കീടങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബി.ടി വഴുതന കൃഷി ചെയ്യുന്നത് വഴി ബംഗ്ലാദേശില്‍ കര്‍ഷകര്‍ ഉയര്‍ന്ന വിളവ് ഉത്പാദിപ്പിച്ചുവെന്ന് ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. ഐ.എഫ്.പി.ആര്‍.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ബി.ടി വഴുതന വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് സാധാരണ നാടന്‍ ഇനത്തേക്കാള്‍ 42 ശതമാനത്തോളം കൂടുതല്‍ വിളവ് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ജനിതകമാറ്റം വരുത്തിയ വഴുതന എത്രത്തോളം സ്വീകാര്യമാണെന്നറിയാനാണ് എ.എഫ്.പി.ആര്‍.ഐ പഠനം നടത്തിയത്. ബംഗ്ലാദേശിലെ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹികോ, കോര്‍ണല്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇതെല്ലാമെന്ന് ബി.ടി വഴുതനയെ വിമര്‍ശിച്ചുകൊണ്ട് ബംഗ്ലാദേശിലെ സിവില്‍ സൊസൈറ്റി റിസര്‍ച്ച് ഗ്രൂപ്പും രംഗത്ത് വന്നിരിക്കുന്നു.

മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്‌സ് കമ്പനി (മഹീകോ) ആണ് കീടങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തി ബി.ടി വഴുതന വികസിപ്പിച്ചത്. മണ്ണില്‍ കാണപ്പെടുന്ന ഒരുതരം ബാക്റ്റീരിയയായ ബാസിലസ് തുറിഞ്ചിയന്‍സിസ് (ബി.ടി) പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ വിളകളെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാമെന്ന് കണ്ടുപിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബി.ടി വഴുതനയ്ക്ക് ജന്മം കൊടുത്തത്. ഈ വിഷാംശം സ്വയം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഈ ബാക്റ്റീരിയയുടെ ഡി.എന്‍.എയില്‍ നിന്നും ജീനുകള്‍ വേര്‍തിരിച്ച് ഇതിനെ വഴുതനച്ചെടിയുടെ ഡി.എന്‍.എ വ്യവസ്ഥയിലേക്ക് കടത്തിവിട്ടാല്‍ ചെടിക്ക് കീടങ്ങളെ അകറ്റിനിര്‍ത്താനുള്ള വിഷം സ്വയം നിര്‍മിക്കാന്‍ കഴിയുന്നു. സാധാരണ വിളകള്‍ക്ക് കീടബാധയേല്‍ക്കാതിരിക്കാന്‍ തളിക്കുന്ന രാസവസ്തുക്കളേക്കാള്‍ ദോഷകരമാണ് ജനിതകമായി സന്നിവേശിപ്പിക്കപ്പെട്ട ബി.ടി എന്ന ഘടകമെന്ന് ആരോപണമുയര്‍ന്നിരുന്നു.

ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കീടനാശിനികളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ശേഖരിക്കുന്ന 'ജി.എം വാച്ച്' നടത്തിയ അന്വേഷണത്തില്‍ ബി.ടി വഴുതന കൂടുതല്‍ വിളവ് നല്‍കുന്നുവെന്ന വാദം ശരിയല്ലെന്നും പറയുന്നു. ബി.ടി വഴുതനയുടെ കൃഷിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വരുമാനം കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ജനിതകമാറ്റം വരുത്താത്ത പ്രാദേശിക ഇനത്തില്‍പ്പെട്ട വഴുതനകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുന്നുവെന്ന് ബംഗ്ലാദേശിലെ സിവില്‍ സൊസൈറ്റി റിസര്‍ച്ച് ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ഫരീദ അക്തര്‍ പറയുന്നു.

ഐ.പി.എഫ്.ആര്‍.ഐ പഠനം നടത്താനായി തെരഞ്ഞെടുത്തത് ബി.ടി വഴുതന-4 എന്ന ഇനമാണ്. ജനിതക മാറ്റം വരുത്താത്ത ഉയര്‍ന്ന വിളവ് തരുന്ന ഒരുതരം വഴുതന ഇനമായ ഐ.എസ്.ഡി-006 -ല്‍ നിന്ന് വികസിപ്പിച്ചെടുത്തതാണ് ഇത്. അതായത് ജനിതകപരമായി സാമ്യമുണ്ടെങ്കിലും ജനിതക മാറ്റം നടത്തിയ ഇനമല്ല ഈ ഐ.എസ്.ഡി-006 എന്നര്‍ഥം.

