Asianet News MalayalamAsianet News Malayalam

അഞ്ചാം വയസിൽ വീട്ടുകാർ തെരുവിലിറക്കിവിട്ടു, ഇന്ന് അനാഥരായ കു‍ഞ്ഞുങ്ങൾക്ക് അഭയമായി മനീഷ

ഏത് അനാഥക്കുഞ്ഞിനെ കണ്ടാലും അവര്‍ക്ക് ആഹാരവും നല്ല ആരോഗ്യപരിരക്ഷയും കിട്ടുന്നുണ്ടോ എന്ന് മനീഷ ഉറപ്പ് വരുത്തും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കും. പക്ഷേ, ഇതൊന്നും അത്ര എളുപ്പമല്ല.

inspiring story of manisha a transgender women
Author
Chhattisgarh, First Published Jul 2, 2021, 12:42 PM IST

സമാനവേദനയനുഭവിക്കുന്ന മറ്റുള്ളവരെ മനുഷ്യർക്ക് എളുപ്പത്തിൽ മനസിലാക്കാനാവും എന്ന് പറയാറുണ്ട്. കുട്ടിക്കാലത്ത് ഒരുപാട് വേദനയും അവ​ഗണനയും വാങ്ങി ജീവിക്കേണ്ടി വന്നവരിൽ ചിലരെങ്കിലും മറ്റ് കുട്ടികൾക്ക് തന്റെ അവസ്ഥ വരരുതേ എന്ന് ആ​ഗ്രഹിക്കാറുണ്ട്. അതിലൊരാളാണ് മനീഷ. ഇത് മനീഷയെ കുറിച്ചാണ്. 

ഛത്തീസ്‌ഗഢില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയാണ് മനീഷ. വളരെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു അവരുടെ കുട്ടിക്കാലം. അതേക്കുറിച്ച് അവര്‍ തന്നെ പറയുന്നത് ഇങ്ങനെയാണ്, 'എന്‍റെ അച്ഛന്‍ എന്നെ ഉപേക്ഷിച്ചു. അമ്മയും വീട്ടുകാരും എന്നെ ഉപേക്ഷിച്ചു. ദിവസങ്ങളോളം എനിക്ക് പാലോ, ഭക്ഷണമോ ഒന്നും കിട്ടിയില്ല. അന്ന് ഞാന്‍ പ്രതിജ്ഞ എടുത്തതാണ് എന്നെങ്കിലും ഞാനൊരു അമ്മയാകും. അന്ന് അച്ഛനോ അമ്മയോ ഇല്ലാത്ത ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കും. അവരുടെ അമ്മയും അച്ഛനും എല്ലാം ഞാനാകും.' 

വളരെ ചെറുപ്പത്തില്‍ തന്നെ മനീഷ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടു. അവൾ മറ്റ് കുട്ടികളെ പോലെ അല്ലെന്നും വീട്ടുകാർക്ക് അപമാനമാവുമോ എന്നും ഭയന്ന് അവരവളെ ആദ്യമെല്ലാം പൂട്ടിയിട്ടു. പുറത്തിറങ്ങിയാലും ആൺകുട്ടികളോ പെൺകുട്ടികളോ അവളെ കൂടെക്കളിക്കാൻ പോലും കൂട്ടില്ല. ഒടുവിൽ, അഞ്ചാമത്തെ വയസിൽ വീട്ടുകാരവളെ ഒരു തെരുവിലുപേക്ഷിച്ചു. ജീവിക്കാന്‍ വഴി കാണാതെ അവള്‍ക്ക് അലയേണ്ടി വന്നു. ആ കുട്ടിക്കാലമാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവളെ പ്രാപ്തയാക്കിയത്. പത്തോളം കുഞ്ഞുങ്ങളെ മനീഷ ദത്തെടുത്തിട്ടുണ്ട്. അതില്‍‌ ഏറ്റവും ചെറിയ കുഞ്ഞിന് ഏഴ് മാസമാണ് പ്രായം. 

അക്കൂട്ടത്തിലൊരു കുഞ്ഞിന്‍റെ അച്ഛനും അമ്മയും മരിച്ചതാണ്. താക്കൂര്‍ ദാദമാര്‍ ആ കുട്ടിക്ക് മദ്യം നല്‍കുകയും ഉപദ്രവിക്കുകയും ഒടുവില്‍ വലിച്ചെറിയുകയും ചെയ്തു. അവിടെക്കിടന്ന് കുട്ടിയെ ഉറുമ്പുകള്‍ കടിച്ചു. ആ കുഞ്ഞിനെ മനീഷ ആശുപത്രിയിലെത്തിച്ചു. അവരുടെ കയ്യിൽ ചികിത്സയ്ക്ക് നൽകാൻ പണമില്ലായിരുന്നു. പക്ഷേ, ഫീസിലധികവും ഡോക്ടര്‍ തന്നെ നല്‍കി. ആ കുഞ്ഞിനെ നോക്കാമോ എന്ന് അവളോട് ചോദിച്ചു. അങ്ങനെ ആ കുഞ്ഞിനെയും മനീഷ കൂടെക്കൂട്ടി. 

ഏത് അനാഥക്കുഞ്ഞിനെ കണ്ടാലും അവര്‍ക്ക് ആഹാരവും നല്ല ആരോഗ്യപരിരക്ഷയും കിട്ടുന്നുണ്ടോ എന്ന് മനീഷ ഉറപ്പ് വരുത്തും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കും. പക്ഷേ, ഇതൊന്നും അത്ര എളുപ്പമല്ല. പറ്റാവുന്ന എല്ലാ ജോലിയും ചെയ്താണ് അവള്‍ ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നത് കൊണ്ട് തന്നെ പലപ്പോഴും സമൂഹവും അവര്‍ക്ക് പരിഗണന നല്‍കാറില്ല. എങ്കിലും നല്ലവരായ ആളുകളുടെ സഹായം ആ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ മനീഷ പ്രതീക്ഷിക്കുന്നുണ്ട്. പറ്റാവുന്നിടത്തോളം കുഞ്ഞുങ്ങൾക്ക് താങ്ങാവുക എന്നതാണ് അവളുടെ സ്വപ്നവും ലക്ഷ്യവുമെല്ലാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios