ലോകത്തെ പ്രളയത്തില്‍ മുക്കാനും വരള്‍ച്ചയില്‍ കുരുക്കാനും കെല്‍പ്പുള്ള ഈ കാലാവസ്ഥാ പ്രതിഭാസത്തിന് ഇത്തവണ കടുപ്പം കൂടുതലാവുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കരിച്ചു കളയാനുള്ള കരുത്തുമായി വീണ്ടുമൊരു എല്‍നിനോ വരുന്നെന്ന് മുന്നറിയിപ്പ്. ലോകത്തെ പ്രളയത്തില്‍ മുക്കാനും വരള്‍ച്ചയില്‍ കുരുക്കാനും കെല്‍പ്പുള്ള ഈ കാലാവസ്ഥാ പ്രതിഭാസത്തിന് ഇത്തവണ കടുപ്പം കൂടുതലാവുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എല്‍നിനോ. എന്നാല്‍ ഈ വര്‍ഷത്തെ എല്‍ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നാണ് പ്രവചനം. അതിനു കാരണം ക്ലൈമറ്റ് ചേഞ്ചാണ്, അഥവാ കാലാവസ്ഥാ വ്യതിയാനം. മനുഷ്യന്റെ കണ്ണും മൂക്കുമില്ലാത്ത ഇടപെടലുകളാണ് ഇവിടെ യഥാര്‍ത്ഥ വില്ലന്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ലോകത്തെ കരിച്ചുകളയുന്ന അതേ സമയത്തുണ്ടാവുന്ന എല്‍നിനോ മാരകമാവാനാണ് സാധ്യത.

ഇത് മനസ്സിലാവണമെങ്കില്‍, ആദ്യം എല്‍നിനോ എന്താണ് എന്ന് മനസ്സിലാക്കണം.

ഭൂമിയുടെ ഒരു ഭാഗത്ത് വെള്ളപ്പൊക്കവും മറുഭാഗത്ത് കടുത്ത വരള്‍ച്ചയും ഉണ്ടാക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് എല്‍ നിനോ. പസഫിക് സമുദ്ര ജലത്തിന്റെ താപനിലയില്‍ ഉണ്ടാകുന്ന അസാധാരണമായ വര്‍ദ്ധനവാണ് ഇതിന് കാരണം. സ്പാനിഷ് ഭാഷയില്‍ 'കുട്ടി', പ്രത്യേകിച്ച് ഉണ്ണിയേശു എന്നാണ് എല്‍നിനോ എന്ന വാക്കിന്റെ അര്‍ത്ഥം. ക്രിസ്മസ് സമയത്ത് സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ കണ്ടുതുടങ്ങുന്നത് കൊണ്ടാണ് ഈ പേര് വന്നത്.

എല്‍ നിനോ ഒരസാധാരണ പ്രതിഭാസമാണ്. അതറിയാന്‍ സാധാരണ അവസ്ഥ എന്താണെന്ന് മനസ്സിലാക്കണം. സാധാരണയായി പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റ് ഉപരിതലത്തിലെ ചൂടുവെള്ളത്തെ ഏഷ്യയുടെയും ഓസ്ട്രേലിയയുടെയും ഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. തുടര്‍ന്ന്, സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ അടിത്തട്ടിലുള്ള തണുത്ത ജലം മുകളിലേക്ക് ഉയര്‍ന്നു വരും.

ഇനി എല്‍നിനോ എങ്ങനെ വ്യത്യസ്തമാവുന്നു എന്നു നോക്കാം. നേരത്തെ പറഞ്ഞ പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റില്ലേ, എല്‍ നിനോ വന്നാല്‍ അതിന്റെ വേഗത കുറയും. ചിലപ്പോള്‍ നിന്നുപോവും. അങ്ങനെ വന്നാല്‍ പടിഞ്ഞാറോട്ട് പോകേണ്ട ചൂടുവെള്ളം പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും സൗത്ത് അമേരിക്കന്‍ തീരങ്ങളിലും കെട്ടിക്കിടന്ന് ചൂടുപിടിക്കുന്നു.

ഈ ചൂടുപിടിക്കല്‍ ആഗോളതലത്തില്‍ വായുസഞ്ചാരത്തെ ബാധിക്കും. മേഘങ്ങളുണ്ടാവുന്നത് തടസ്സപ്പെടും. രണ്ട് തരത്തിലാണ് ഇത് ലോകത്തെ ബാധിക്കുക. ഒന്ന്, അതിരൂക്ഷമായ വരള്‍ച്ചയുണ്ടാവും. ഇന്ത്യ, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മഴ കുറയും. കടുത്ത വരള്‍ച്ചയും ചൂടുമുണ്ടാവും. രണ്ടാമത്തെ സാധ്യത പ്രളയവും പെരുമഴയുമാണ്. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ പെറു, ഇക്വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും കനത്ത മഴയും പ്രളയവുമുണ്ടാകും.

എല്‍ നിനോ വന്നാല്‍, കട്ടപ്പണി കിട്ടുന്ന ഒരു രാജ്യം ഇന്ത്യയാണ്. കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകും. കടുത്ത വേനലും ചൂടും വരള്‍ച്ചയും വരും. കുടിവെള്ളം കിട്ടാതാവും. കൃഷി തകരും.

50 വര്‍ഷത്തിനിടെ ഉണ്ടായ ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങള്‍ ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം, ഇത് 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നാണ് പ്രവചനങ്ങള്‍.

1982-83 കാലഘട്ടത്തില്‍ എന്‍നിനോ കാരണം തെക്കന്‍ ബ്രസീലില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. 1997-98-ല്‍ കൊളംബിയയില്‍ വരള്‍ച്ചയുണ്ടായി. 2015-16-ല്‍ ആമസോണ്‍ മേഖലയില്‍ കാട്ടുതീ. 2023-24-ല്‍ ഉണ്ടായ എല്‍ നിനോ ആമസോണ്‍ തടത്തിലെ നദികളെ വറ്റിച്ചുകളഞ്ഞു. ബ്രസീലിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ വമ്പന്‍ പ്രളയമുണ്ടായി. അഞ്ചുലക്ഷത്തോളം മനുഷ്യര്‍ക്ക് വീടില്ലാതായി.

ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്. ഇതിനെ ഇത്രയും നാടകീയമാക്കുന്നത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ്. മനുഷ്യന്റെ പ്രകൃതി ചൂഷണം. അതിനാലുണ്ടായ കാലാവസ്ഥാ വ്യതിയാനം. ഫോസില്‍ ഇന്ധനങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം. ഇതെല്ലാം ഒത്തുവരുമ്പോള്‍, ഇത്തവണ എല്‍നിനോ വില്ലനാവുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ ക്ലൈമറ്റ് സയന്‍സ് പ്രൊഫസറായ ഫ്രെഡറിക് ഓട്ടോ പറയുന്നത്.