Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ സുഹൃത്തായിരുന്ന അയല്‍രാജ്യം, നേപ്പാള്‍ ഇപ്പോഴെന്താണ് ഇങ്ങനെ?

ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ കാളി നദിക്കു കിഴക്കുവശമുള്ള കാലാപാനി, ലിമ്പിയാധുര, ലിപുലേഖ് പ്രദേശങ്ങൾ നേപ്പാളിൻറ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ രാഷ്ട്രീയഭൂപടത്തിന് നേപ്പാളിലെ കെ.പി. കോലിയുടെ കമ്യൂണിസ്റ്റ് മന്ത്രിസഭ അംഗീകാരം നൽകിയത് ചൈനീസ് പിന്തുണയുള്ളതു കൊണ്ടാണെന്നു മനസിലാക്കാൻ പാഴൂർ പടിവരെ പോവേണ്ടതില്ല.

India nepal map issue and china santhosh mathew writes
Author
Thiruvananthapuram, First Published Jun 15, 2020, 2:43 PM IST

'രക്തം തരാം, ജീവൻ തരാം, തരില്ലൊരിത്തിരി ഭാരതമണ്ണും' ഇതായിരുന്നു കാലാകാലങ്ങളിൽ ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ മുദ്രാവാക്യം. 'അയൽരാജ്യങ്ങൾക്ക്  പ്രഥമപരിഗണന' എന്ന നയത്തിലൂടെ മോദി സർക്കാർ തുടക്കത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് അയല്‍വക്കക്കാരെ അടുപ്പിച്ചു നിർത്തുക എന്നതായിരുന്നു. പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം 2014 -ൽത്തന്നെ അദ്ദേഹം ആദ്യം സന്ദർശിച്ചതും അയൽരാജ്യങ്ങളായ ഭൂട്ടാനും നേപ്പാളുമാണ്. ഇന്ത്യയുടെ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാൾ പാർലമെന്‍റിന്‍റെ അധോസഭ ജൂൺ 13 ശനിയാഴ്ച അംഗീകാരം നൽകിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. 

India nepal map issue and china santhosh mathew writes

ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. മാനസസരോവർ തീർഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമിച്ചതിലാണ് നേപ്പാളിന് ഇപ്പോൾ വലിയ പ്രതിഷേധം തോന്നിത്തുടങ്ങിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. തുടർനടപടികള്‍ക്കായി ബില്‍ ദേശീയ അസംബ്ലിയിലേക്ക് അയച്ചിരിക്കുകയാണിപ്പോൾ. 

തര്‍ക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യൻ നിലപാട്. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതായി ചിത്രീകരിച്ചുകൊണ്ട് നേപ്പാൾ ഭൂപടമിറക്കിയതിൽ ഇന്ത്യ കടുത്തരോഷം പ്രകടിപ്പിച്ചു. നേപ്പാളിന്‍റേത് നീതീകരിക്കാനാവാത്ത അവകാശവാദവുമാണ്. ലിംപിയധുരയും കാലാപാനിയും തന്ത്രപ്രധാനമേഖലകളായാണ് നേപ്പാൾ കാണുന്നത്. 1962 -ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം മേഖല നിയന്ത്രിക്കുന്നത് ഇന്തോ ടിബറ്റൻ അതിർത്തി സേനയാണ്. മേയ് എട്ടിന് ഉത്തരാഖണ്ഡിലെ ലിപുലേഖിനെ ചൈനയിലെ കൈലാസ് മാനസസരോവറിലേക്കുള്ള വഴിയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ് ഉദ്ഘാടനം ചെയ്‍തതാണ് നേപ്പാളിനെ ഇപ്പോൾ പ്രകോപിപ്പിച്ചിരിക്കുന്നത്. പൂർണമായും ഇന്ത്യൻ അതിർത്തിയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. 

