ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി പ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദൾ എന്ന ആർജെഡിയും, കോൺഗ്രസും, സിപിഐ, സിപിഎം അടക്കമുള്ള ഇടതുകക്ഷികളും ഒക്കെ ഇക്കുറി ഒറ്റക്കെട്ടായി നിന്നാണ് ബിഹാറിൽ എൻഡിഎ സഖ്യത്തിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാടാനിറങ്ങുന്നത്. മഹാഗഡ്ബന്ധൻ അഥവാ ഗ്രാൻഡ് അലയൻസ് എന്ന പേരിലാണ് സഖ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തേജസ്വിയുടെ പക്വതക്കുറവിനെതിരെ രൂക്ഷമായ പ്രചാരണം നടത്തിയ കോൺഗ്രസ്-ഇടതു നേതാക്കൾക്ക് ഇക്കുറി കടകവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടാവും വോട്ടർമാരെ സ്വാധീനിക്കാൻ ഇറങ്ങേണ്ടി വരിക. 

ഇതിനകം തന്നെ, തുടർച്ചയായ ഏഴോളം റാലികളിൽ പങ്കെടുത്തു കഴിഞ്ഞു തേജസ്വി യാദവ്. എന്നാൽ, സ്റ്റാർ ക്യാമ്പെയ്‌നർമാരുടെ ലിസ്റ്റിൽ പേരുണ്ടായിരുന്നിട്ടും കനയ്യ കുമാർ എന്ന തീപ്പൊരി പ്രാസംഗികനെ  അങ്ങനെ സജീവമായി കളത്തിലിറക്കിക്കണ്ടില്ല മഹാസഖ്യം ഇതുവരെയും എന്നത് എതിർ പാളയത്തിൽ നിന്ന് പല അഭ്യൂഹങ്ങളും പുറപ്പെടാൻ ഇടനൽകിയിട്ടുണ്ട്. ഈ അഭ്യൂഹങ്ങളിൽ ഒന്ന് ഇതാണ്. കനയ്യ കുമാർ പ്രസംഗിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തേജസ്വി യാദവ്  ചിലപ്പോൾ ആ വാഗ്ധോരണിക്ക് മുന്നിൽ തികച്ചും നിഷ്പ്രഭനായിപ്പോകും. ലൈം ലൈറ്റ് മുഴുവൻ, തെരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യുന്നില്ലാത്ത കനയ്യ കൊണ്ടുപോകും. ജനങ്ങളുടെ മനസ്സിലേക്ക് തന്റെ പ്രസംഗശൈലി കൊണ്ട് കനയ്യ കയറിക്കൂടും. അത് തെരഞ്ഞെടുപ്പിലെ തേജസ്വിയുടെയും, തദ്വാരാ അർജെഡിയുടെ തന്നെയും സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും. ഇങ്ങനെ ഒരു ഭയം ആർജെഡി നേതാക്കളുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ് കനയ്യയെ അധികം കളത്തിലിറക്കാതെ പ്രചാരണം നടത്തിത്തീർക്കാൻ മഹാ സഖ്യം തീരുമാനിച്ചത് എന്നാണ് എൻഡിഎ ക്യാമ്പിൽ നിന്നുള്ള ആക്ഷേപം. എന്നാൽ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ കനയ്യയുടെ അടുത്ത അനുയായിയായ ധനഞ്ജയ് നിഷേധിക്കുകയുണ്ടായി. പ്രചാരണ പരിപാടികൾ നിശ്ചയിക്കുന്നത് സഖ്യത്തിന്റെ പ്രചാരണ വിഭാഗമാണ് എന്നും, സ്റ്റാർ ക്യാമ്പെയ്‌നർമാർ അതനുസരിച്ച് ചെന്ന് പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

 

 

2019 -ൽ നടന്ന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിയിൽ നിന്ന് മത്സരിച്ചപ്പോൾ ആർജെഡി അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിച്ചിരുന്നു. ആ തെരഞ്ഞെടുപ്പിൽ നാലു ലക്ഷത്തിലേറെ വോട്ടിന് എൻഡിഎ നേതാവ് ഗിരിരാജ് സിംഗ് കനയ്യ കുമാറിനെ തോൽപ്പിച്ചിരുന്നു. ഇന്ന് രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ട്. ആർജെഡിയും സിപിഐയും ഇന്ന് ഒരേ പാളയത്തിലാണ്.  

സിപിഐ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചപ്പോൾ, വിദ്യാർത്ഥി വിഭാഗമായ എഐഎസ്എഫിനെ അവഗണിച്ചു എന്നും പറഞ്ഞു കൊണ്ട് വിദ്യാർത്ഥി നേതാക്കൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സിപിഐ ഓഫീസിനു മുന്നിൽ ധർണ ഇരുന്നിരുന്നു. എഐഎസ്എഫിൽ നിന്ന് സിപിഐയിൽ എത്തിയ കനയ്യക്ക് അവിടെ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല എന്നൊരു മുറുമുറുപ്പും കനയ്യ പക്ഷത്ത് സജീവമാണ്. ഇത്തവണ കനയ്യ കുമാറിന് സിപിഐ നിയമ സഭയിലേക്ക് മത്സരിക്കാൻ സീറ്റുനൽകിയേക്കും എന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു എങ്കിലും, ആ പ്രതീക്ഷകൾ വിഫലമാവുകയാണുണ്ടായത്. 

ബിഹാറിൽ അങ്ങോളമിങ്ങോളം നടന്നുകൊണ്ട് കനയ്യ കുമാർ സിഎഎ -എൻആർസി എന്നിവയ്ക്കെതിരായി നടത്തിയ ജൻ ഗൺ യാത്രയ്ക്ക് വിചാരിച്ചത്ര ജനക്കൂട്ടമുണ്ടായില്ല എന്നാണ് സിപിഐക്കുള്ളിൽ ഉടലെടുത്ത അഭിപ്രായം. അതുകൊണ്ടു കൂടിയാകും കൂടുതൽ സീനിയർ ആയ നേതാക്കൾക്ക് അവർ ഇത്തവണ സീറ്റുകൾ നൽകിയതും, കനയ്യയെ പാടെ അവഗണിച്ചു കളഞ്ഞതും. കൊവിഡ് ലോക്ക് ഡൗണും പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളെ വിപരീതമായി ബാധിച്ചു എന്ന് സിപിഐ വൃത്തങ്ങൾ പറയുന്നുണ്ട്. 

കനയ്യ കുമാറിന് പ്രചാരണ വേദികളിൽ നല്ല ഡിമാൻഡ് തന്നെയാണുള്ളത് എങ്കിലും ഇക്കാര്യത്തിൽ അന്തിമമായ ഷെഡ്യൂളുകൾ ഇടുന്നത് ആർജെഡി-കോൺഗ്രസ്-ഇടതു പാർട്ടികളുടെ പ്രതിനിധികൾ അടങ്ങിയ പ്രചാരണ സമിതി ആണെന്നും, കനയ്യയെ മനഃപൂർവം രംഗത്തിറക്കാതെ ഇരിക്കുന്നതാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ കഴമ്പില്ല എന്നും സംസ്ഥാനത്തെ മുതിർന്ന സിപിഐ നേതാക്കളിൽ ഒരാളായ ഇന്ദു ഭൂഷൺ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.