ഐ.പി.എഫ്.ആര്‍.ഐ റിപ്പോര്‍ട്ട് പ്രകാരം ഒരു ഹെക്ടറില്‍ നിന്ന് ലഭിച്ച ബി.ടി വഴുതനയുടെ അളവ് 13,914.3 കി.ഗ്രാം ആണ്. അതേസമയം ജനിതകമാറ്റം വരുത്താത്ത വഴുതനയില്‍ നിന്ന് ലഭിച്ച വിളവ് 10,483.1 കി.ഗ്രാം ആണ്.

'ബി.ടി വഴുതന നല്‍കുന്നുവെന്ന് പറയപ്പെടുന്ന ഉയര്‍ന്ന വരുമാനം അംഗീകരിക്കപ്പെട്ടതല്ല. നല്ല വിളവ് തരുന്ന നാടന്‍ വഴുതന ഇനങ്ങളെപ്പറ്റി ശാസ്ത്രീയമായ വിശകലനം നടത്തിയാല്‍ കാര്‍ഷിക രംഗത്ത് ഇവയ്ക്കുള്ള ഉയര്‍ന്ന സ്ഥാനം മനസിലാക്കാന്‍ കഴിയും. ഐ.പി.എഫ്.ആര്‍.ഐ  ഇപ്പോള്‍ ബി.ടി വഴുതനെക്കുറിച്ച് തരുന്ന റിപ്പോര്‍ട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.' ഫരീദ അക്തര്‍ പറയുന്നു.

ഏതെങ്കിലും ഒരു കര്‍ഷകന് ലഭിച്ച വിളവിനെ അടിസ്ഥാനപ്പെടുത്തി വഴുതനയുടെ ഗുണനിലവാരം തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് ബി.ടി വഴുതനയെ എതിര്‍ക്കുന്നവര്‍ക്ക് അഭിപ്രായമുണ്ട്. ബംഗ്ലാദേശില്‍ നാടന്‍ വഴുതനയിനങ്ങള്‍ പരിശോധിച്ച് ശരാശരി എത്രത്തോളം വിളവ് ഉത്പാദിപ്പിക്കാന്‍ കഴിയുന്നുവെന്നത് കണ്ടെത്തിയ ശേഷമേ ജനിതക മാറ്റം വരുത്തിയ വഴുതനയുടെ ഉയര്‍ന്ന ഉത്പാദന ശേഷിയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടുള്ളുവെന്ന് ഫരീദ അക്തര്‍ പറയുന്നു.

എന്തിന് ബി.ടി വഴുതന ഉപയോഗിക്കണം?

ബി.ടി വഴുതനയുടെ പ്രൊമോട്ടര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ഫരീദ അക്തര്‍ ചോദ്യമെറിയുന്നു.

'കീടനാശിനി ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തതാണ് ബി.ടി വഴുതനയെന്നാണ് സര്‍ക്കാര്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഐ.പി.എഫ്.ആര്‍.ഐ റിപ്പോര്‍ട്ട് പ്രകാരം 'വിഷാംശം കുറയ്ക്കുന്നു', 'കീടനാശിനി ഉപയോഗം കുറയ്ക്കുന്നു' എന്നൊക്കെയാണ് അവകാശ വാദം. ഇങ്ങനെ വിഷാംശവും കീടനാശിനി ഉപയോഗവും കുറയ്ക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമെങ്കില്‍ എന്തിനാണ് ജനിതക മാറ്റം വരുത്തിയ ബി.ടി വഴുതന ഉത്പാദിപ്പിക്കുന്നത്? കീടനാശിനി ഉപയോഗം കുറച്ചും വിഷാംശം കുറച്ചും നല്ല വിളവ് തരുന്ന നാടന്‍ വഴുതനയിനങ്ങള്‍ തന്നെ ഉള്ളപ്പോള്‍ എന്തിനാണ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ബി.ടി വഴുതന കൃഷി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്?

ബി.ടി വഴുതനയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

പരിസ്ഥിതി സംബന്ധമായ രോഗങ്ങളെക്കുറിച്ച് പര്യവേക്ഷണം നടത്തുന്ന ഡോ. ലോ ഗല്ലാഗര്‍ പറയുന്നത് എലികളില്‍ നടത്തിയ പരീക്ഷണത്തെക്കുറിച്ചാണ്. 'ബി.ടി വഴുതന ഭക്ഷിച്ച എലികളില്‍ അവയവങ്ങളും പര്യയന വ്യവസ്ഥകളും തകരാറിലായതായി കണ്ടു. അണ്ഡാശയത്തിന്റെ വലുപ്പം സാധാരണയില്‍ നിന്നും  പകുതിയായി. ശ്വേത രക്താണുക്കളുടെ അളവ് 35 മുതല്‍ 40 ശതമാനം വരെ കൂടുതലായതായും രോഗപ്രതിരോധ ശേഷിയില്‍ മാറ്റം വരുത്തുന്നതായും കരളില്‍ വിഷാംശം ബാധിച്ചതായും കണ്ടെത്തി.'