Asianet News MalayalamAsianet News Malayalam

ഈ 'ഗെയിം ഓഫ് ത്രോൺസ്' കണ്ടില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ..?

ഈ 'കണ്ടേ തീരൂ' എന്നുള്ള ബോധ്യം നിർമ്മിക്കപ്പെടുന്നത് അത്ര സ്വാഭാവികമായ ഒരു പ്രക്രിയയിലൂടെയല്ല. അതിനു പിന്നിൽ വളരെ സ്വാഭാവികം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വിപണിയുടെ താത്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുതന്നെയാണ് സോക്കർ, ക്രിക്കറ്റ് വേൾഡ് കപ്പുകളുടെയും IPLന്റെയും ഒക്കെ പിന്നിലുള്ളതും. അങ്ങനെയുള്ള സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടുകൊണ്ട് ഒന്നും കാണേണ്ടതില്ല എന്നുള്ള തീരുമാനം ഒരു പ്രതിഷേധമാണ് പലപ്പോഴും. 

Is it okay if I don't watch Game of Thrones..?
Author
Trivandrum, First Published Apr 15, 2019, 6:26 PM IST

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്റർനെറ്റിലെ പൗരന്മാർ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. GOT കാണുന്നവരും GOT കാണാത്തവരും. എന്താണീ GOT എന്നാവും. സാരമില്ല.. അത് 'ഗെയിം ഓഫ് ത്രോൺസ്' എന്ന പ്രസിദ്ധമായ ഒരു ടെലിവിഷൻ സീരീസിന്റെ ചുരുക്കപ്പേരാണ്. വെറുമൊരു സീരിയൽ എന്നൊന്നും വിളിച്ച് അതിനെ കുറച്ച് കാണരുത്. അതൊരു 'കൾട്ട്' ആണ്. 

എന്താണീ 'ഗെയിം ഓഫ് ത്രോൺസ്'..? 

അതൊരു അമേരിക്കൻ ഫാന്റസി ഡ്രാമയാണ്. സീരീസ് ആയാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ഇവിടത്തെ ഭാഷയിൽ പറഞ്ഞാൽ ടെലി സീരിയൽ. HBO ചാനലിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കികൊടുത്ത ഒരു സീരീസ് ആണിത്. ലോകത്ത് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വിൽക്കപ്പെടുന്ന ഒരു ടെലിവിഷൻ പരിപാടിയും ഇതു തന്നെയാവും. ഈ പരിപാടിയുടെ ശക്തമായ ഇന്റർനാഷണൽ ഫാൻ ബേസ് തന്നെയാണ് അതിനു ബലം. ജോർജ്ജ് ആർ ആർ മാർട്ടിൻ എഴുതി 1996 -ൽ പുറത്തുവന്ന എ സോങ്ങ് ഓഫ് ഫയർ ആൻഡ് ഐസ് എന്ന പേരിലുള്ള ഫാന്റസി നോവൽ സീരീസിലെ ആദ്യ നോവലിന്റെ പേരാണ് ' ഗെയിം ഓഫ് ത്രോൺസ് '.2011-ൽ അമേരിക്കയിൽ ആദ്യ സീസൺ സംപ്രേഷണം ചെയ്തുതുടങ്ങിയ ഈ സീരീസ് 2019 -ലെ അതിന്റെ എട്ടാമത്തെ സീസണോടെ പര്യവസാനിക്കും. അതുകൊണ്ടു കൂടിയാണ് ഇത്രയും ഹൈപ്പ്. 

GOT'ന്റെ  അവിഭാജ്യ ഘടകങ്ങളായ നഗ്നത, ലൈംഗികത, അക്രമാസക്തത എന്നിവയുടെ പേരിൽ ഏറെ  വിമർശനങ്ങളും ഉയരുകയുണ്ടായിട്ടുണ്ട്.

വളരെ നല്ല അഭിപ്രായം എല്ലായിടത്തുനിന്നും ഈ സീരീസിന്റെ ഇതുവരെയുള്ള സീസണുകൾക്ക് കിട്ടുകയുണ്ടായെങ്കിലും  അഭിനന്ദനങ്ങൾക്കൊപ്പം, GOT'ന്റെ  അവിഭാജ്യ ഘടകങ്ങളായ നഗ്നത, ലൈംഗികത, അക്രമാസക്തത എന്നിവയുടെ പേരിൽ ഏറെ  വിമർശനങ്ങളും ഉയരുകയുണ്ടായിട്ടുണ്ട്. എല്ലാക്കൊല്ലവും എമ്മി അവാർഡുകളിൽ നിത്യസാന്നിധ്യമാണ് ഗെയിം ഓഫ് ത്രോൺസ്. കഴിഞ്ഞ സീസണിൽ എല്ലാ പ്ലാറ്റുഫോമുകളിലുമായി മൂന്നുകോടിയിലധികം പ്രേക്ഷകർ ഈ പരിപാടി ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ടെന്നാണ് കണക്ക്.  

Is it okay if I don't watch Game of Thrones..?

കണ്ടിലെങ്കിൽ കുഴപ്പമുണ്ടോ..? 

