Asianet News MalayalamAsianet News Malayalam

ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ സർവേ, മികച്ച പൊലീസ് സംവിധാനമുള്ള സംസ്ഥാനമേത്, പട്ടികയിൽ കേരളത്തിന്റെ സ്ഥാനം

സഹായകരവും സൗഹൃദപരവുമായ പൊലീസ് സേനയുടെ പട്ടികയിലും ആദ്യ അഞ്ചിനകത്ത് കേരളം വന്നു. ആ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റ് സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, തെലങ്കാന, അസം, സിക്കിം എന്നിവയാണ്. 

Indian police foundation survey
Author
Delhi, First Published Nov 22, 2021, 12:47 PM IST

അടുത്തിടെ ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ(Indian Police Foundation) നടത്തിയ ഒരു സർവേ(survey)യിൽ, മികച്ച പൊലീസ് സേനയുടെ പട്ടികയിൽ കേരളം നാലാം സ്ഥാനത്ത്. ഫൗണ്ടേഷന്റെ 'സ്മാർട്ട് പൊലീസിംഗ്' സൂചികയിൽ 29 സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെട്ടു. അതിൽ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനത്തും, തെലങ്കാന രണ്ടാം സ്ഥാനത്തും, അസം മൂന്നാം സ്ഥാനത്തും, കേരളം നാലാം സ്ഥാനത്തുമെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പിന്റെ പ്രകടനം വിലയിരുത്തുന്ന ഈ ദേശീയ സർവേ ജൂലൈ ഒന്നിനും സെപ്റ്റംബർ 15 -നും ഇടയിലാണ് നടന്നത്. ഏറ്റവും മോശം പ്രകടനം നടത്തി ബിഹാർ, പട്ടികയിൽ ഏറ്റവും അവസാനമെത്തി. തൊട്ടുപിന്നാലെ ഉത്തർപ്രദേശുമുണ്ട്.  

ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ് പട്ടികയിൽ അവസാനമെത്തിയ മറ്റ് സംസ്ഥാനങ്ങൾ. ഫൗണ്ടേഷൻ വ്യാഴാഴ്ചയാണ് ‘IPF Citizen Satisfaction Survey on SMART Policing, 2021' റിപ്പോർട്ട് പുറത്തിറക്കിയത്. രാജ്യത്തെ പൊലീസിന്റെ സേവനങ്ങളിൽ 69 ശതമാനം ജനങ്ങളും തൃപ്തരാണ് എന്ന് സർവ്വേ പറയുന്നു. രാജ്യത്തുടനീളമുള്ള പൊലീസ് സേനകൾ നടത്തുന്ന അഴിമതി വിരുദ്ധ സംരംഭങ്ങൾ സർവേ വിലയിരുത്തുന്നു. ഫൗണ്ടേഷന്റെ പ്രസിഡന്റായ വിരമിച്ച ഐപിഎസ് ഓഫീസർ എൻ രാമചന്ദ്രനാണ് സർവേയുടെ മേൽനോട്ടം വഹിച്ചത്. രാജ്യത്തുടനീളമുള്ള 1.61 ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് സർവ്വേ നടത്തിയത്.  

സർവേയിൽ 10 സെറ്റ് ചോദ്യാവലികൾ ഉണ്ടായിരുന്നു. അതിൽ പൊലീസിന്റെ സംവേദനക്ഷമത, പ്രതികരണശേഷി, ജനങ്ങളോടുള്ള ഇടപെടൽ, സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ടു. കൂടാതെ, പൊലീസിന്റെ മൂല്യങ്ങളും, വിശ്വാസ്യതയും സർവേ അളന്നു. അതിൽ ബിഹാറും ഉത്തർപ്രദേശുമാണ് മിക്കവാറും എല്ലാ വിഭാഗങ്ങളിലും മോശം പ്രകടനം കാഴ്ചവെച്ചത്. ന്യായവും നിഷ്പക്ഷവുമായ പൊലീസ് വിഭാഗത്തിൽ കേരളം മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കേരളത്തോടൊപ്പം, ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, ഗുജറാത്ത് എന്നിവയും പട്ടികയിൽ ഉയർന്ന സ്ഥാനങ്ങൾ നേടി. ആ വിഭാഗത്തിൽ ഏറ്റവും ഒടുവിലെത്തിയ സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവയാണ്.

സഹായകരവും സൗഹൃദപരവുമായ പൊലീസ് സേനയുടെ പട്ടികയിലും ആദ്യ അഞ്ചിനകത്ത് കേരളം വന്നു. ആ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റ് സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, തെലങ്കാന, അസം, സിക്കിം എന്നിവയാണ്. പൊലീസിൽ ഏറ്റവും കുറവ് വിശ്വാസമുള്ളത് ബിഹാർ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്കാണെന്ന് സർവേ പറയുന്നു. ആന്ധ്ര, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പൊലീസിനെ ഏറ്റവുമധികം വിശ്വസിച്ചിരുന്നത്. രാജ്യത്തിന്റെ ജനസംഖ്യ വച്ച് നോക്കിയാൽ ഒരു ചെറിയ വിഭാഗം മാത്രമാണ് സർവേയുടെ ഭാഗമായതെന്നും, അതുകൊണ്ട് തന്നെ ഈ കണ്ടെത്തലുകൾക്ക് പരിമിതികളുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios