Asianet News MalayalamAsianet News Malayalam

​ഗൃഹാതുരതയുടെ ശബ്ദം, ഓഡിയോ കാസറ്റുകളുടെ സ്രഷ്ടാവ് അന്തരിച്ചു...

ആർക്കും ഉപയോഗിക്കാൻ സാധിക്കുന്ന കൊണ്ടുനടക്കാവുന്ന ലളിതമായ എന്തെങ്കിലും ഉണ്ടാക്കുക എന്നതായിരുന്നു ഓട്ടൻസിന്റെ ലക്ഷ്യം. 1963 ൽ ഇത് ബെർലിൻ റേഡിയോ ഇലക്ട്രോണിക്സ് മേളയിൽ അവതരിപ്പിക്കുകയും താമസിയാതെ ലോകമെമ്പാടും വിജയിക്കുകയും ചെയ്തു.

inventor of the cassette tape Lou Ottens no more
Author
Netherlands, First Published Mar 12, 2021, 12:03 PM IST

ഇന്ത്യയിൽ 80 -കളിലും 90 -കളിലും ഓഡിയോ കാസറ്റുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. സംഗീതത്തെ സാധാരണക്കാരന്റെ വീടുകളിൽ എത്തിക്കാൻ ഓഡിയോ കാസറ്റുകൾക്ക് കഴിഞ്ഞിരുന്നു. ഇന്ന് ഐപോഡുകളും, MP3 -യും ഒക്കെ ആ സ്ഥാനം കൈയടക്കുമ്പോൾ, കാസറ്റുകൾ ഗൃഹാതുരത്വം നിറഞ്ഞൊരു ഓർമ്മ മാത്രമായി അവശേഷിക്കുന്നു. എന്നാൽ, ഒരു തലമുറയുടെ സംഗീത ആസ്വാദന ശീലത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അത് വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഓരോ പുതിയ കാസറ്റുകളും റിലീസ് ചെയ്യുന്നതും ആകാംഷയോടെ കാത്തിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. ഒരുപക്ഷേ അന്നത്തെ കാത്തിരിപ്പിന്റെ രസവും, പുതുമയും ഇന്ന് ഇല്ലെങ്കിലും, സംഗീത ആസ്വാദനത്തെ പുതിയൊരു തലത്തിലേക്കുയർത്താൻ ആ കണ്ടുപിടുത്തം സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.

നമ്മെ ഇത്രയധികം സ്വാധീനിച്ചിരുന്നു ആ ഓഡിയോ കാസറ്റ് ടേപ്പുകളുടെ സ്രഷ്ടാവ് ആരാണെന്നറിയാമോ? ലൂ ഓട്ടൻസ്. എന്നാൽ ആ പ്രതിഭ ഇപ്പോൾ 94 -ാം വയസ്സിൽ ലോകം വിട്ടിരിക്കുന്നു. 2021 മാർച്ച് ആറിന് ഓട്ടൻസ് അന്തരിച്ചു. നെതർലാൻഡിലെ താമസക്കാരനായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. ഓഡിയോ കാസറ്റിനൊപ്പം സിഡിയുടെ കണ്ടെത്തലിലും ഓട്ടൻസ് പ്രധാന പങ്ക് വഹിച്ചു.  

1926 -ൽ ബെല്ലിംഗ് വോൾഡിലാണ് ഓട്ടൻസ് ജനിച്ചത്. എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം 1952 -ൽ ബെൽജിയത്തിലെ ഫിലിപ്സിന്റെ ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങി. 1960 -ൽ, അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയും പുതുതായി സൃഷ്ടിച്ച ഉൽ‌പാദന വകുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം, 1961 -ൽ ഓട്ടൻസ് ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ടേപ്പ് റെക്കോർഡർ സൃഷ്ടിച്ചു. ഉയർന്ന നിലവാരമുള്ള ശബ്‌ദം നൽകുന്ന വലിയ റീൽ-ടു-റീൽ ടേപ്പുകൾക്ക് പകരമായാണ് ഓട്ടൻസ് ഇത് നിർമ്മിച്ചത്. കാരണം അവ വളരെ ചെലവേറിയതും, കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതുമായിരുന്നു. ടേപ്പ് സാങ്കേതികവിദ്യയെ ചുരുക്കുകയെന്ന ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.  

