'അവളെ വല്ലാതെ വേദനിപ്പിച്ചു. ചെയ്ത തെറ്റ് അംഗീകരിക്കുന്നു. സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നു'- വിവാഹത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഇരുവരും വേർപിരിയർ പ്രഖ്യാപിച്ചത്

ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ൽ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യൽ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു. രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ് സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം മുൻപ് അഞ്ജലി ചക്രയും സുഫി മാലിക്കും നടത്തിയ ഫോട്ടോ ഷൂട്ടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളുണ്ടായി. എന്നാലിപ്പോള്‍ വിവാഹത്തിന് ആഴ്ചകള്‍ക്ക് മുൻപ് അവർ വേർപിരിയൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

അഞ്ജലിയും സുഫിയും ഇന്‍സ്റ്റഗ്രാമിലാണ് വേർപിരിയുന്നതായി അറിയിച്ചത്. സൂഫിയും താനും ഒരുമിച്ചുള്ള അഞ്ച് വർഷം സ്നേഹം നിറഞ്ഞതും മനോഹരവും ആയിരുന്നുവെന്ന് അഞ്ജലി കുറിച്ചു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും തങ്ങളുടെ യാത്രയിൽ ഒരു പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അഞ്ജലി അഭ്യുദയകാംക്ഷികളോട് പറഞ്ഞു. താനിനി പറയാൻ പോകുന്നത് നിങ്ങളിൽ ഞെട്ടലുണ്ടാക്കിയേക്കാം എന്നും അഞ്ജലി കുറിച്ചു. സൂഫിയുടെ വിശ്വാസ വഞ്ചനയെ തുടർന്ന് വിവാഹം വേണ്ടെന്ന് വയ്ക്കാനും ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചെന്നാണ് അഞ്ജലി പറഞ്ഞത്. സുഫിയോട് ഒരു തരത്തിലും മോശമായി പെരുമാറരുതെന്നും വിഷമകരമായ ഈ തീരുമാനത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ടാണ് അഞ്ജലി കുറിപ്പ് അവസാനിപ്പിച്ചത്.

അഞ്ജലിയുമായുള്ള വേർപിരിയലിനെ കുറിച്ച് സുഫിയും കുറിച്ചു. അഞ്ജലിയുമായുള്ള തൻ്റെ ബന്ധത്തിൽ വലിയൊരു വഴിത്തിരിവ് ഉണ്ടായിട്ടുണ്ടെന്നാണ് സുഫി പറഞ്ഞത്. വിവാഹത്തിന് ഏതാനും ആഴ്‌ചകൾ മുമ്പ് താനവളെ വഞ്ചിച്ചു. അവളെയത് വല്ലാതെ വേദനിപ്പിച്ചു. ചെയ്ത തെറ്റ് അംഗീകരിക്കുന്നു. സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നു. അഞ്ജലിയോടും അല്ലാഹുവിനോടും ക്ഷമ ചോദിക്കാൻ മാത്രമേ തനിക്ക് കഴിയൂ എന്നും സുഫി കുറിച്ചു. സ്നേഹിക്കുകയും കരുതലേകുകയും ചെയ്യുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും ഉൾപ്പെടെ താൻ വേദനിപ്പിച്ചു. ഈ വർഷങ്ങളിൽ പിന്തുണച്ച എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങളോടെല്ലാം കടപ്പെട്ടിരിക്കുന്നു. ഈ സമയത്ത് സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് പറഞ്ഞാണ് സുഫി കുറിപ്പ് അവസാനിപ്പിച്ചത്. 

ന്യൂയോർക്കിലും സാൻ ഫ്രാൻസിസ്കോയിലുമായി വെഡിങ് പ്ലാനിങ് മേഖലയിലാണ് അഞ്ജലി ജോലി ചെയ്യുന്നത്. ലൈഫ് സ്റ്റൈൽ, ട്രാവൽ കണ്ടന്‍റ് ക്രിയേറ്ററാണ് സുഫി. ന്യൂയോർക്കിലാണ് സുഫി താമസിക്കുന്നത്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ നിരവധി ഫോളേവേഴ്സുണ്ട്. വേർപിരിയൽ പ്രഖ്യാപനം ഒരു പ്രാങ്ക് ആണെന്നാണ് പലരും കരുതിയത്. എന്നാലിത് പ്രാങ്കല്ലെന്ന് അഞ്ജലി വ്യക്തമാക്കി. 

View post on Instagram
View post on Instagram