ഇന്ത്യക്കാരന്റെ മെസേജിംഗ് ആപ്പ് 416 കോടിക്ക് വാങ്ങി വേർഡ്പ്രെസ്സ്
ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ആപ്പ് സ്വന്തമാക്കിയ ശേഷം ഓഫീഷ്യൽ ബ്ലോഗിലൂടെ ഓട്ടോമാറ്റിക് ഇൻക് അറിയിച്ചു.

ആരും സ്വപ്നം കാണുന്ന വലിയൊരു നേട്ടം തന്നെ തേടിയെത്തിയ സന്തോഷത്തിലാണ് ആസ്സാം സ്വദേശിയായ കിഷൻ ബഗരിയ എന്ന യുവാവ്. താൻ വികസിപ്പിച്ചെടുത്ത മെസേജിംഗ് ആപ്പ് കോടികൾക്ക് വിറ്റ് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് കിഷൻ. വേർഡ്പ്രെസ്സിന്റെ ഉടമയും ഓട്ടോമാറ്റിക് ഇൻകിന്റെ സ്ഥാപകനുമായ മാറ്റ് മുള്ളെൻവെഗ് ആണ് കിഷനിൽ നിന്നും കോടികൾ പ്രതിഫലമായി നൽകി ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ടെക്സ്റ്റ്.കോം (text.com) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് 50 മില്യൺ ഡോളറിന് അതായത് 416 കോടി രൂപയ്ക്കാണ് മുള്ളെൻവെഗ് സ്വന്തമാക്കിയത്.
ആസ്സാമിലെ ദിബ്രുഗർഹ് സ്വദേശിയായ മഹേന്ദ്ര ബഗാരിയയുടെയും നമിത ബഗാരിയയുടെയും മകനാണ് കിഷൻ. ഇത്തരത്തിലൊരു വലിയ നേട്ടം സ്വന്തമാക്കിയതോടെ കിഷന്റെ ബുദ്ധിശക്തിയെയും കഴിവിനെയും പ്രശംസിച്ച് നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നത്. ‘ഒരു തലമുറയുടെ തന്നെ ഏറ്റവും വലിയ ടെക് ജീനിയസ് ‘ എന്നാണ് കിഷനെ മുള്ളെൻവെഗ് വിശേഷിപ്പിച്ചത്. കിഷന്റെ ഈ കഴിവും നേട്ടവും ഒരുപാട് പേർക്ക് പ്രചോദനമാകും എന്നും ആധുനിക ടെക് രംഗത്ത് വലിയ സ്വാധീനമുണ്ടാക്കാൻ കിഷന് സാധിക്കുമെന്നും മുള്ളെൻവെഗ് പറഞ്ഞു.
ഇപ്പോൾ അമേരിക്കയിലാണ് കിഷൻ ബഗേരിയ താമസം. പ്രമുഖ മെസ്സേജിങ് അപ്പുകളായ ഐ മെസ്സേജ്, സ്ലാക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, മെസ്സഞ്ചർ, ലിങ്ക്ഡ്ഇൻ, സിഗ്നൽ, ഡിസ്കോർഡ്, എക്സ് തുടങ്ങിയവ എല്ലാം കൂടി ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് കിഷൻ വികസിപ്പിച്ചെടുത്ത text.com ആപ്പിന്റെ പ്രത്യേകത. വേർഡ്പ്രെസ്സിനും ടംബ്ലറിനും ശേഷം ഓട്ടോമാറ്റിക് ഇൻക് തങ്ങളുടെ കമ്പനി ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്ന പുതിയ ആപ്പ് ആകും text.com.
ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ആപ്പ് സ്വന്തമാക്കിയ ശേഷം ഓഫീഷ്യൽ ബ്ലോഗിലൂടെ ഓട്ടോമാറ്റിക് ഇൻക് അറിയിച്ചു. text.com -ന്റെ എല്ലാ ചുമതലകളും കിഷൻ തന്നെ ആയിരിക്കും നിർവ്വഹിക്കുക. കൂടാതെ മെസ്സേജിങ് സെക്ഷന്റെ മേധാവിയായും കിഷനെ കമ്പനി നിയമിച്ചു. ദിബ്രുഗഡിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കിഷൻ ബഗരിയ കോളേജ് വിദ്യാഭ്യാസം നടത്തിയിട്ടില്ല. തന്റെ എല്ലാ അറിവുകളും ഇന്റർനെറ്റിൽ നിന്നാണ് പഠിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.
വായിക്കാം: ഓഫീസ് മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയില്ല, പറഞ്ഞ കാരണം കേട്ട് പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: