1966 -ലാണ്  ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ വലിയൊരു വിമാനാപകടം നടക്കുന്നത്.106 യാത്രക്കാരെയും 11 ജീവനക്കാരെയും കൊണ്ട് പറന്നുപൊങ്ങിയ എയര്‍ ഇന്ത്യയുടെ AI 101 വിമാനം, ആൽപ്സ് പർവ്വതനിരകളിലുള്ള മോണ്ട് ബ്ലാങ്ക് ഹിമാനിക്കു സമീപം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 117 പേരും ആ ക്രാഷിൽ മരിച്ചു.

തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന പല വസ്‍തുക്കളും പിന്നീട് പലപ്പോഴായി പ്രദേശവാസികൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, അന്ന് തകര്‍ന്നുവീണ വിമാനത്തില്‍ നിന്നുള്ളത് എന്ന് കരുതപ്പെടുന്ന ചില പത്രങ്ങളും കണ്ടെത്തിയിരിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി മോണ്ട് ബ്ലാങ്ക് ഹിമാനികളിലെ മഞ്ഞുരുകിയതാണ് അന്ന് മഞ്ഞിനടിയിൽ പുതഞ്ഞു പോയിരുന്ന വിമാനാപകടത്തിൽ അവശിഷ്ടങ്ങൾ ഇപ്പോൾ പുതുതായി പൊങ്ങിവരാൻ കാരണം. 1966 -ലെ ചില ഇന്ത്യൻ പത്രങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . 117 പേരും മരിച്ച ആ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും കണ്ടെത്തിയ പത്രത്തിലെ ഒന്നാം പേജ് വാര്‍ത്തയാകട്ടെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന വാര്‍ത്തയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി വരുന്നു എന്ന വാര്‍ത്തയാണ് കണ്ടെത്തപ്പെട്ട പത്രത്തിന്‍റെ ഒന്നാമത്തെ പേജില്‍ തന്നെയുള്ളത്. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയുടെ ഐതിഹാസികവിജയത്തിന്‍റെ വാര്‍ത്തയും വഹിച്ചാണ് അന്ന് ആ വിമാനം പറന്നത് എന്നര്‍ത്ഥം. 

'നാഷണല്‍ ഹെറാള്‍ഡ്' എന്ന ഈ പത്രത്തോടൊപ്പം, എക്കണോമിക് ടൈംസ് തുടങ്ങിയ മറ്റുചില പത്രങ്ങളും മലഞ്ചെരുവിൽ നിന്ന് കണ്ടു കിട്ടിയിട്ടുണ്ട്. മോണ്ട് ബ്ലാങ്കിന് സമീപപ്രദേശത്തെ ഒരു റെസ്റ്റോറന്‍റ് ഉടമയ്ക്കാണ് ഈ പത്രം കിട്ടിയിരിക്കുന്നത്. റെസ്റ്റോറന്‍റ് ഉടമയായ തിമോത്തി മോട്ടിന്‍ എഎഫ്‍പി -യോട് പറഞ്ഞത് 'പത്രം ഉണക്കാനിട്ടിരിക്കുകയാണ്. എന്നാലും അത് നല്ല അവസ്ഥയില്‍ തന്നെയാണുള്ളത്. ഉണക്കിയെടുത്താല്‍ അത് നിങ്ങള്‍ക്ക് വായിക്കാനാവും' എന്നാണ്. കാലങ്ങളായി അപകടത്തില്‍പ്പെട്ട വിമാനത്തിലേതെന്ന് കരുതപ്പെടുന്ന പലതും തിമോത്തി കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം റെസ്റ്റോറന്‍റില്‍ പ്രദര്‍ശനത്തിനും വെച്ചിട്ടുണ്ട്.  

 

അപകടത്തില്‍പ്പെട്ട വിമാനത്തില്‍നിന്നും ഇവ മാത്രമല്ല മറ്റു വിലപ്പെട്ട പലതും കിട്ടിയിട്ടുണ്ട്. 2013 -ൽ  കോടികള്‍ വിലമതിക്കുന്ന മരതകം, നീലക്കല്ലുകൾ, മാണിക്യങ്ങൾ എന്നിങ്ങനെ പല രത്നക്കല്ലുകളും അടങ്ങിയ ഒരു പെട്ടി കണ്ടു കിട്ടിയിരുന്നു.  

കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാനികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നും ശാസ്ത്രം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. വർദ്ധിച്ചുവരുന്ന ആഗോള താപനില പർവത ഹിമാനികൾ ഉരുകാനും ധ്രുവീയ ഹിമപാളികൾ ചലിക്കാനും ഇടയാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മോണ്ട് ബ്ലാങ്കിന്റെ ഗ്രാൻഡെസ് ജോറാസസ് കൊടുമുടിയിലെ പ്ലാൻ‌പിൻ‌സിയക്സ് ഹിമാനിയുടെ ഒരു ഭാഗത്ത് തകർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ  മുന്നറിയിപ്പ് നൽകിയിരുന്നു.

എയര്‍ ഇന്ത്യ ഫ്ലൈറ്റ് 101 മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പറക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെടുന്നത്. 1966 ജനുവരി 24 -ന്, ജനീവയിലേക്കുള്ള യാത്രാമധ്യേ, മോണ്ട് ബ്ലാങ്ക് ഗ്ലേഷ്യറിനു സമീപത്തുവെച്ചായിരുന്നു ഇത്. ജനീവയില്‍ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം പർവതവുമായി കൂട്ടിയിടിച്ച് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ച സംഭവം അന്ന് ഇന്ത്യയെ ആകെ നടുക്കിയ ഒന്നായിരുന്നു.