മഹാരാഷ്ട്രയിലെ മരത്വാഡയിലുള്ള ഒരുകൂട്ടം സ്ത്രീകള്‍ പുരുഷാധിപത്യത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ പൊരുതുകയാണ്. അവരില്‍ പ്രധാനിയായ ലക്ഷ്മി വാഗ്മേര്‍ 17000 സ്ത്രീകളെയാണ് സ്വതന്ത്രവും അഭിമാനമുള്ളതുമായ ജീവിതത്തിലേക്ക് നയിച്ചത്. അവര്‍ക്ക് ഇപ്പോള്‍ സാമ്പത്തികമായി കരുതലുകളുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ബാലവിവാഹങ്ങള്‍ എത്രമാത്രം അപകടകരമാണ് എന്നും അറിയാം. ഒപ്പം തന്നെ തങ്ങളുടെ അവകാശത്തെ കുറിച്ച് അവര്‍ക്ക് പൂര്‍ണബോധ്യവുമുണ്ട്. 

തുകൽ ജോലി ചെയ്യുന്ന ഒരു ദളിത് കുടുംബത്തിലാണ് ലക്ഷ്മി ജനിച്ചത്. എട്ടാമത്തെ വയസിലാണ് അവളേക്കാള്‍ 13 വയസിന് മൂത്ത അമ്മാവനെക്കൊണ്ട് അവളെ വിവാഹം ചെയ്യിക്കുന്നത്. അന്ന് അവള്‍ക്ക് തന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാന്‍ പോലും ആയിരുന്നില്ല. മറ്റ് പെണ്‍കുട്ടികള്‍ കൂടി ലക്ഷ്മിയുടെ കുടുംബത്തിലുണ്ടായിരുന്നു. അതിനാല്‍തന്നെ അമ്മാവന്‍ വിവാഹം കഴിക്കുന്നതോടെ അവളെ നന്നായി നോക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവളുടെ അമ്മ. 

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലക്ഷ്മിക്ക് ആദ്യമായി ആര്‍ത്തവമുണ്ടാകുന്നത്. അങ്ങനെ അവളുടെ സ്കൂള്‍ പഠനം അവസാനിപ്പിക്കുകയും അവളെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍, ലക്ഷ്മി അവിടെ നിരാഹാരം തന്നെ കിടന്നു. തന്നെ സ്കൂളിലയച്ചില്ലെങ്കില്‍ താന്‍ പച്ചവെള്ളം പോലും കുടിക്കില്ലായെന്നും അവള്‍ പറഞ്ഞു. അങ്ങനെ ലക്ഷ്മിയെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് പഠിക്കാനയക്കേണ്ടി വന്നു. അങ്ങനെ ഒരു വര്‍ഷത്തിനുശേഷം അവള്‍ വീണ്ടും പഠനം തുടര്‍ന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഇന്ന് അവള്‍ക്ക് 38 വയസുണ്ട്. മൂന്ന് മക്കളുടെ അമ്മയുമാണ്.

വിവാഹശേഷമുള്ള ലക്ഷ്മിയുടെ ജീവിതം

മകളെ ഗര്‍ഭം ധരിച്ചതോടെ ലക്ഷ്മിയുടെ പഠനം അവസാനിച്ചു. എന്നാല്‍, കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്രാമത്തില്‍ ഭാരത് വൈദ്യ പ്രവര്‍ത്തനം തുടങ്ങി. അങ്ങനെ ഗ്രാമപഞ്ചായത്ത് അതിനായി ഒരു സന്നദ്ധ പ്രവര്‍ത്തകയെ അന്വേഷിച്ചു തുടങ്ങി. രോഗികളുടെ വിവരങ്ങളന്വേഷിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട ജോലി. ലക്ഷ്മി പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിരുന്നുവെന്ന് പഞ്ചായത്തിലുള്ളവര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ ഗ്രാമത്തിലെ ആരോഗ്യപ്രവര്‍ത്തകയായി ജോലി നോക്കാന്‍ ലക്ഷ്മിക്ക് അവസരം കിട്ടി. നവജാതശിശുക്കളുടെ പരിചരണം, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനം, മറ്റ് രോഗികള്‍ക്കിടയിലെ പ്രവര്‍ത്തനം എന്നിവയൊക്കെയായിരുന്നു ശ്രദ്ധിക്കേണ്ടത്. 

മാസത്തില്‍ മുന്നൂറ് രൂപയായിരുന്നു കിട്ടിയിരുന്നത്. പ്രഗ്നന്‍സി ടെസ്റ്റ്, എച്ച്ഐവി ടെസ്റ്റ് എന്നിവയ്ക്കുള്ള ഉപകരണങ്ങളും കയ്യിലുണ്ടാകും. സ്വന്തം ഗ്രാമത്തിലും അയല്‍ഗ്രാമത്തിലുമുള്ളവര്‍ ഒരു കുഞ്ഞുഡോക്ടറായിത്തന്നെയാണ് ലക്ഷ്മിയെ കണ്ടിരുന്നത്. ആദ്യമാദ്യം ആളുകള്‍ അവളെ പരിഹസിക്കുകയായിരുന്നു. വെറും പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച ഒരാളെങ്ങനെ ഡോക്ടര്‍മാരെ സഹായിക്കുമെന്നായിരുന്നു പരിഹാസം. എന്നാല്‍, ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ ആളുകള്‍ക്ക് അവളില്‍ വിശ്വാസം ജനിക്കുകയായിരുന്നു. 

