പൗരത്വ നിയമ ഭേദഗതി 2019 ഇക്കഴിഞ്ഞ ഡിസംബർ 12 -ന് നടപ്പിലായ അന്ന് മുതൽ ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഈ പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമാകുന്നുണ്ട്. ലാത്തിചാർജ്ജിലും വെടിവെപ്പിലും മറ്റുമായി ഇരുപതിലധികം പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. പ്രതിഷേധക്കാർ ഒന്നടങ്കം പറയുന്നത് ഈ നിയമത്തിലെ ഭേദഗതി വിവേചനപരമാണെന്നും ഭരണഘടനയുടെ അടിസ്ഥാന സങ്കല്പങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അത് പിൻവലിക്കണമെന്നാണ്. എന്തായാലും, ഈ നിയമഭേദഗതി വന്ന അന്ന് മുതൽ പല ചുരുക്കപ്പേരുകളും മാധ്യമങ്ങളിൽ കണ്ടുവരുന്നു CAB, CAA, NRC, NPR. ആകെ ജനം ആശയക്കുഴപ്പത്തിൽ ആയിട്ടുണ്ട്. പ്രശ്നമെന്തെന്നറിയാത്ത പലരും ഗൂഗിളിൽ 'ഇന്ത്യൻ പൗരത്വ നിയമം' എന്ന് സെർച്ച് ചെയ്ത് സംശയനിവാരണം വരുത്താൻ ശ്രമിക്കുന്നുണ്ട്.       

എന്താണ് ഈ പൗരത്വ നിയമം 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, ഇന്ത്യ ഒരു റിപ്പബ്ലിക് ആയി, അതിനൊരു ഭരണഘടനാ നിലവിൽ വന്ന ശേഷം  1955 -ലുണ്ടായ ഒരു നിയമമാണ് ഇത്. ഇതിൽ ഇന്ത്യയിൽ ഒരു വ്യക്തിക്ക് പൗരത്വം ലഭിക്കുന്നതിനെപ്പറ്റിയും, അത് നിലനിർത്തുന്നതിനെപ്പറ്റിയും, റദ്ദാക്കുന്നതിനെപ്പറ്റിയും ഒക്കെയുള്ള നിയമങ്ങൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഈ നിയമപ്രകാരം ഇന്ത്യൻ പൗരനായിരിക്കുന്ന ഒരാൾക്ക് മറ്റൊരു രാജ്യത്തെയും പൗരനായിരിക്കാൻ കഴിയില്ല. 2019 -നുള്ളിൽ, 1986 ,1992,2003, 2005, 2015 എന്നീ വർഷങ്ങളിലായി, അഞ്ചു തവണ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. 2019 -ലെ ഏറ്റവും പുതിയ ഭേദഗതി പ്രകാരം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ വിവേചനം നേരിട്ട് പലായനം ചെയ്തുവരുന്ന, 2014 ഡിസംബർ 31 -നു മുമ്പ് ഇന്ത്യയിലെത്തി ഇവിടെ താമസമാക്കിയിട്ടുള്ള, ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, ജൈന, സിഖ്, ബുദ്ധ മതങ്ങളിൽ പെട്ട പൗരന്മാർക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള അർഹതയുണ്ട്. ഇതുപോലെ തന്നെ ഇതിനു മുമ്പ് നടത്തിയ ഭേദഗതികളിലും ചെറിയ ചെറിയ പല മാറ്റങ്ങളും പൗരത്വം കിട്ടാനുള്ള വ്യവസ്ഥകളിന്മേൽ വരുത്തിയിട്ടുണ്ട്. 

ഇന്ത്യൻ പൗരത്വം നേടാനുള്ള വ്യവസ്ഥകൾ 

1955 -ലെ പൗരത്വ നിയമം പ്രകാരം ചില വ്യവസ്ഥകൾക്ക് അനുസൃതമായി ഇന്ത്യൻ പൗരത്വം കിട്ടാൻ അർഹത കൈവരും. എന്തൊക്കെയാണ് ആ വ്യവസ്ഥകൾ?

ജന്മം കൊണ്ട് : ഒന്നാമത്തെ വ്യവസ്ഥ, ജന്മനാൽ ലഭിക്കുന്ന പൗരത്വം. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 26 -നു ശേഷം 1986 ലെ നിയമ ഭേദഗതി നടപ്പിൽ വന്ന,1987  ജൂലൈ 1 വരെ ഇന്ത്യൻ മണ്ണിൽ ജനിച്ച ആരും ഇന്ത്യൻ പൗരനാണ്. 