എന്നാൽ 1814-16- ലെ ഗൂർഖായുദ്ധം അവസാനിപ്പിച്ച് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും ഒപ്പിട്ട സിഗൗലി കരാർ ഉയർത്തിയാണ് മേഖലയിൽ നേപ്പാൾ ഇപ്പോൾ അവകാശമുന്നയിക്കുന്നത്. 1870 -കളിലെ ബ്രിട്ടീഷ് സർവേ രേഖകളിലും 1879 -ലെ ഭൂപടത്തിലും കാലാപാനി അടക്കമുള്ള മേഖലകൾ ഇന്ത്യയുടേതായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ പ്രദേശം ഇന്ത്യയുടേതാണെന്ന് വ്യകതമാക്കുന്നുമുണ്ട്. ഈ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തി പുതിയ രാഷ്ട്രീയഭൂപടത്തിന് നേരത്തേ നേപ്പാൾ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ചുപിടിക്കാൻ നയതന്ത്രചർച്ചകൾ നടത്തുമെന്നാണ് പ്രധാനമന്ത്രി കെ.പി. ശർമ ഒലി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വിഷയം തേഞ്ഞുമാഞ്ഞുപോകാൻ അനുവദിക്കില്ലെന്നും മേഖലയിലെ അവകാശം  ഉറപ്പിക്കുകതന്നെ ചെയ്യുമെന്നും പാർലമെന്‍റിൽ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പുതിയ ഭൂപടം ഔദ്യോഗികമായി സ്വീകരിക്കുന്നതിനായി ഭരണഘടന ഭേദഗതിചെയ്യുമെന്നു കൂടി പറഞ്ഞത് ബന്ധങ്ങൾ നന്നേ വഷളാക്കിയിരിക്കുകയാണ്. 

ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ കാളി നദിക്കു കിഴക്കുവശമുള്ള കാലാപാനി, ലിമ്പിയാധുര, ലിപുലേഖ് പ്രദേശങ്ങൾ നേപ്പാളിൻറ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ രാഷ്ട്രീയഭൂപടത്തിന് നേപ്പാളിലെ കെ.പി. കോലിയുടെ കമ്യൂണിസ്റ്റ് മന്ത്രിസഭ അംഗീകാരം നൽകിയത് ചൈനീസ് പിന്തുണയുള്ളതു കൊണ്ടാണെന്നു മനസിലാക്കാൻ പാഴൂർ പടിവരെ പോവേണ്ടതില്ല.

ഇതിനും പുറമെ നേപ്പാളിൽ കൊവിഡ് പടർത്തുന്നത് ഇന്ത്യയാണെന്ന പ്രസ്‍താവനയും നേപ്പാൾ പ്രധാനമന്ത്രി നടത്തിയിരിക്കുകയാണ്. ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ ഇന്ത്യൻ വൈറസ് മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. 'ഇന്ത്യയിൽ നിന്ന് നിയമവിരുദ്ധ മാർഗങ്ങള്‍ വഴി രാജ്യത്തേക്കു കടക്കുന്നവരിലൂടെ വൈറസ് പടരുന്നുണ്ട്. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയിൽ നിന്ന് ആളുകളെ എത്തിക്കുന്നതിൽ ചില പ്രാദേശിക പ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട് എന്നാണ് നേപ്പാൾ പ്രധാനമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്. എന്നാൽ, അദ്ദേഹം വിസ്‍മരിച്ച ഒരു കാര്യമുണ്ട്, ഇന്ത്യയിൽ അറുപതുലക്ഷത്തിനുമേൽ നേപ്പാളി അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്!

ഇന്ത്യയുടെ സഹോദര രാജ്യമായ നേപ്പാൾ പോലും ഇന്ത്യയെ അപമാനിക്കുന്നു എങ്കിൽ അതിനു കാരണം ചൈനയല്ലാതെ മറ്റാരുമല്ല എന്നതാണ് രസകരം. ഇറാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നും ഇതുപോലെ പ്രതീക്ഷിക്കാം. കാരണ ഇന്ത്യയുടെ ഈ അയൽരാജ്യങ്ങൾ ഏതെങ്കിലുമൊക്കെ തരത്തിൽ ചൈനയുടെ സ്വാധീനത്തിൽ പെട്ടുകിടക്കുന്ന രാജ്യങ്ങളാണ്.

