ശശിഭൂഷൺ പാണ്ഡെ എന്ന കാഴ്ചപരിമിതനായ വിദ്യാർത്ഥി തന്റെ സഹപാഠികൾക്കൊപ്പം ജെഎൻയുവിലെ സമരത്തിൽ പങ്കെടുത്ത്, മനുഷ്യച്ചങ്ങലയുടെ ഭാഗമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ദില്ലി പൊലീസിലെ രണ്ടു സിവിൽ പൊലീസ് ഓഫീസർമാർ കയ്യിൽ ലാത്തിയുമേന്തി അദ്ദേഹത്തിന്റെ കുപ്പായത്തിൽ പിടിച്ച് വലിച്ചിഴച്ചത്. അദ്ദേഹത്തെ നിലത്തിട്ട് ക്രൂരമായി മർദ്ദിച്ചത്.

'തനിക്ക് കണ്ണ് കാണില്ല, സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്, മർദ്ദിക്കരുത്' എന്ന് ശശിഭൂഷൺ അവരോട് പറഞ്ഞു. പറഞ്ഞത് വിശ്വാസമായില്ല എന്ന് തോന്നിയപ്പോൾ, കണ്ണിൽ വെച്ചിരുന്ന കൂളിംഗ് ഗ്ലാസ് ഊരി തന്റെ കാഴ്ചയില്ലാത്ത കണ്ണുകൾ അവർക്ക് കാണിച്ചുകൊടുത്തു. നല്ല തെറിയാണ് അവരുടെ വായിൽ നിന്ന് വന്നത്. "കണ്ണുകാണാത്തവൻ എന്തിനാണ് സമരത്തിനിറങ്ങിയത്" എന്നുചോദിച്ചായിരുന്നു ബാക്കി തെറിവിളിയും തുടർന്നുണ്ടായ കൊടിയ മർദ്ദനവും. അംഗപരിമിതനായ തങ്ങളുടെ സുഹൃത്തിനെ പൊലീസ് നിലത്തിട്ട് ബൂട്ട്സിന് ചവിട്ടിക്കൂട്ടി എന്നാണ് ദൃക്‌സാക്ഷികളായ മറ്റു വിദ്യാർത്ഥികൾ പറഞ്ഞത്. ലാത്തികൊണ്ട് കുത്തുകയും അടിക്കുകയും ചെയ്തു പൊലീസ് ശശിഭൂഷണെ. മർദ്ദനത്തെ തുടർന്ന് AIIMS-ൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകേണ്ടി വന്നു അദ്ദേഹത്തിന്.
 


 

"ജെഎൻയു എന്ന ഇന്ത്യയുടെ വിശിഷ്ട സ്ഥാപനത്തെ കുത്തകൾക്കു വേണ്ടി ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഇന്ത്യയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നതമായ വിദ്യാഭ്യാസം ആർജ്ജിക്കാനുള്ള അവശേഷിക്കുന്ന ചുരുക്കം ഇടങ്ങളിൽ ഒന്നാണ് ജെഎൻയു. അതിനെ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് ഈ സമരങ്ങൾ" - ശശിഭൂഷൺ പറഞ്ഞു. 

"ക്ലാസുകള്‍ അറ്റൻഡ് ചെയ്തുകൊണ്ടാണ് ഞാൻ പ്രതിഷേധിക്കാനിറങ്ങിയത്. ചെലവുകുറഞ്ഞ പൊതുവിദ്യാഭ്യാസം നല്കാനാകാത്ത സർക്കാർ ഒന്നിനും കൊള്ളാത്ത സർക്കാരാണ്, അതിനു തുടരാൻ അവകാശമില്ല. ഈ മുദ്രാവാക്യം സ്ഥിതിഗതികളിൽ മാറ്റമില്ലാത്തിടത്തോളം ഇനിയും ഇന്ത്യൻ കാമ്പസുകളിൽ നിന്ന് ഉയർന്നു കേൾക്കുക തന്നെ ചെയ്യും...' ജെഎൻയുവിലെ ചരിത്ര വിഭാഗം ബിരുദാനന്തര ബിരുദവിദ്യാർത്ഥിയായ പാണ്ഡെ പറഞ്ഞു. 

