കർക്കശക്കാരിയായ ഒരു പൊലീസ് ഓഫീസർ മാത്രമല്ല, ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് അവർ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനായി   സംജുക്ത തന്റെ ഒഴിവ് സമയങ്ങൾ ചെലവഴിക്കുന്നു.   

ഇന്ന് രാജ്യം മുഴുവൻ അഴിമതിക്കും ഭീകരതയ്ക്കുമെതിരെ പോരാടുമ്പോൾ, അതിനായി കൈയും മെയ്യും മറന്ന് പ്രവർത്തിക്കുന്ന നിരവധി വനിതാ പൊലീസ് ഉദ്യോഗസ്ഥർ നമുക്കുണ്ട്. ആസാമിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന സംജുക്ത പരാശർ അതിനൊരുദാഹരണമാണ്. അവരുടെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

എകെ -47 തോക്കുമായി ദിവസവും അസമിലെ കാടുകളിൽ പട്രോളിംഗ് നടത്തുന്ന അവർ ഭീകരർക്ക് ഒരു പേടിസ്വപ്നമാണ്. അസമിൽ 15 മാസത്തിനിടെ 16 തീവ്രവാദികളെയാണ് അവർ വെടിവെച്ച് വീഴ്ത്തിയത്. ഇത് കൂടാതെ നിരവധി ഭീകരരെ അറസ്റ്റ് ചെയ്യുകയും, ടൺ കണക്കിന് വെടിയുണ്ടകളും ആയുധങ്ങളും കണ്ടുകെട്ടുകയും ചെയ്തു അവർ. ഒടുവിൽ അവരെ ഭയന്ന് തീവ്രവാദികൾ പ്രദേശം വിടാൻ തുടങ്ങി.

ആസാമിലാണ് സംജുക്ത ജനിച്ചത്. അവിടെ തന്നെയായിരുന്നു സ്കൂൾ വിദ്യാഭ്യാസവും. അതിനുശേഷം ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ പിജി പൂർത്തിയാക്കി. തുടർന്ന്, യുഎസ് ഫോറിൻ പോളിസിയിൽ എംഫിലും പിഎച്ച്ഡിയും ചെയ്തു.

അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 85 -ാം റാങ്ക് നേടിയ സംജുക്ത 2006 -ൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥയായി. ആദ്യ പോസ്റ്റിംഗ് 2008 -ലായിരുന്നു. അസമിലെ മാക്കുവിൽ അസിസ്റ്റന്റ് കമാൻഡന്റായി സംജുക്ത നിയമിതയായി. ഇതിനുശേഷമാണ് ഉദൽഗിരിയിൽ ബോഡോകളും ബംഗ്ലാദേശികളും തമ്മിലുള്ള പോരാട്ടം നിയന്ത്രിക്കാനുള്ള ചുമതല അവർ ഏറ്റെടുക്കുന്നത്.

അസമിലെ സോണിത്പൂർ ജില്ലയിൽ എസ്പിയായിരിക്കെ, സംജുക്ത പരാശർ സിആർപിഎഫ് ജവാന്മാരുടെ സംഘത്തെ നയിച്ചു. കൈയിൽ എകെ 47 -നുമായി അവർ ബോഡോ തീവ്രവാദികളുമായി പോരാടി. ഈ ഓപ്പറേഷന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ചിത്രങ്ങളിൽ മുഴുവൻ ടീമിനൊപ്പം എകെ -47 തോക്കുമായി നടന്നു നീങ്ങുന്ന അവരെ കാണാമായിരുന്നു. ഭയത്തിന്റെ ഒരു തരിമ്പ് പോലുമില്ലാതെയാണ് അവർ ഭീകരർക്ക് മുന്നിൽ പൊരുതി നിന്നത്. അവരുടെ ഈ സ്വഭാവം കൊണ്ട് തന്നെ പലതവണ, തീവ്രവാദ സംഘടനയിൽ നിന്ന് അവർക്ക് വധഭീഷണി ഉണ്ടായി. എന്നാൽ അവർ അതൊന്നും കാര്യമാക്കിയില്ല. മറിച്ച് അവരുടെ പേര് കേട്ടാൽ ഭീകരർ വിറക്കാൻ തുടങ്ങി.

2015 -ൽ സംജുക്ത, ബോഡോ വിരുദ്ധ ഭീകര പ്രവർത്തനത്തിന് നേതൃത്വം നൽകി. വെറും 15 മാസത്തിനുള്ളിൽ അവൾ 16 തീവ്രവാദികളെ വധിച്ചു. ഇതിനുപുറമെ, 64 ബോഡോ തീവ്രവാദികളെ അവർ ജയിലിലടച്ചു. ഇതോടൊപ്പം സംജുക്തയുടെ സംഘം വൻ ആയുധശേഖരവും വെടിയുണ്ടകളും കണ്ടെടുത്തു. അവളുടെ ടീം 2014 -ൽ 175 ഭീകരരെയും 2013 -ൽ 172 ഭീകരരെയും ഇരുമ്പഴിക്കുള്ളിലാക്കി. കർക്കശക്കാരിയായ ഒരു പൊലീസ് ഓഫീസർ മാത്രമല്ല, ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് അവർ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനായി സംജുക്ത തന്റെ ഒഴിവ് സമയങ്ങൾ ചെലവഴിക്കുന്നു.

41 -കാരിയായ അവർക്ക് ഒൻപത് വയസുള്ള ഒരു മകനുണ്ട്. അസമിലെ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ സന്ദീപ് കക്കറിനെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്. എല്ലാ വർഷവും അവൾ അപൂർവമായി മാത്രമേ ഭർത്താവിനെ കാണാറുള്ളൂ. തന്നെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം എത്ര വലുതാണെന്ന് അവർക്ക് പൂർണബോധ്യമുണ്ട്. സ്വന്തം ആവശ്യങ്ങളേക്കാൾ, രാജ്യത്തിന്റെ താല്പര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയായ അവർ, ഇപ്പോൾ ഡൽഹിയിലാണുള്ളത്.