ഹിജാബ് ധരിച്ചില്ല എന്ന കാരണം പറഞ്ഞാണ് മഹ്സ അമിനിയെ മറ്റ് ചില സ്ത്രീകള്‍ക്കൊപ്പം പിടികൂടിയത്. പൊലീസ് വാനില്‍വെച്ച് മഹ്‌സ അമിനിയെ ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

റാനില്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ മതപൊലീസുകാര്‍ പിടികൂടിയ പെണ്‍കുട്ടിയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. മതപരമായ വിലക്കുകള്‍ നടപ്പാക്കുന്ന ഗഷ്‌തെ ഇര്‍ഷാദ് എന്ന സദാചാര പൊലീസിനെതിരെ സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നു. സംഭവം വന്‍ വിവാദമായതോടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ആഭ്യന്തര വകുപ്പിനോട് വിശദീകരണം തേടി. കേസ് അന്വേഷിക്കുന്നതിന് ഇറാന്‍ കോടതി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലാണ് ഈ ദാരുണ സംഭവം നടന്നത്. 22 വയസ്സുകാരിയായ മഹ്സ അമിനിയാണ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് അബോധാവസ്ഥയിലായ ശേഷം ആശുപത്രിയില്‍ വെച്ച് മരിച്ചത്. കുടുംബത്തോടൊപ്പം തെഹ്‌റാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് കുപ്രസിദ്ധമായ സദാചാര പോലീസ് അവളെ പിടികൂടിയത്. ഹിജാബ് ധരിച്ചില്ല എന്ന കാരണം പറഞ്ഞാണ് മഹ്സ അമിനിയെ മറ്റ് ചില സ്ത്രീകള്‍ക്കൊപ്പം പിടികൂടിയത്. പൊലീസ് വാനില്‍വെച്ച് മഹ്‌സ അമിനിയെ ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചു. പൊലീസ് പിടികൂടുന്ന സമയത്ത് മഹ്‌സ ആരോഗ്യവതിയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. 

ഇസ്‌ലാമിക ഭരണം നിലവിലുള്ള ഇറാനില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഹിജാബ് അടക്കമുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന നിയമമുണ്ട്. ഇറാനില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മതപൊലീസ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് പതിവാണ്. ഈ മതപൊലീസിനെതിരെ നേരത്തെ തന്നെ നിരവധി പരാതികള്‍ നിലവിലുണ്ട്്. ആഴ്ചകള്‍ക്കു മുമ്പ് ഇറാനില്‍ മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് റഈസി അറിയിച്ചിരുന്നു. ഫേസ്യല്‍ റെകഗ്‌നിഷന്‍ അടക്കമുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ച് ഹിജാബ് ധാരണം നിര്‍ബന്ധമാക്കാനും പ്രസിഡന്റ് ഉത്തരവിട്ടു. അതിനു പിന്നാെല മതപൊലീസ് ഈ പേരില്‍ സ്ത്രീകളെ പിടികൂടുന്നത് വ്യാപകമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ സംഭവം. 

അറസ്റ്റ് ചെയ്ത് മതപൊലീസിന്റെ കാര്യാലയത്തിലേക്ക് കൊണ്ടുവന്ന പെണ്‍കുട്ടി കോമയിലായതായി മത പൊലീസുകാര്‍ അറിയിക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയില്‍ ചെന്നപ്പോള്‍ മകള്‍ മരിച്ച നിലയിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നു മഹ്‌സയെന്ന് വീട്ടുകാര്‍ പറഞ്ഞു. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മരണമെന്നാണ് മതെപാലീസുകാര്‍ പറയുന്നത്. എന്നാല്‍, മഹ്‌സയ്ക്ക് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. 

പോലീസ് സ്റ്റേഷനില്‍ എത്തുന്നതിനും ആശുപത്രിയിലേക്ക് പോകുന്നതിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് വാനില്‍ വെച്ച് മഹ്‌സയുടെ തലയ്ക്ക് അടിയേറ്റതാവാം മരണത്തിന് ഇടയാക്കിയതെന്നാണ് ഇറാനിലെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്ന 1500 തവ്സിര്‍ ചാനല്‍ റിപ്പോര്‍ട്ട് െചയ്തത്. 

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് വിവിധ തലങ്ങളില്‍ നിന്നും ഉയരുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുമ്പില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.