ആരോഗ്യപ്രവര്‍ത്തനങ്ങള്‍ അവിടെയുള്ള സ്ത്രീകളുടെ അവസ്ഥ എത്ര മോശമാണ് എന്ന് ലക്ഷ്മിക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. അങ്ങനെ അവിടെയുള്ള ഒരു പത്തുപന്ത്രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്വാശ്രയസംഘം ലക്ഷ്മി ആരംഭിച്ചു. അതില്‍ പലരും വിധവകളോ, തകര്‍ന്ന വിവാഹത്തിലുള്ളവരോ, സ്വന്തം പേരില്‍ സ്വത്തോ സമ്പാദ്യമോ ഒന്നുമില്ലാത്തവരോ ഒക്കെയായിരുന്നു. എന്തെങ്കിലും ഒരാവശ്യത്തിന് ലോണെടുക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ മാസത്തില്‍ 100 രൂപ പോലെ ചെറിയ പണം സ്വരുക്കൂട്ടി അവര്‍ പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട്, മക്കളുടെ വിദ്യാഭ്യാസം പോലെയുള്ള ആവശ്യങ്ങള്‍ക്ക് ലോണെടുക്കാവുന്ന രീതിയിലേക്ക് അത് മാറി. 

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം 2010 -ല്‍ എച്ച്എംഎഫ് ലക്ഷ്മിയുടെ കഴിവുകൾ തിരിച്ചറിഞ്ഞു, അവരെ ഒരു ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് നാമനിർദ്ദേശം ചെയ്തു, ഇത് കോറോ ഇന്ത്യ (കമ്മിറ്റി ഓഫ് റിസോഴ്സ് ഓർഗനൈസേഷൻ ഫോർ ലിറ്ററസി)യാണ് നടത്തുന്നത്. ഇത് താഴെത്തട്ടിലുള്ള വനിതാ നേതാക്കൾക്കുള്ള വേദിയാണ്. അങ്ങനെ സിംഗിള്‍ വുമണ്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അവിവാഹിതരായ സ്ത്രീകൾക്കിടയിലായിരുന്നു പ്രധാനമായും ഇതിന്റെ പ്രവർത്തനം. 5000 രൂപയായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് ലക്ഷ്മിക്ക് കിട്ടിയിരുന്ന തുക. ഇന്ന് തന്നെപ്പോലെ 190 വനിതാ നേതാക്കളെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. നാല് ജില്ലകളില്‍ നിന്നായി 300 ഗ്രാമങ്ങളില്‍ നിന്നുള്ളവരാണവര്‍. അവിവാഹിതരായ 17000 സ്ത്രീകളെ അതിക്രമങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനും ലക്ഷ്മിക്ക് കഴിഞ്ഞു. 

വളരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞതിന്‍റെയും അമ്മയായിതിന്‍റെയും ദുരന്തങ്ങളും പ്രയാസങ്ങളുമെല്ലാം അനുഭവിച്ചയാളാണ് ലക്ഷ്മി. അതുകൊണ്ടു തന്നെ അവിവാഹിതരായ സ്ത്രീകള്‍ക്ക് ബാലവിവാഹങ്ങള്‍ക്കെതിരയടക്കം അറിവ് പകര്‍ന്നു നല്‍കാന്‍ ലക്ഷ്മിക്ക് കഴിഞ്ഞു. ജോലി കഴിഞ്ഞ് രാത്രിയില്‍ മടങ്ങി വരുന്ന ലക്ഷ്മിക്കെതിരെ നാട്ടുകാര്‍ പല അപവാദങ്ങളും പറഞ്ഞു. വൈകിവന്നുവെന്നതുകൊണ്ടുമാത്രം ഒരു രാത്രി മഴയത്തവള്‍ക്ക് വീടിന് മുറ്റത്ത് നില്‍ക്കേണ്ടി വന്നു. ഭര്‍ത്താവ് മദ്യപിച്ചു വന്നിട്ടടക്കം പലവിധ ബുദ്ധിമുട്ടുകളും പീഡനങ്ങളും തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്ന് അവര്‍ പറയുന്നു. വിദ്യാഭ്യാസമില്ലാത്തത് ആരെയും പീഡിപ്പിക്കാനുള്ള ലൈസന്‍സല്ലെന്നും ലക്ഷ്മി പറയുന്നുണ്ട്. എന്നാല്‍, ഉറക്കെ സംസാരിച്ചു തുടങ്ങിയപ്പോള്‍ വീട്ടിലെ സ്ഥിതി മെച്ചപ്പെട്ടുവെന്നും ലക്ഷ്മി പറയുന്നു. കൊറോണ സമയത്തുപോലും വീട്ടിലെ കാര്യങ്ങളും കുട്ടികളെയും നോക്കി ആരോഗ്യപ്രവര്‍ത്തനങ്ങളുമായി സജീവമാണ് ലക്ഷ്മി.