India’s leadership and the Indian people have been conscious of the self-respect and pride of the Nepalese people. ജവഹർലാൽ നെഹ്‌റു തന്റെ ഡിസ്‌കവറി ഓഫ്  ഇന്ത്യ, ഗ്ലിമ്പസ്സ് ഓഫ്  വേൾഡ്  ഹിസ്റ്ററി എന്നീ പുസ്‍തകങ്ങളിൽ സമർത്ഥിക്കുന്നത് ദക്ഷിണേഷ്യയിലെ കോളനി വല്‍ക്കരണത്തിന് ഒരിക്കലും വിധേയമാകാത്ത ഒരേഒരു രാജ്യം നേപ്പാൾ മാത്രമാണെന്നാണ്. 1948-49 കാലഘട്ടത്തിൽ നേപ്പാളീ സൈന്യം ഇന്ത്യൻ സുരക്ഷയ്ക്കായെത്തിയതും ചരിത്രമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഒരേഒരു തവണ മാത്രമേ വിദേശ സൈന്യം സഹായത്തിനെത്തിയിട്ടുള്ളൂ. ശാരദ ഷംഷേർ ജങ്  ബഹാദൂർ റാണ നേതൃത്വം കൊടുത്ത നേപ്പാളി സൈന്യമാണ് ജമ്മുകാശ്‍മീരിനെയും ഹൈദരാബാദിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ അക്ഷീണം പ്രയത്‌നിച്ചതെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. അത്രമേൽ ശക്തമായിരുന്ന ഒരു അയൽപക്ക ബന്ധത്തിനാണ് ഇപ്പോൾ ഉലച്ചിൽ തട്ടിയിരിക്കുന്നത്.

ഇന്ത്യക്ക് പതിനാലുലക്ഷം പട്ടാളക്കാരുണ്ട്. നേപ്പാളിനാകട്ടെ വെറും തൊണ്ണൂറ്റിയാറായിരം പേർ മാത്രം. വലുപ്പത്തിൽ ഇന്ത്യൻ മിലിട്ടറിയാണ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത്. നേപ്പാൾ ആദ്യ നൂറിൽ പോലുമില്ല. ലോകത്തെ മൂന്നാമത്തെ വലിയ പ്രതിരോധ ബജറ്റാണ് ഇന്ത്യയുടേത്. നേപ്പാളിന്‍റേത് നൂറ്റിപ്പത്താം സ്ഥാനത്തും. ഗ്ലോബൽ ഫയർ പവർ റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനത്ത്. നേപ്പാൾ 122 -ാം സ്ഥാനത്തും. വലുപ്പത്തിൽ ഇന്ത്യയുടെ അഞ്ചു ശതമാനം പോലുമില്ല നേപ്പാളിന്‌. ജനസംഖ്യയിൽ രണ്ടു നേപ്പാളികളെ നേരിടാൻ ഇരുപത്തിയേഴ് ഇന്ത്യക്കാരുണ്ട്. ഇന്ത്യ 135 കോടിയും, നേപ്പാൾ 2.8 കോടി മാത്രവും.

കേരളത്തിലെ ജനസംഖ്യ പോലുമില്ല നേപ്പാളിന്‌. ആയുധങ്ങൾക്ക് ഇന്ത്യയുടെ സഹായം തേടുന്ന രാജ്യവുമാണ് നേപ്പാൾ. ദരിദ്രരാജ്യമാണ്. എക്കാലത്തും ഇന്ത്യയുടെ നല്ല സുഹൃത്ത് അയൽരാജ്യമായിരുന്നു നേപ്പാൾ. ആ നേപ്പാളാണ് ഇന്ത്യൻ ഭൂമി വെട്ടിപ്പിടിച്ച്, രാജ്യം വികസിപ്പിച്ച്, പുതിയ മാപ്പുണ്ടാക്കിയത്. ദേശനയത്തിൽ ഏറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും അയൽപക്ക ബന്ധങ്ങളിൽ. നേപ്പാൾ എന്ന സുഹൃത്തിനെയും ചൈന തട്ടിയെടുത്തിരിക്കുന്നു. ഇനി ഭൂട്ടാൻ മാത്രമാണ് അയൽപക്കത്തുള്ള നമ്മുടെ ഏക സുഹൃത്ത്. അതും ചൈനീസ് വ്യാളി തട്ടിയെടുക്കുമോ?

Follow Us:
Download App:
  • android
  • ios