Asianet News MalayalamAsianet News Malayalam

ഒരിക്കൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു, ഇന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പഠിക്കാൻ വഴിയൊരുക്കി റീത്ത

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ റീത്ത ഒരു ഓര്‍ഗനൈസേഷന്‍റെ ഭാഗമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു. ഉത്തർപ്രദേശിലെ ദലിതരുടെ സഹനങ്ങള്‍ ആദ്യമായി അവര്‍ അക്കാലത്ത് നേരിട്ടുകണ്ടു.

inspiring story of social worker Reeta Kaushik
Author
Gorakhpur, First Published Sep 28, 2021, 1:14 PM IST
  • Facebook
  • Twitter
  • Whatsapp

ഗോരഖ്പൂരില്‍ (Gorakhpur) നിന്നുള്ള റീത്ത കൗശിക്കി (Reeta Kaushik ) -നോട് നിങ്ങളുടെ ഈ ജീവിതത്തിന് പ്രചോദനമെന്താണ് എന്ന് ചോദിച്ചാല്‍ അവരുടെ മറുപടി, 'ഞാന്‍ തന്നെയാണ് എന്‍റെ ജീവിതത്തിന് പ്രചോദനമാവുന്നത്' എന്നതായിരിക്കും. തനിക്ക് പറ്റാവുന്നത് പോലെയെല്ലാം സാമൂഹിക ദുരാചാരങ്ങള്‍ക്കും, ജാതീയതയ്ക്കും, എന്തിന് തന്നെ ഒരു ബാലവധുവാക്കാന്‍ ശ്രമിച്ച ബന്ധുക്കളോടുമെല്ലാം പോരാടിയ സ്ത്രീയാണ് റീത്ത. 'ഞാനൊരു ദളിത് ആണ്, ഞാനൊരു സ്ത്രീയുമാണ്. ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് ഈ രാജ്യത്ത് എവിടെയും സ്ഥാനമില്ല. ഓരോ വഴിയിലും ഞാന്‍ നിലനില്‍പിന് വേണ്ടി പോരാടുകയായിരുന്നു' എന്ന് റീത്ത പറയുന്നു. റീത്തയെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയാം.

റിക്ഷ വലിച്ച് ഉപജീവനം കഴിക്കുന്ന ഒരു കുടുംബത്തില്‍ ജനിച്ച റീത്ത എപ്പോഴും നെഞ്ചോട് ചേര്‍ത്ത വാക്കുകള്‍ ഡോ. ബി.ആർ അംബേദ്കറുടേതാണ്. 'വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു ദളിതന്‍റെ വിമോചനം പൂര്‍ണമാവൂ' എന്നതായിരുന്നു അത്. ഇന്ന്, അവളുടെ കുടുംബത്തിലെ ഔപചാരിക വിദ്യാഭ്യാസം നേടുന്ന ആദ്യ വനിതയും കുശിനഗറിലെയും ഗോരഖ്പൂരിലെയും 126 സമുദായങ്ങളിലായി 112 ഗ്രാമപഞ്ചായത്തുകളിലെ പെൺകുട്ടികളിലേക്കെത്തിയ 'സമുദായ കല്യാണം ഏവം വികാസ് സന്സ്ഥാൻ' (Samudayik Kalyan Evam Vikas Sansthan- SKVS) സ്ഥാപകയുമാണ് റീത്ത.

അവളുടെ ഉദ്യമത്തിലൂടെ മുഖ്യധാരാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ചവര്‍ക്ക് അത് തുടരാനുള്ള സാഹചര്യമൊരുക്കുകയും, വിവിധ പരിശീലനങ്ങള്‍  നല്‍കുകയും ചെയ്യുന്നു. മുസഹർ, ദളിത്, മുസ്ലീം സമുദായങ്ങളിലെ 25,026 കുട്ടികളിലേക്കും യുവാക്കളിലേക്കും ഇതെത്തിച്ചേർന്നു കഴിഞ്ഞു. ഒപ്പം തന്നെ സ്ത്രീകളിലെ നേതൃഗുണം വര്‍ധിപ്പിക്കുന്നതിലും, പട്ടിണി, പോഷകാഹാരക്കുറവ്, ആരോഗ്യം, ശുചിത്വം എന്നീ കാര്യങ്ങളിലുമെല്ലാം ഇവര്‍ ഇടപെടലുകള്‍ നടത്തുന്നു. 

