വിമാനത്തിന്‍റെ സീറ്റുകൾക്കിടയില്‍ ഐപാഡ് കുരുങ്ങിയതോടെ വിമാനം തിരിച്ചിറക്കി. 


ബിസിനസ് ക്ലാസ് സീറ്റിലെ യാത്രക്കാരന്‍റെ ഐപാഡ് സീറ്റുകള്‍ക്കിടിയില്‍ കുരുങ്ങിപ്പോയതിനെ തുടര്‍ന്ന് 461 പേരുമായി പറന്നുയര്‍ന്ന ലുഫ്താൻസ വിമാനം തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍ നിന്നും മ്യൂണിക്കിലേക്ക് പറന്നുയർന്ന എയർബസ് 380 വിമാനം ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരു ഐപാഡിന്‍റെ പേരില്‍ ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

വിമാനം തിരിച്ച് വിടാന്‍ പൈലറ്റുമാര്‍ തീരുമാനം എടുത്തപ്പോഴേക്കും സീറ്റിന്‍റെ ചലനം കാരണം ഐപാഡിന് അതിനകം തന്നെ രൂപഭേദം സംഭവിച്ചിരുന്നെന്ന് ലുഫ്താൻസ വക്താവ് ബിസിനസ് ഇൻസൈഡറിന് നൽകിയ പ്രസ്താവനയിൽ പറയുന്നു. ലോഹവസ്തുക്കൾ തമ്മില്‍ പരസ്പരം ഉരസുന്നതിനാല്‍ എന്തെങ്കിലും തരത്തിലുള്ള അപകട സാധ്യത കണക്കിലെടുത്താണ്, പ്രത്യേകിച്ചും തീ പിടിക്കുന്നത് പോലുള്ള അപകട സാധ്യത കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More:കടലില്‍ ഒഴുകി നടക്കുന്ന ആടുകൾ, അവയെ പിടികൂടാന്‍ ബോട്ടുകൾ; വീഡിയോ വൈറല്‍

സുരക്ഷയ്ക്ക് പ്രധാന്യം കൊടുത്തു കൊണ്ടുള്ള പൈലറ്റുമാരുടെ തീരുമാനത്തെ ഫ്ലൈറ്റ് ക്രൂവും എയർ ട്രാഫിക് കൺട്രോളും സംയുക്തമായി അംഗീകരിച്ചു. ഇതോടെയാണ് വിമാനത്തിന് തിരിച്ചിറങ്ങാന്‍ അനുമതി ലഭിച്ചത്. ടാബ്‌ലെറ്റുകളിലും ലാപ്‌ടോപ്പുകളിലും സാധാരണയായി കാണപ്പെടുന്ന ലിഥിയം ബാറ്ററികൾ കേടായാലോ, എന്തെങ്കിലും തരത്തില്‍ സംഘർഷം ഉണ്ടാകുമ്പോഴോ അത് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സംഭവങ്ങൾ തെർമൽ റൺഅവേ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്തിന് കാരണമാകും - ബാറ്ററി അമിതമായി ചൂടാകുന്നതിനും തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ പോലും സാധ്യതയുള്ള ഒരു ചെയിൻ റിയാക്ഷൻ സംഭവിക്കും. ഇത് തീ പിടിത്തത്തിലേക്ക് നയിക്കും. 

ലുഫ്താൻസ യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനം വഴിതിരിച്ച് വിട്ടതെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. ബോസ്റ്റണിൽ വിമാനത്താവളത്തില്‍ വച്ച് സീറ്റുകൾക്കിടയില്‍ നിന്നും ടാബ്‍ലറ്റ് നീക്കും ചെയ്ത ശേഷം ലുഫ്താൻസ ടെക്‌നിക് സംഘം വിമാനത്തില്‍ക്കയറി പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തിയ ശേഷം വിമാനം വീണ്ടും പറന്നുയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read More:  22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി