2017-ൽ ഉത്തർപ്രദേശിലെ വനത്തിൽ നിന്ന് കണ്ടെത്തിയ 'മൗഗ്ലി ഗേൾ' എന്ന് വിളിക്കപ്പെട്ട എഹ്സാസ് അന്തരിച്ചു. മൃഗങ്ങളെപ്പോലെ പെരുമാറിയിരുന്ന അവൾ പുനരധിവാസ കേന്ദ്രത്തിൽ മനുഷ്യരുമായി പതുക്കെ ഇണങ്ങിവരുന്നതിനിടെയാണ് 18-ാം വയസ്സിൽ രോഗബാധിതയായി മരണത്തിന് കീഴടങ്ങിയത്.
2017 ജനുവരിയിൽ, ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ കതർനിയാഘട്ട് വന്യജീവി സങ്കേതത്തിലെ മോത്തിപൂരിലെ വനത്തിൽ വന്യമൃഗങ്ങൾക്കൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് ആദ്യം ആ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇന്ത്യൻ കാടുകളിൽ ഒരു പെൺകുട്ടി വന്യ മൃഗങ്ങൾക്കൊപ്പം വളരുന്നു. അവളെ കുറിച്ചുള്ള വാർത്തകൾ കാട്ടുതീ പോലെ പരന്നു. ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് പടർന്ന വാർത്ത പെട്ടെന്ന് തന്നെ ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധയും നേടി. രാജ്യന്തര തലത്തിൽ പോലും വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടു. ശരിക്കും ഒരു 'മൗഗ്ലീ ഗേൾ'. ലോകത്തെ തന്നെ അമ്പരപ്പിച്ച എഹ്സാസ് എന്ന് പിന്നീട് വിളിച്ചപ്പെട്ട ആ പെൺകുട്ടി അവളുടെ 18 -ാം വയസിൽ, കഴിഞ്ഞ 15 -ാം തിയതി ഗുരുതരമായ ശ്വാസകോശ രോഗം മൂലമുണ്ടായ സെപ്റ്റിസീമിയ ബാധിച്ച് ലഖ്‌നൗവിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
മൗഗ്ലീ ഗേൾ
എട്ടാം വയസിൽ കണ്ടെത്തുമ്പോൾ അവൾക്ക് മനുഷ്യരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. മൃഗങ്ങളെ പോലെ നാല് കാലിൽ നടക്കുക. മനുഷ്യരെ ഒഴിവാക്കുക, കണ്ണിൽ നോക്കാതിരിക്കുക, വസ്ത്രം ധരിക്കാൻ തയ്യാറാകാതിരിക്കുക, ആശയവിനിമയത്തിന് ആംഗ്യങ്ങളും നിലവിളികളും മാത്രം. കുട്ടിയുടെ വിചിത്രമായ രീതികളാണ് അവളെ 'മൗഗ്ലി ഗേൾ' എന്ന വിളിപ്പേരിന് കാരണമായി. ജനിച്ചതിന് പിന്നാലെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ വന്യമൃഗങ്ങളാണ് വളർത്തിയതെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. മൗഗ്ലീ എന്ന നോവലിലെ ആൺകുട്ടിയുടെ ജീവിത രീതിയുമായി ബന്ധപ്പെടുത്തി ആളുകൾ അവളെ മൗഗ്ലീ ഗേൾ എന്ന് വിശേഷിപ്പിച്ചു. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ സർക്കാർ ഏറ്റെടുത്തു. തുടർന്ന് ഒരു ദശാബ്ദക്കാലം സംസ്ഥാന പുനരധിവാസ പരിചരണത്തിലായിരുന്നു അവൾ.
ഓർമ്മകൾ അവസാനിപ്പിച്ച് എസ്ഹാസ്
പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾ അവളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൂജ എന്നായിരുന്നു വിളിച്ചത്. പിന്നീട് പേര് 'എഹ്സാസ്' എന്ന് മാറ്റി. വിചിത്രമായ സ്വഭാവമുള്ള കുട്ടി മറ്റ് കുട്ടികളുടെ മുഖത്ത് പോലും നോക്കാൻ ഭയന്നു. എവിടെയെങ്കിലും ഒരിടത്ത് ഒതുങ്ങിക്കൂടി. കുട്ടിയുടെ സംരക്ഷണം പിന്നീട് ലഖ്‌നൗവിലെ നിർവാൻ രാജ്കിയ ബാൽ ഗൃഹ വിശേഷികൃതിലേക്ക് മാറ്റി. അവിടെ അവൾ ക്രമേണ ആളുകളുമായി അടുത്തു. റാണി, മായ, രേണു എന്നീ ജീവനക്കാരായിരുന്നു അവളുടെ അടുത്ത കൂട്ടുകാർ. പതുക്കെ പതുക്കെ അവൾ മനുഷ്യരോട് ചിരിക്കാൻ തുടങ്ങി. വസ്ത്രങ്ങൾ ധരിച്ച് തുടങ്ങി. ഒരിക്കൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അവൾ റാണിയെ 'അമ്മ' എന്ന് വിളിച്ചു. പക്ഷേ, വിട്ടുമാറാത്ത രോഗം അവളരെ തളർത്തി തുടങ്ങിയിരുന്നു. ഒടുവിൽ 18 -ാം വയസിൽ കഴിഞ്ഞ തിങ്കളാഴ്ച അവൾ തന്‍റെതായ മറ്റൊരു ലോകത്തേക്ക് യാത്രയായി. "അവൾ സുഖം പ്രാപിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, ഇപ്പോൾ അവളുടെ ഓർമ്മകൾ മാത്രമാണ് ഒപ്പമുള്ളത്" എഹ്സാസിന്‍റെ മരണത്തെ കുറിച്ച് അവൾ അമ്മയെന്ന് വിളിച്ചിരുന്ന റാണി പറയുന്നു. .