എന്നാൽ മുസഹർ സമൂഹത്തിൽ റീത്ത കൊണ്ടുവന്ന സുപ്രധാനമായ മാറ്റങ്ങളിലൊന്ന് ഭൂമിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആളുകളെ സഹായിക്കുക എന്നതാണ്. അടിച്ചമർത്തലിനെ അവസരമാക്കി മാറ്റിയ 48 -കാരിയായ ഒരു സ്ത്രീയിൽ നിന്നാണ് ഇതെല്ലാമുണ്ടായിരിക്കുന്നത്.

ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലൊന്നായ മുസഹർ സമുദായം നദികൾക്കും അഴുക്കുചാലുകൾക്കും സമീപം താമസിക്കുന്നതായി അറിയപ്പെടുന്നു. അവർ ഭൂരഹിതരായ ഒരു കൂട്ടം തൊഴിലാളികളായിരുന്നു. അവർ നിരന്തരം അടിച്ചമർത്തപ്പെട്ടു. റീത്തയുടെ കുടുംബം വിദ്യാഭ്യാസത്തിന് ഒരിക്കലും മുൻഗണന നൽകിയിരുന്നില്ല. കുടുംബത്തിന്റെ വരുമാനത്തിനായി അവളുടെ അച്ഛന്‍ പച്ചക്കറികൾ വിറ്റു. റീത്തയുടെ മൂത്ത സഹോദരിയെ വീട്ടുജോലികൾ ചെയ്യാൻ പ്രേരിപ്പിച്ചപ്പോൾ, റീത്തയ്ക്ക് രണ്ട് ഇളയ സഹോദരന്മാരെ മൂന്ന് കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് കൊണ്ടുപോകേണ്ടിയും വന്നു.

എന്നാല്‍, ക്ലാസിന് പുറത്ത് അവരെ കാത്ത് നില്‍ക്കുന്നതിന് പകരം അവള്‍ താനും ക്ലാസിലിരുന്നോട്ടെ എന്ന് അഭ്യര്‍ത്ഥിച്ചു. അന്ന് അവള്‍ക്ക് എട്ട് വയസായിരുന്നു. എന്നാല്‍, അവളുടെ മാതാപിതാക്കള്‍ അവളോട് പറഞ്ഞത് പെണ്‍കുട്ടികള്‍ പഠിക്കേണ്ടതില്ല എന്നായിരുന്നു. എന്നാല്‍, പഠിച്ചേ തീരൂവെന്ന അവളുടെ വാശി അവള്‍ക്ക് ഒരു സൗജന്യ സ്കോളര്‍ഷിപ്പോടെ ഒരു പ്രൈവറ്റ് സ്കൂളില്‍ പ്രവേശനം നേടിക്കൊടുത്തു. അവിടെയും അവള്‍ക്ക് ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. അധ്യാപകര്‍ അവളോട് ജാതിയുടെ പേരില്‍ വിവേചനം കാണിച്ചു. റാങ്കുകള്‍ നിരസിക്കപ്പെട്ടു. അതേസമയം തന്നെ അവളുടെ സ്വകാര്യജീവിതത്തിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. അവിടെ പെണ്‍കുട്ടി എന്ന പേരിലാണ് അവള്‍ വിവേചനം അനുഭവിച്ചത്. 

12 -ാം വയസ്സിൽ അവൾ വിവാഹിതയായി. എന്നാല്‍, 1991 -ൽ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകേണ്ട സമയമായപ്പോഴേക്കും അവൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്, ഒന്നാം വർഷ ബിഎസ്‌സി ക്ലാസിൽ ഒന്നാം റാങ്ക് നേടിയാണ് റീത്ത വിജയിച്ചത്. എന്നാല്‍, ജീവിതത്തില്‍ ഇനിയും നേടാനുണ്ട് എന്ന് തോന്നിയ റീത്ത ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഉടനെ തന്നെ തിരികെ വന്നു. പിന്നീടൊരിക്കലും തിരികെ പോയില്ല. എന്നാല്‍, രണ്ടാം വര്‍ഷം ആയപ്പോഴേക്കും സാമ്പത്തികമായ പ്രതിസന്ധികളില്‍ പെട്ട് അവള്‍ പഠനമുപേക്ഷിച്ചു. പിന്നീട്, ഷോര്‍ട്ട്ഹാന്‍ഡ് പഠിച്ചു 1996 -ല്‍ ഒരു ഡിസ്പെന്‍സറിയില്‍ 1500 രൂപ ശമ്പളത്തിന് ജോലിക്ക് കയറി. പിന്നീട്, ആര്‍ട്ട്സ് പഠിക്കാനായി ചേര്‍ന്നു. 