രക്തബന്ധം കൊണ്ട് : 1987 -ൽ വന്ന മാറ്റം, വംശാവലിയുടെയോ രക്തബന്ധത്തിന്റെയോ പേരിൽ പൗരത്വം അനുവദിക്കുന്നതിനെപ്പറ്റിയാണ്. അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ; 1986 ലെ നിയമം നടപ്പിൽ വന്ന,1987  ജൂലൈ 1   -നു ശേഷം, 3 ഡിസംബർ 2004 -നു മുമ്പ് ഇന്ത്യയിൽ ജനിച്ച കുഞ്ഞുങ്ങൾക്കും പൗരത്വത്തിന് അർഹതയുണ്ട് എന്നതായിരുന്നു. 3 ഡിസംബർ 2004 നു ശേഷമാണ് ജനനം എങ്കിൽ, മാതാപിതാക്കൾ ഇരുവരും കുട്ടിയുടെ ജനനസമയത്ത് ഇന്ത്യൻ പൗരന്മാർ ആയിരുന്നിരിക്കണം. അല്ലെങ്കിൽ ചുരുങ്ങിയത് ഒരാൾ ഇന്ത്യൻ പൗരനും, രണ്ടാമത്തെയാൾ നിയമാനുസൃതമായ രീതിയിൽ ഇന്ത്യയിൽ കഴിയുന്ന വിദേശപൗരനും ആയിരിക്കണം. 2013 സെപ്റ്റംബറിൽ വന്ന ഒരു ബോംബെ ഹൈക്കോടതി വിധി പ്രകാരം ഇന്ത്യൻ സർക്കാരിന്റെ പാസ്പോർട്ടോ, ആധാർ കാർഡോ, ബർത്ത് സർട്ടിഫിക്കറ്റോ ഉണ്ടെന്നത് പൗരത്വം ഉറപ്പാക്കുന്ന ഒരു സാഹചര്യമല്ല. 

1950 ജനുവരി 26 -നും 1992 ഡിസംബർ 10 -നുമിടയിൽ ഇന്ത്യക്ക് പുറത്താണെങ്കിൽ, അച്ഛൻ ഇന്ത്യൻ പൗരനാണെങ്കിൽ മക്കളും താനേ ഇന്ത്യൻ പൗരന്മാരാകും. 1992 ഡിസംബർ 10 -ന് ശേഷമാണ് ജനനമെങ്കിൽ, ജനന സമയത്ത് മാതാപിതാക്കളിൽ ആരെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായിരിക്കണം എന്ന് വ്യവസ്ഥയുണ്ട്.  

2004 ഡിസംബർ 3 -നു ശേഷം വന്ന ഒരു മാറ്റം, വിദേശത്ത് ജനിക്കുന്ന കുഞ്ഞിന്റെ രജിസ്‌ട്രേഷൻ ആ രാജ്യത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ  കുഞ്ഞു ജനിച്ച് ഒരു വർഷത്തിനുള്ളിൽ നടത്തിയിരിക്കണം എന്നതാണ്. അങ്ങനെ ചെയ്തിട്ടില്ല എങ്കിൽ, കുടുംബത്തിന് ഇന്ത്യൻ ഗവൺമെന്റിൽ നിന്ന് രജിസ്ട്രേഷന് പ്രത്യേകം അനുമതി നേടേണ്ടി വരും. കുഞ്ഞിന് മറ്റൊരു രാജ്യത്തിന്റെയും പാസ്പോർട്ട് ഇല്ല എന്ന സത്യവാങ്മൂലത്തിന്മേൽ രജിസ്ട്രേഷന് ഫോമുകൾ നയതന്ത്ര കാര്യാലയത്തിൽ നിന്ന് ലഭിക്കുന്നതാണ്. 

രജിസ്ട്രേഷൻ വഴി  : 1955 ലെ പൗരത്വ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം, താഴെ പറയും വിധം ഇന്ത്യൻ പൗരത്വം അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിന് അനുമതിയുണ്ട്. 

