ഭക്ഷണത്തിനും വലിയ ചിലവാണ് ബ്രേക്ക്ഫാസ്റ്റും ഡിന്നറും പാകം ചെയ്യുമെങ്കിലും ലഞ്ച് ഓർഡർ ചെയ്യാറാണ്. അതിന് വലിയ തുക വരും.
നേരത്തെ പലരും തങ്ങളുടെ വരുമാനത്തെ കുറിച്ചോ തങ്ങളുടെ ചെലവുകളെ കുറിച്ചോ ഒന്നും വെളിപ്പെടുത്താൻ അത്ര താല്പര്യം കാണിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളോടും ഒക്കെയായി പലരും തങ്ങളുടെ വരുമാനത്തെ കുറിച്ചും ചെലവുകളെ കുറിച്ചും എല്ലാം വെളിപ്പെടുത്താറുണ്ട്. അതുപോലെ നാല് വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന ഒരു യുവതി ലൈവ് മിന്റിനോട് തന്റെ വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുന്നതാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ദിവ്യ സൈനി എന്ന 26 -കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കഴിഞ്ഞ നാല് വർഷമായി സിയാറ്റിലിൽ ജോലി ചെയ്യുകയാണ്. പന്ത്രണ്ടാമത്തെ വയസ്സിലാണ് ദിവ്യ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. നാല് വർഷത്തെ എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിന് ശേഷം, ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെയാണ് സൈനി ആമസോൺ ഇന്ത്യയിൽ ചേർന്നത്.
2021 ജൂലൈയിൽ അവർ കമ്പനിയുടെ യുഎസ് ഓഫീസിലേക്ക് മാറി. ഇന്ത്യയേക്കാൾ യുഎസിൽ താമസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അവർ നേരത്തെ പറഞ്ഞിട്ടുണ്ട്. എങ്കിലും അത് അത്ര സുഖകരമായിരുന്നില്ല എന്നാണ് അവർ പറയുന്നത്. ലൈവ് മിന്റുമായി സംസാരിക്കവെ അവർ പറഞ്ഞത്, യുഎസ്സിലെ അമിതമായ ജീവിതച്ചെലവ് തന്നെ ആദ്യം അമ്പരപ്പിച്ചു എന്നാണ്.
യുഎസിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വെസ്റ്റ് കോസ്റ്റിലെ ജീവിതച്ചെലവ് വളരെ കൂടുതലാണ്. ജീവിതച്ചെലവുകൾക്ക് അനുസരിച്ച് ശമ്പളം മാറുമെങ്കിലും ഉയർന്ന ജീവിതച്ചെലവ് നേരിടാൻ ഈ മാറ്റം മിക്കപ്പോഴും പര്യാപ്തമാവാറില്ല എന്നാണ് ദിവ്യ പറയുന്നത്. പലപ്പോഴും പ്രാഥമിക കാര്യങ്ങൾക്ക് പോലും വൻ ചിലവാണ് എന്നാണ് അവർ പറയുന്നത്.
ഒരു ഹെയർകട്ടിന് പോലും 100 മുതൽ 200 ഡോളർ വരെ (ഏകദേശം 8,000 മുതൽ 16,000 വരെ) ചിലവാകുമെന്നാണ് അവർ പറയുന്നത്. റൂം ഷെയറിംഗ് ഉണ്ടെങ്കിൽ പോലും പലപ്പോഴും അത് ശരിയാവവാത്തത് പോലെയാണ് തോന്നുന്നത് എന്നും അതിനാൽ തനിയെ കഴിയാനാണ് ഇഷ്ടപ്പെടുന്നത് എന്നുമാണ് ദിവ്യ പറയുന്നത്. വാടക, സാധനങ്ങൾ വാങ്ങൽ, യാത്രാച്ചിലവ് ഇതിനൊക്കെയാണ് വരുമാനത്തിലെ ഏറിയ പങ്കും പോകുന്നത് എന്നും അവർ വെളിപ്പെടുത്തുന്നു.
ഭക്ഷണത്തിനും വലിയ ചിലവാണ് ബ്രേക്ക്ഫാസ്റ്റും ഡിന്നറും പാകം ചെയ്യുമെങ്കിലും ലഞ്ച് ഓർഡർ ചെയ്യാറാണ്. അതിന് വലിയ തുക വരും. നന്നായി ജോലി ചെയ്യുകയും സ്വന്തം ഫീൽഡിൽ തിളങ്ങുകയും ചെയ്താൽ നന്നായി ജീവിക്കാൻ സാധിക്കുന്നത് ഇന്ത്യയിൽ തന്നെയാണ് എന്നാണ് ദിവ്യയുടെ പക്ഷം.
എന്നാൽ, നേരത്തെ തന്റെ സോഷ്യൽ മീഡിയയിൽ താൻ പണത്തിന് വേണ്ടിയല്ല സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുഎസ്സിൽ വന്നത് എന്ന് ദിവ്യ സൈനി വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഇന്ത്യ ഇഷ്ടമാണ് എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ അവിടെ സ്വതന്ത്രയാണ് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല എന്നായിരുന്നു അവർ എക്സിൽ (ട്വിറ്റർ) കുറിച്ചത്.