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ റീത്ത ഒരു ഓര്‍ഗനൈസേഷന്‍റെ ഭാഗമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു. ഉത്തർപ്രദേശിലെ ദലിതരുടെ സഹനങ്ങള്‍ ആദ്യമായി അവര്‍ അക്കാലത്ത് നേരിട്ടുകണ്ടു. ആശുപത്രികള്‍ക്കകത്ത് കയറാന്‍ പോലും അനുവാദമില്ലാതെ ദളിത് സ്ത്രീകള്‍ പുറത്ത് പ്രസവവേദനയില്‍ പുളയുന്നത് റീത്ത നേരില്‍ കണ്ടു. ഇതെല്ലാം അവളെ കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചു, 1999 ആയപ്പോഴേക്കും ബിരുദധാരിയായ റീത്ത ഒരു ബിരുദാനന്തര ബിരുദം നേടാൻ തീരുമാനിച്ചു. സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് അവൾ അഭിമാനത്തോടെ പറയുന്നു. 

2000 -ത്തിൽ അവൾ പുനർവിവാഹം ചെയ്തു. ഇത്തവണ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. ഒരു ഓഫീസ് അസിസ്റ്റന്റായി ജോലി തുടർന്നു. എന്നാൽ, അവളുടെ പ്രസവാവധിയെ തുടര്‍ന്ന് കരിയറില്‍ വലിയ നഷ്ടങ്ങളുണ്ടായി. ഒരു ദശാബ്ദക്കാലത്തെ ജോലിക്ക് ശേഷം അവളുടെ ശമ്പളം 7,000 രൂപയിൽ നിന്ന് 5,000 രൂപയായി കുറയുകയും ചെയ്തു. ഇത് സ്വന്തം സംഘടന രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതിലേക്ക് നയിച്ചു. എല്ലാവരിലേക്കും വിദ്യാഭ്യാസം എത്തിക്കുക എന്നതായിരുന്നു അതിന്‍റെ പ്രാഥമിക ലക്ഷ്യം. ഒപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുക, അടിച്ചമര്‍ത്തലുകളെ നേരിടുക എന്നതും അതിന്‍റെ ലക്ഷ്യമായി. 

വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് അവൾ 2003 -ൽ SKVS ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു. ക്രമേണ, ആരോഗ്യം, പോഷകാഹാരം, സാമ്പത്തിക ശാക്തീകരണം, ശുചിത്വം, ഉപജീവനമാർ​ഗം, ഭൂമിയുടെ അവകാശങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വികസിച്ചു. ''2007 -ൽ എനിക്ക് ദളിത് ഫൗണ്ടേഷനിൽ നിന്ന് ഫെലോഷിപ്പ് ലഭിച്ചു. ഒന്നരലക്ഷം രൂപയും രണ്ട് ലക്ഷം രൂപയും അടങ്ങുന്ന നിരവധി ഗ്രാന്റുകളുമായി, 2008 -ഓടെ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു” അവർ പറയുന്നു. 

മുസഹർ സമുദായത്തിൽ നിന്നുള്ള നിരവധി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് റീത്ത ധനസഹായം നൽകി. അവരിൽ ഒരാൾ ഇപ്പോൾ ഉത്തർപ്രദേശ് സർക്കാരിന്റെ വൺ സ്റ്റോപ്പ് സെന്റർ (OSC) സ്കീമിൽ സെൻട്രൽ മാനേജരായി ജോലി ചെയ്യുന്നു. 2013 മുതൽ, സംഘടന 15,118 വിദ്യാർത്ഥികളെ മുഖ്യധാരാ വിദ്യാഭ്യാസവും, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള 2,879 വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സുകളും, 624 വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനവും നൽകി. തയ്യൽ തൊഴിൽ പരിശീലനത്തിലൂടെ 373 പെൺകുട്ടികൾ സ്വന്തം തയ്യൽ മെഷീനുകൾ ഉപയോഗിച്ച് 3,000 മുതൽ 5,000 രൂപ വരെ വരുമാനം ഉണ്ടാക്കുന്നു. പതിനെട്ട് വനിതാ സ്വയം സഹായ സംഘങ്ങൾ (SHG) രൂപീകരിച്ചിട്ടുണ്ട്. 

പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. "എന്തിനുവേണ്ടിയും ആർക്കുവേണ്ടിയുമാണ് ഞാൻ പ്രവർത്തിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു അനന്തമായ പാഠമാണ് എന്റെ യാത്ര. എന്റെ പ്രദേശത്ത് ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. അതിനാൽ വരും കാലത്തുള്ള എന്റെ ഒരേയൊരു ആഗ്രഹം ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടുകയും ഓരോ പെൺകുട്ടിയും വിദ്യാഭ്യാസം നേടുകയും ചെയ്യുക എന്നതാണ്. ” റീത്ത പറയുന്നു. 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ) 
 

Follow Us:
Download App:
  • android
  • ios