1 . സെക്ഷൻ 5 (A) പറയുന്നത് ഇന്ത്യൻ മണ്ണിൽ ഏഴുവർഷമായി താമസമുള്ള, അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പുള്ള ഒരു വര്‍ഷം തുടർച്ചയായ താമസവും, അതിനു മുമ്പുള്ള എട്ടു വർഷത്തിൽ ആറുവര്‍ഷവും താമസമുള്ള, മറ്റുരാജ്യങ്ങളിലെ പൗരന്മാർക്ക്. 
2 . ഇന്ത്യൻ വംശജനായ, മറ്റേതെങ്കിലും രാജ്യത്തെ പൗരന്മാർക്ക് 
3 . ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച, ഇന്ത്യയിൽ ഏഴുവർഷത്തിലധികമായി താമസമുള്ള പൗരന്മാർക്ക് 
4 . ഇന്ത്യയിലെ പൗരന്മാരായ പ്രായപൂർത്തിയാകാത്ത കുട്ടികൾ;
5. പൂർണ്ണ പ്രായവും ശേഷിയുമുള്ള ഒരു വ്യക്തി, മാതാപിതാക്കളെ ഇന്ത്യയിലെ പൗരന്മാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
6 .  പൂർണ്ണ പ്രായവും ശേഷിയുമുള്ള ഒരു വ്യക്തി, അല്ലെങ്കിൽ അയാളുടെ മാതാപിതാക്കൾ, മുമ്പ് സ്വതന്ത്ര ഇന്ത്യയിലെ പൗരനായിരുന്നു, കൂടാതെ 
     രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു വർഷത്തോളം ഇന്ത്യയിൽ താമസിക്കുന്നു;
7 . അഞ്ചുവർഷമായി ഇന്ത്യയിലെ ഒരു വിദേശ പൗരനായി രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഒരു 
     വർഷക്കാലം ഇന്ത്യയിൽ താമസിക്കുന്നതുമായ പൂർണ്ണ പ്രായവും ശേഷിയുമുള്ള ഒരു വ്യക്തി.

സ്വാഭാവികീകരണത്തിലൂടെ:  12 വർഷത്തേക്ക് സാധാരണ ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശിക്ക് (അപേക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള 12 മാസ കാലയളവിലും 12 മാസത്തിന് മുമ്പുള്ള 14 വർഷത്തിൽ 11 വർഷവും) സ്വാഭാവികവൽക്കരണത്തിലൂടെ ഇന്ത്യയുടെ പൗരത്വം സ്വന്തമാക്കാം. സിറ്റിസൺ ആക്റ്റ്, 1955 ലെ സെക്ഷൻ 6 (1) ൽ വ്യക്തമാക്കിയ യോഗ്യതകൾ വേണമെന്നേയുള്ളൂ. 

പൗരത്വം റദ്ദാക്കപ്പെടുന്നത് / നഷ്ടപ്പെടുന്നത് 

പൗരത്വം റദ്ദാകുന്നതിനെ/ നഷ്ടപ്പെടുന്നനെപ്പറ്റിയുള്ള  പരാമർശങ്ങൾ  1955 -ലെ പൗരത്വ നിയമത്തിന്റെ ഒമ്പതാം അനുച്ഛേദത്തിലാണുള്ളത്. ആർക്കും സ്വമേധയാ പൗരത്വം ഉപേക്ഷിക്കാം. ആരെങ്കിലുമൊരാൾ മറ്റൊരു രാജ്യത്ത് പൗരത്വം നേടിയാൽ അയാളുടെ ഇന്ത്യൻ പൗരത്വം നഷ്ടമാകാം. നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ചില സന്ദർഭങ്ങളിൽ സർക്കാരിന് ഒരു പൗരന്റെ പൗരത്വം നിഷേധിക്കാം. ഒന്ന്, ഏഴുവർഷത്തിലധികമായി വിസാ ചട്ടങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായി ഇന്ത്യക്ക് പുറത്താണ് പൗരൻ എങ്കിൽ, രണ്ട്, ആ വ്യക്തി ഇന്ത്യൻ പൗരത്വം നേടിയത് വ്യാജമായി അല്ലെങ്കിൽ തെറ്റായ രേഖകൾ സമർപ്പിച്ചുകൊണ്ടാണെന്നു തെളിഞ്ഞാൽ, മൂന്ന്, ദേശദ്രോഹപരമായ പ്രവൃത്തികൾ ആ വ്യക്തിയിൽ നിന്നുണ്ടായാൽ, അല്ലെങ്കിൽ ആ വ്യക്തി ഇന്ത്യൻ ഭരണഘടനയോട് അനാദരവ് കാണിച്ചാൽ- ഈ സന്ദർഭങ്ങളിലെല്ലാം തന്നെ ഇന്ത്യൻ ഗവൺമെന്റിന് ഒരു പൗരനിൽ നിന്ന് അയാളുടെ പൗരത്വം തിരിച്ചെടുക്കാനുള്ള അധികാരമുണ്ട്.