നായക്കുട്ടികളെ ഓമനിച്ച് വളര്‍ത്താന്‍ പലര്‍ക്കും ഇഷ്ടമാണ്. മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് വളര്‍ത്തുനായ്ക്കള്‍. വിശ്വസ്തതയും ധൈര്യവും കാരണം നായ്ക്കളെ പൊലീസ് വകുപ്പില്‍ കേസിന് തുമ്പുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ടല്ലോ. വളര്‍ത്തുമൃഗങ്ങളെ കുടുംബത്തിലെ ഒരംഗമായി കരുതുന്നതിന്റെ ആദ്യപടിയാണ് അവയ്ക്ക് ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്ന പദ്ധതി.

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വളര്‍ത്തുമൃഗങ്ങളുടെ വിപണി ഇന്ത്യയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 -ല്‍ 10 മില്യണില്‍ കൂടുതലാണ് വളര്‍ത്തുമൃഗങ്ങളുടെ ഉത്പാദനത്തിലുള്ള വര്‍ധനവ്. മൃഗങ്ങളെ വിറ്റഴിക്കുന്നതിലൂടെ 800 മില്യണ്‍ ഡോളറില്‍ക്കൂടുതല്‍ പണം വിപണിയിലെത്തിയിട്ടുണ്ട്. ഇവിടെയാണ് വളര്‍ത്തു നായ്ക്കളെ ഇന്‍ഷൂര്‍ ചെയ്യുക എന്ന ആശയത്തിനുള്ള പ്രാധാന്യം.

 

പബ്ലിക് സെക്ടര്‍ ഇന്‍ഷൂറേഴ്‌സ് ആണ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് നല്‍കുന്നത്. നായകള്‍, പൂച്ചകള്‍, കുതിര, മുയല്‍, പന്നികള്‍ എന്നിവയാണ് വളര്‍ത്തുമൃഗങ്ങളുടെ ലിസ്റ്റിലുള്ളത്. അസുഖം മൂലം മൃഗങ്ങള്‍ ചാകുമ്പോഴും അപകടമരണം, വിഷവസ്തുക്കള്‍ ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിവയ്ക്കുമാണ് ഇന്‍ഷൂറന്‍സ് നല്‍കുന്നത്. എട്ട് ആഴ്ച മുതല്‍ എട്ട് വര്‍ഷം വരെ പ്രായമുള്ള മൃഗങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് ബാധകം. മൃഗങ്ങളെ നഷ്ടപ്പെടുമ്പോഴും ആരെങ്കിലും മോഷ്ടിക്കുമ്പോഴും ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ ബാധകമാണ്.

ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡിന് നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷൂര്‍ ചെയ്യാനുള്ള സ്‌കീം ഉണ്ട്. പബ്ലിക് സെക്റ്ററില്‍ പട്ടി, പൂച്ച, കുതിര, മുയല്‍ എന്നിവയ്ക്കാണ് ഇന്‍ഷൂറന്‍സ് ബാധകം.

 

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. ആരോഗ്യ സംബന്ധമായ സര്‍ട്ടിഫിക്കറ്റില്‍ ടാറ്റൂ ഉപയോഗിച്ചോ മൂക്ക് കൊണ്ട് അടയാളപ്പെടുത്തിയോ തിരിച്ചറിയല്‍ രേഖ തയ്യാറാക്കണം. ഇന്‍ഷൂര്‍ ചെയ്ത തുകയുടെ അഞ്ച് ശതമാനമാണ് പ്രീമിയം.

ഇന്‍ഷൂര്‍ ചെയ്ത തുകയുടെ 80 ശതമാനം തുകയുടെ ഉത്തരവാദിത്വം കമ്പനിക്കും 20 ശതമാനം തുക മൃഗങ്ങളുടെ ഉടമസ്ഥനുമാണ്.

വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ചെലവും കൂടി ഇന്‍ഷൂറന്‍സില്‍ വരാന്‍ വേണ്ടിയാണ് ഇത്തരം സ്‌കീം നിലവില്‍ വന്നിരിക്കുന്നത്. അസുഖം ബാധിച്ചാല്‍ ഡോക്ടര്‍ക്ക് നല്‍കുന്ന ഫീസും വെറ്ററിനറി ആശുപത്രിയിലെ ചികിത്സയും ദൈനംദിന പരിശോധനയുമെല്ലാം ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍പ്പെടും.

നായകളെ വളര്‍ത്തുന്നവര്‍ക്ക് ആരോഗ്യപരിരക്ഷയ്ക്കായി നല്ല തുക ആവശ്യമുണ്ട്. 13 വര്‍ഷമാണ് ഒരു നായയുടെ ആയുസ്. വാക്‌സിന്‍, വിരയിളക്കാനുള്ള മരുന്ന്, മറ്റുള്ള അസുഖങ്ങള്‍ക്കുള്ള ചികിത്സാച്ചെലവ് എന്നിവയ്‌ക്കെല്ലാമായി 5000 മുതല്‍ 15,000 രൂപ വരെ നായകളെ വളര്‍ത്തുന്നവര്‍ക്ക് ചെലവാകുന്നുണ്ട്. വളര്‍ത്തുനായ്ക്കള്‍ക്ക് ഒരു ആയുസ് മുഴുവനുമുള്ള ചിലവ് ഏകദേശം 2 ലക്ഷത്തിനും 3 ലക്ഷത്തിനുമിടയിലാണ്.