കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കൊവിഡ് 19 സംബന്ധിച്ച് ഭാരതീയരെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനങ്ങൾക്ക് പകർന്നു നൽകിയത് പുതിയൊരു വാക്ക് കൂടിയായിരുന്നു. 'ജനതാ കര്‍‌ഫ്യൂ'. തന്റെ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ, "ഈ ഞായറാഴ്ച, അതായത് മാർച്ച് 22 -ന്, രാവിലെ ഏഴുമുതൽ രാത്രി ഒമ്പതു മണി വരെ, ഭാരതീയർ എല്ലാവരും 'ജനതാ കര്‍‌ഫ്യൂ' ആചരിക്കണം. അത്യാവശ്യമില്ലെങ്കി, ആരും തന്നെ അവനവന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. നമ്മുടെ ഈ പരിശ്രമം, നമ്മുടെ ആത്മസംയമനം, രാജ്യത്തിൻറെ ഹിതത്തിനായുള്ള കർത്തവ്യപാലനം എന്ന സങ്കല്പത്തിന്റെ ഒരു പ്രതീകമായിരിക്കും. 22 മാർച്ചിലെ  'ജനതാ കര്‍‌ഫ്യൂ'ന്റെ വിജയം, ആ അനുഭവം, നാളെ വരാനിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ നമ്മളെ തയ്യാറെടുപ്പിക്കും."

അതോടൊപ്പം അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു," മാർച്ച് 22 -ന് നമ്മുടെ ജീവൻ രക്ഷിക്കാൻ അഹോരാത്രം പെടാപ്പാടു പെടുന്ന ആരോഗ്യപ്രവർത്തകരോടുള്ള നന്ദി രേഖപ്പെടുത്താനുള്ള അവസരമായും കണക്കാക്കണം. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്, നമ്മുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്നോ, ബാൽക്കണികളിൽ ഇറങ്ങി നിന്നോ. ജനലരികിൽ എത്തിയോ ഒക്കെ നമ്മൾ അവരോടുള്ള നന്ദി, അഞ്ചുമിനിറ്റ് നേരം കയ്യടിച്ചോ, പാത്രങ്ങൾ തമ്മിൽ കൂട്ടിയിടിച്ചോ, മണികൾ മുഴക്കിയോ ഒക്കെ അറിയിക്കണം. മറ്റുള്ള സ്ഥാപനങ്ങൾക്കും തങ്ങളുടെ സൈറണുകൾ മുഴക്കി ഈ ആശയം പ്രചരിപ്പിക്കാവുന്നതാണ്. " 

 

എന്തായാലും, പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ തുടർന്നുണ്ടായ ആദ്യത്തെ ചർച്ച, ഒരു ദിവസത്തേക്കുള്ള ഈ  'ജനതാ കര്‍‌ഫ്യൂ', നാളെ വരാനിരിക്കുന്ന കുറേകൂടി നീണ്ടു നിന്നേക്കാവുന്ന മറ്റൊരു വലിയ കര്‍‌ഫ്യൂവിന്റെ മുന്നോടിയാണോ? എന്നതാണ്. 

ഇതേ പ്രസംഗത്തിൽ മോദി ജനങ്ങളോട് മറ്റൊരു അഭ്യർത്ഥനയും നടത്തിയിരുന്നു. ആരും പരിഭ്രാന്തരായി പോയി അവശ്യസാധനങ്ങൾ കൂടിയ അളവിൽ വാങ്ങി സ്റ്റോക്ക് ചെയ്യരുത് എന്ന്. ജനം അതിനു ശേഷം ചെയ്തത് പ്രധാനമായും അതുതന്നെയാണ് എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ക്ഷാമകാലത്തെ മുന്നിൽ കണ്ടുകൊണ്ട്, അരിയും പഞ്ചസാരയും പയറും മറ്റും വാങ്ങി സ്റ്റോക്ക് ചെയ്യുന്നവരുടെ വരികൾ സൂപ്പർമാർക്കറ്റുകൾക്കു മുന്നിൽ നിരന്നു. 

വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ  'ജനതാ കര്‍‌ഫ്യൂ' എന്ന ആശയം ഐതിഹാസികമാണ് എന്നാണ് പറഞ്ഞത്. "കൊറോണാ വൈറസിനെതിരായ പോരാട്ടത്തിൽ ഏറ്റവും പ്രധാനം സോഷ്യൽ ഡിസ്റ്റൻസിങ് ആണ്. 24 മണിക്കൂറല്ല, വെറും 14 മണിക്കൂർ നേരത്തെ കര്‍‌ഫ്യൂ മാത്രമേ പ്രധാനമന്ത്രി ഇപ്പോൾ പറഞ്ഞിട്ടുള്ളൂ. ഇത് സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ പുതിയ രൂപമാണ്. ജനങ്ങളുടെ നീക്കം ഒരു ദിവസത്തേക്കെങ്കിലും നിലച്ചാൽ അത് സോഷ്യൽ ഡിസ്റ്റൻസിങ്ങിൽ കാര്യമായ  മുന്നേറ്റം ഉണ്ടാക്കും. അതുകൊണ്ട് വലിയ മാറ്റങ്ങളുണ്ടാകും. " അവർ പറഞ്ഞു. ആ പറഞ്ഞതിനുള്ള കാരണവും VHAI പ്രതിനിധികൾ പറഞ്ഞു, " കൊറോണാ വൈറസ് ഒരു പ്രതലത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് ജീവനോടെ ഉണ്ടാവുക. ജനം പരസ്പരം സമ്പർക്കം പുലർത്തിയില്ലെങ്കിൽ ആ വൈറസ് പകരില്ല.

 

 'ജനതാ കര്‍‌ഫ്യൂ' കൊണ്ട് വൈറസ് ഇല്ലാതാകും എന്നാരും പറഞ്ഞില്ല. എന്നാൽ, അതിനോട് വ്യാപനത്തിന് താത്കാലികമായ ഒരു തടസ്സം അതുകൊണ്ടുണ്ടാവും." പലതുള്ളിയാണ് പെരുവെള്ളം, ഇതിനെ സോഷ്യൽ ഡിസ്റ്റൻസിങ്ങിലേക്കുള്ള പിച്ചവെപ്പായി കാണണം എന്നാണ് VHAI പ്രസിഡന്റ് ഡോ. ഭട്നഗർ ബിബിസിയോട് പറഞ്ഞത്. അങ്ങനെ ഒരു ലോക്ക് ഡൗൺ നടപ്പിൽ വരുത്തുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികൾ എന്തൊക്കെ എന്നും ഇന്ന് നമുക്ക് തിരിച്ചറിയാനാവും. 

'ജനതാ കര്‍‌ഫ്യൂ'വും ടോട്ടൽ ലോക്ക് ഡൗണും തമ്മിലുള്ള വ്യത്യാസം 

ഒരു ദിവസത്തേക്ക് സാമ്പിൾ 'ജനതാ കര്‍‌ഫ്യൂ' നടപ്പിൽ വരുത്തി, പ്രധാനമന്ത്രി വരും നാളുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെപ്പറ്റി, അതിനു വേണ്ട തയ്യാറെടുപ്പുകളെപ്പറ്റി ഒരു ഐഡിയ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണോ? " ഇതൊരു ഗ്രാസ് റൂട്ട് ലെവൽ ബോട്ടം ഡൌൺ അപ്പ്രോച്ച് ആണ്. ജനങ്ങളാണ് ജനാധിപത്യത്തിൽ എല്ലാം. അവരിൽ നിന്നുവേണം ഏതൊരു സാമൂഹിക മാറ്റവും തുടങ്ങാൻ. അതുകൊണ്ടുതന്നെ ഇത് ശരിയായ ഒരു രീതിയാണ്." ഡോ. ഭട്നഗർ പറഞ്ഞു.