ആർക്കും ഉപയോഗിക്കാൻ സാധിക്കുന്ന കൊണ്ടുനടക്കാവുന്ന ലളിതമായ എന്തെങ്കിലും ഉണ്ടാക്കുക എന്നതായിരുന്നു ഓട്ടൻസിന്റെ ലക്ഷ്യം. 1963 ൽ ഇത് ബെർലിൻ റേഡിയോ ഇലക്ട്രോണിക്സ് മേളയിൽ അവതരിപ്പിക്കുകയും താമസിയാതെ ലോകമെമ്പാടും വിജയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ജപ്പാനും കാസറ്റുകൾ നിർമ്മിച്ചു. അദ്ദേഹത്തിന്റെ മോഡൽ സ്ഥിരീകരിച്ച ഫിലിപ്സ്, സോണി എന്നിവരുമായി ഓട്ടൻസ് ഒരു കരാറിൽ ഏർപ്പെട്ടു. ഈ പുതിയ സാങ്കേതികവിദ്യയുടെ ലൈസൻസ് മറ്റ് നിർമ്മാതാക്കൾക്ക് സൗജന്യമായി നൽകണമെന്ന് അദ്ദേഹം ഫിലിപ്സിനോട് വാദിച്ചു. ഇത് കാസറ്റുകൾ ലോകമെമ്പാടും വ്യാപിക്കുന്നതിന് വഴിയൊരുക്കി.

inventor of the cassette tape Lou Ottens no more

കാസറ്റിന്റെ അമ്പതാം വാർഷികത്തിൽ, ടൈം മാഗസിൻ പറഞ്ഞത് ആദ്യ ദിവസം മുതൽ തന്നെ അതൊരു വലിയ തരംഗമായിരുന്നു എന്നാണ്. 1979 -ൽ പുറത്തിറങ്ങിയ കോംപാക്റ്റ് ഡിസ്ക് (സിഡി) ഫിലിപ്സ്, സോണി എന്നിവരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമാണ്. ഓട്ടൻസ് അതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ഏകദേശം 100 ബില്ല്യൺ കാസറ്റുകളും 200 ബില്ല്യൺ സിഡികളും ഇതുവരെ ലോകമെമ്പാടും വിറ്റുവെന്നാണ് പറയുന്നത്. നാലു വർഷത്തിനുശേഷം അദ്ദേഹം വിരമിച്ചു. തന്റെ കരിയറിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ ഏറ്റവും വലിയ ഖേദമാണ് ഫിലിപ്സിന് പകരം സോണി കാസറ്റ് ടേപ്പ് പ്ലേയർ വാക്ക്മാൻ സൃഷ്ടിച്ചത് എന്നദ്ദേഹം പറയുകയുണ്ടായി.

കാസറ്റ് ടേപ്പുകൾക്ക് സമീപ വർഷങ്ങളിൽ ജനപ്രീതി വർദ്ധിച്ചിട്ടുണ്ട്. ലേഡി ഗാഗ, ദി കില്ലേഴ്സ് എന്നിവയുൾപ്പെടെ നിരവധി കലാകാരന്മാർ അവരുടെ സംഗീതം പുറത്തിറക്കി. യുകെയിലെ Official Charts Company പറയുന്നതനുസരിച്ച്, 2020 -ന്റെ ആദ്യ പകുതിയിൽ കാസറ്റുകളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 103 ശതമാനം വർദ്ധനവുണ്ട്. യു‌എസിൽ‌, നീൽ‌സൺ‌ സംഗീതമനുസരിച്ച്, കാസറ്റ് ടേപ്പുകളുടെ വിൽ‌പന മുൻ‌വർഷത്തെ അപേക്ഷിച്ച് 2018 ൽ 23% വർദ്ധിച്ചു.

Follow Us:
Download App:
  • android
  • ios