അന്ധനായ ഒരു വിദ്യാർത്ഥി എങ്ങനെയാണ് അക്രമാസക്തമായ പ്രതിഷേധം നടത്തിയത് എന്ന് പോലീസ് വ്യക്തമാക്കണമെന്നും ശശിഭൂഷൺ പാണ്ഡെ പറഞ്ഞു. ദിവ്യാംഗ് എന്ന് വിളിക്കുന്ന സർക്കാർ തന്നെ അംഗപരിമിതരായവരെ മർദ്ദിക്കുന്നവരെ പിന്തുണയ്ക്കുന്നത് എന്തൊരു വിരോധാഭാസമാണ് എന്നു പാണ്ഡെ ചോദിച്ചു. 
 "ഇന്ദിരാ ഗാന്ധിയുടെ പൊലീസും ഒരിക്കൽ കാഴ്ചപരിമിതരായ ഒരു കൂട്ടം പ്രതിഷേധക്കാരെ മർദ്ദിച്ചിരുന്നു. അന്ന് അവർക്ക് മാപ്പുപറയേണ്ടി വന്നു. മോദിക്കും അതുതന്നെ ചെയ്യേണ്ടി വരുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള പാവപ്പെട്ട വിദ്യാർത്ഥികളാണ് ജെഎൻയുവിൽ പഠിക്കാനെത്തുന്നത്. ഇവിടെ ദേശദ്രോഹത്തിന്റെയും, തീവ്രവാദത്തിന്റെയും സ്‌പെഷ്യൽ കോച്ചിങ് കൊടുക്കുന്നുണ്ട് എന്ന മട്ടിലാണ്  പല മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നും ഒസാമാ ബിൻ ലാദൻ ഇവിടെ നിന്ന് പഠിച്ചിറങ്ങിയാണ് അമേരിക്കയിൽ ചെന്ന് ബോംബിട്ടത് എന്ന്. ഇങ്ങനെ ജെഎൻയുവിന്റെ പ്രതിച്ഛായ തകർക്കാൻ മത്സരിക്കരുത്..." ശശിഭൂഷൺ പറഞ്ഞു. 

 ശശിഭൂഷൺ പാണ്ഡെ എന്ന വിദ്യാർത്ഥി കാഴ്ചപരിമിതനാണെങ്കിലും ജെഎൻയു വിദ്യാർത്ഥികൾക്കിടയിൽ തന്റെ മറ്റുള്ള കഴിവുകളുടെ പേരിൽ ഏറെ ജനപ്രിയനായ ഒരു വ്യക്തിത്വമാണ്. സുപ്രസിദ്ധ ഉറുദു കവി ഹബീബ് ജാലിബിന്റെ ദസ്തൂർ എന്ന കവിത ആലപിച്ചുകൊണ്ട് ശശിഭൂഷൺ നടത്തിയ പ്രതിഷേധം മാസങ്ങൾക്കുമുമ്പ് ഏറെ വൈറലായിരുന്നു.

 


 

എന്നാൽ തങ്ങൾ തീർത്തിരുന്ന ബാരിക്കേഡ് തകർത്തുകൊണ്ട് വിദ്യാർത്ഥികൾ മുന്നോട്ട് നീങ്ങിയതാണ് ലാത്തിചാർജിലേക്ക് വഴിതെളിച്ചതെന്നും. പൊലീസിന്റേത് വിദ്യാർത്ഥികളുടെ അക്രമത്തോടുള്ള  സ്വാഭാവികമായ ഒരു പ്രതികരണമായിരുന്നു എന്നും സംഭവത്തെപ്പറ്റി പൊലീസും പറയുന്നു.