ഗെയിം ഓഫ് ത്രോൺസ് കാണുക എന്നുപറഞ്ഞാൽ ആ ഒരു എലൈറ്റ് അപ്പർ ക്ലാസിന്റെ ഭാഗമാവുക എന്നാണ്. ചർച്ചകളിൽ അതേപ്പറ്റിയുള്ള വർണ്ണനകളാണ്. വന്നുവന്ന് അത് കാണാത്തത് എന്തോ കുറച്ചിലാണ് എന്നമട്ടായിട്ടുണ്ട്. അതാണ് ചോദിച്ചത്, GOT കണ്ടില്ലെങ്കിൽ, കാണണം എന്ന് ആത്മാർത്ഥമായും തോന്നുന്നില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ..?

സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടുകൊണ്ട് ഒന്നും കാണേണ്ടതില്ല എന്നുള്ള തീരുമാനം ഒരു പ്രതിഷേധമാണ്

ഇതുവരെ കാണാഞ്ഞതിന് രണ്ടുണ്ട് കാരണം. ഒന്ന്, അത് സ്ട്രീം ചെയ്യുന്ന ചാനലിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലായ്ക. രണ്ട്, അത്രമേൽ ഭക്തി അതിനോടില്ലായ്ക. എന്തോ, കണ്ടില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ കാൽഭാഗം പാഴായി എന്ന മട്ടിലുള്ള മഹത്വവൽക്കരണങ്ങൾ പണ്ടും ചെടിപ്പിക്കൽ തന്നെയാണ്. പണ്ട് ബ്രേക്കിംഗ് ബാഡ് എന്നൊരു അമേരിക്കൻ സീരീസ്  സ്ട്രീം ചെയ്യാൻ തുടങ്ങിയപ്പോഴും ഇതേ പാടുതന്നെയായിരുന്നു. നിങ്ങൾ എന്തോ ജീവിതത്തിൽ മിസ് ചെയ്യുന്നു എന്നും, എന്താണ് നിങ്ങൾ മിസ് ചെയ്യുന്നതെന്ന് അത് കണ്ടാലേ തിരിച്ചറിയൂ എന്നൊക്കെയായിരുന്നു തള്ള്. എന്നിട്ടൊടുവിൽ മിനക്കെട്ട് അത് കണ്ടപ്പോൾ പ്രത്യേകിച്ചൊരു നഷ്ടബോധവുമൊട്ടുണ്ടായതുമില്ല. 

Is it okay if I don't watch Game of Thrones..?

ഈ 'കണ്ടേ തീരൂ' എന്നുള്ള ബോധ്യം നിർമ്മിക്കപ്പെടുന്നത് അത്ര സ്വാഭാവികമായ ഒരു പ്രക്രിയയിലൂടെയല്ല. അതിനു പിന്നിൽ വളരെ സ്വാഭാവികം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വിപണിയുടെ താത്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുതന്നെയാണ് സോക്കർ, ക്രിക്കറ്റ് വേൾഡ് കപ്പുകളുടെയും IPLന്റെയും ഒക്കെ പിന്നിൽ പ്രവർത്തിക്കുന്നതും. അങ്ങനെയുള്ള സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടുകൊണ്ട് ഒന്നും കാണേണ്ടതില്ല എന്നുള്ള തീരുമാനം ഒരു പ്രതിഷേധമാണ് പലപ്പോഴും. 

ഇത് ഒരു ഷോ കാണണോ വേണ്ടേ എന്ന് തീരുമാനിക്കുന്നിടത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഏതൊരു കാര്യത്തിൽ മറുപടി പറയുന്നതിന് മുമ്പും, അല്ലെങ്കിൽ ഏതൊരു മുന്നേറ്റത്തെ പിന്തുണയ്ക്കുന്നതിനു മുമ്പും അക്കാര്യത്തിൽ ഫേസ്‌ബുക്ക്, ട്വിറ്റർ പൊതുബോധ്യങ്ങൾ എങ്ങനെ എന്ന് പരിശോധിച്ച് ആ ഭൂരിപക്ഷബോധ്യത്തിന്റെ നിഴൽ പറ്റിയുള്ള സുരക്ഷിതമായ അഭിപ്രായങ്ങളാണ് പലരും അവരവരുടേതെന്ന മട്ടിൽ സ്വന്തം വാളുകളിലും ഹാൻഡിലുകളിലും ഒക്കെ പ്രദർശിപ്പിക്കുന്നത്. 

അങ്ങനെ വിപണി നിയന്ത്രിക്കുന്ന നിർമിതപൊതുബോധങ്ങൾക്കൊപ്പം നിൽക്കാതിരുന്നാൽ ഒരു കുഴപ്പവുമില്ല എന്നും, രാവിലെ ആറര മണിക്ക് എഴുന്നേറ്റിരുന്ന് ഗെയിം ഓഫ് ത്രോൺസിന്റെ എപ്പിസോഡ് സ്ട്രീം ചെയ്യുന്നത് തത്സമയം കണ്ടില്ലെങ്കിലും ഒരു നഷ്ടവും വരാനില്ലെന്നും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു..!


 

Follow Us:
Download App:
  • android
  • ios