗ്യപ്രവർത്തകരിൽ സൃഷ്ടിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിലെങ്കിലും കാര്യങ്ങൾ നിയന്ത്രണാധീനമാക്കാനുള്ള പരിശ്രമത്തിലാണ് അവർ.