'ഒരു രാജ്യത്തെ മുഴുവൻ ആളുകളെയും കുറിച്ച് മോശം ധാരണകൾ ഉണ്ടാക്കാൻ ഇത്തരം ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ കാരണമാകുന്നു. വരി നിൽക്കുന്നവരോട് യാതൊരു ബഹുമാനമോ സിവിക് സെൻസോ ഇല്ലെന്ന് മാത്രമല്ല, ചോദ്യം ചെയ്യുമ്പോൾ തർക്കിക്കാനുള്ള ധൈര്യവും കാണിക്കുന്നു.'

വിയന്ന വിമാനത്താവളത്തിൽ ബാഗേജ് ക്യൂ തെറ്റിച്ച് മുന്നിൽ കയറാൻ ശ്രമിച്ച ഇന്ത്യക്കാരന്റെ പെരുമാറ്റത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നത്. സംഭവത്തെ തുടർന്ന് ക്യൂ പാലിക്കുന്നതിലെ അച്ചടക്കം, സിവിക് സെൻസ്, വിദേശങ്ങളിൽ ഇന്ത്യക്കാരെക്കുറിച്ചുള്ള പൊതുധാരണകൾ എന്നിവയെച്ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

അർജുൻ എന്ന എക്സ് (ട്വിറ്റർ) യൂസറാണ് താൻ നേരിട്ട് കണ്ട സംഭവം പങ്കുവെച്ചത്. വിയന്ന വിമാനത്താവളത്തിലെ ബാഗേജ് ഡ്രോപ്പ് ക്യൂവിൽ കണ്ട ചെറിയ വിടവ് മുതലെടുത്ത് ഒരു ഇന്ത്യൻ യാത്രക്കാരൻ വരിയുടെ മുൻനിരയിലേക്ക് നേരിട്ട് കയറാൻ ശ്രമിക്കുകയായിരുന്നുവെന്ന് അർജുൻ കുറിച്ചു.

ഇതുകണ്ട ക്യൂവിലുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ ഇയാളോട് ക്യൂവിന്റെ പുറകിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, താൻ നേരത്തെ തന്നെ അവിടെ നിന്നതാണെന്ന് പറഞ്ഞ് ഇയാൾ തർക്കിക്കാൻ തുടങ്ങി. ഒടുവിൽ ക്യൂവിലുണ്ടായിരുന്ന ഒരാൾ ക്ഷമകെട്ട്, പിന്നിലേക്ക് പോകാൻ ഇയാളോട് രോഷത്തോടെ അക്രോശിക്കുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന അർജുൻ ഈ പെരുമാറ്റത്തെ ശക്തമായി വിമർശിച്ചു. 'ഒരു രാജ്യത്തെ മുഴുവൻ ആളുകളെയും കുറിച്ച് മോശം ധാരണകൾ ഉണ്ടാക്കാൻ ഇത്തരം ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ കാരണമാകുന്നു. വരി നിൽക്കുന്നവരോട് യാതൊരു ബഹുമാനമോ സിവിക് സെൻസോ ഇല്ലെന്ന് മാത്രമല്ല, ചോദ്യം ചെയ്യുമ്പോൾ തർക്കിക്കാനുള്ള ധൈര്യവും കാണിക്കുന്നു' എന്നും അർജുൻ എഴുതി.

Scroll to load tweet…

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ചിലർ അർജുന്റെ നിലപാടിനോട് യോജിച്ചപ്പോൾ, ക്യൂ തെറ്റിക്കുന്നത് ഒരു പ്രത്യേക രാജ്യക്കാരുടെ മാത്രം പ്രശ്നമല്ലെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.

'സത്യത്തിൽ ഭൂരിഭാഗം ഇന്ത്യക്കാരും നാട്ടിലും ഇതുപോലെ തന്നെയാണ് പെരുമാറുന്നത്. ട്രാഫിക്കിലായാലും ക്യൂവിലായാലും എങ്ങനെയെങ്കിലും ഇടിച്ചുകയറാനാണ് ശ്രമം' എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. വാർസോ വിമാനത്താവളത്തിൽ തനിക്കും സമാനമായ അനുഭവമുണ്ടായെന്ന് മറ്റൊരാൾ പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ തിരികെ തർക്കിക്കുന്നത് സാധാരണ രീതിയാണെന്നും നാട്ടിൽ പെരുമാറുന്നതുപോലെ അഹങ്കാരത്തോടെ പെരുമാറി രക്ഷപ്പെടാമെന്നാണ് ഇക്കൂട്ടർ കരുതുന്നതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.