 

മോദിയും തന്റെ പ്രസംഗത്തിൽ പറഞ്ഞത് അതുതന്നെയാണ്," 'ജനതാ കര്‍‌ഫ്യൂ' : ഇത് ജനങ്ങളാൽ, ജനങ്ങൾക്കുമേൽ നടപ്പിലാക്കപ്പെടുന്ന ആത്മനിയന്ത്രണത്തിന്റെ 'കര്‍‌ഫ്യൂ'" എന്നാണ്. ജനം കൂടെ നിന്നില്ലെങ്കിൽ സർക്കാരിന് ഒറ്റയ്ക്ക് ഈ പോരാട്ടം നടത്താൻ സാധിക്കില്ല എന്നൊരു സന്ദേശം കൂടിയാണ് 'ജനതാ കര്‍‌ഫ്യൂ'  എന്ന ഈ ആശയം മുന്നോട്ടു വെക്കുന്നത്. അതിന്റെ ആദ്യപടിയാണ് ഇന്നത്തെ ഈ ശ്രമം. "ഇന്ന് സഹകരിക്കാത്തവർക്കെതിരെ നടപടികൾ ഉണ്ടാവും എന്ന് അതിനർത്ഥമില്ല. അത് തെളിയിക്കുക നമ്മുടെ തയ്യാറെടുപ്പിന്റെ ആഴം മാത്രമാണ്. നാളെ വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ നമ്മൾ എത്രമാത്രം തയ്യാറാണ് എന്നതുമാത്രമാണ്." എന്ന് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. 

'ജനതാ കര്‍‌ഫ്യൂ'വും ലോക്ക് ഡൗണും രണ്ടു വെവ്വേറെ കാര്യങ്ങളാണ്. ലോക്ക് ഡൗണിന് അപേക്ഷയുടെ സ്വരമാവില്ല ഉണ്ടാവുക. പുറത്തേക്കിറങ്ങുന്നവർ ക്രിമിനൽ നടപടി നേരിടേണ്ടി വരും. ഇതിന്റെ കാർക്കശ്യം നമ്മൾ ചൈനയിലും ഇറ്റലിയിലും കണ്ടുകഴിഞ്ഞതാണ്. 

എന്തായാലും രാജ്യത്തെ വ്യാപാരിവ്യവസായി സമൂഹം പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മുഖവിലക്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ വ്യാപാരികൾ ഒന്നടങ്കം ഇന്ന് വീട്ടിൽ ഇരുന്നുകൊണ്ട് 'ജനതാ കര്‍‌ഫ്യൂ' പാലിക്കും എന്ന് അവർ പറയുന്നു. 

എവിടെ നിന്ന് വന്നു ഈ 'ജനതാ കര്‍‌ഫ്യൂ' എന്ന സങ്കൽപം?

പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറയുന്നത് ഇങ്ങനെ," ഇന്നത്തെ തലമുറ ഒരു പക്ഷേ, ഇങ്ങനെ ഒരു വാക്ക് കേട്ടിട്ടുപോലും ഉണ്ടാവില്ല. എന്നാൽ പണ്ടൊക്കെ യുദ്ധകാല സാഹചര്യങ്ങളിൽ ഗ്രാമങ്ങളിൽ ഇത്തരം ബ്ലാക്ക്ഔട്ടുകൾ നടപ്പിൽ വരുത്തുന്ന പതിവുണ്ടായിരുന്നു. വീടുകളുടെ ജനൽ ചില്ലുകളിൽ കടലാസ്സ് ഒട്ടിക്കും.ലൈറ്റുകൾ ഓഫ് ചെയ്യും. ജനങ്ങൾ സംഘടിച്ച്, ഊഴമിട്ട് കാവൽ നിൽക്കും. അതുപോലെ ഒരു തയ്യാറെടുപ്പാണ് മറ്റൊരു തരത്തിൽ ഇന്ന് നമുക്ക് ആവശ്യമുള്ളത്. " 

ചരിത്രം പരിശോധിച്ചാൽ, 1956 -60 കാലത്ത് ഗുജറാത്ത് സംസ്ഥാനരൂപീകരണ കാലത്ത് ഇതിനു മുമ്പ് ഇത്തരം ബ്ലാക്ക് ഔട്ടുകൾ രാജ്യം കണ്ടിട്ടുണ്ട് എന്നുകാണാം. മഹാഗുജറാത്ത് സമരത്തിന്റെ നേതാവ് അന്ന് ഇന്ദുലാൽ യാഗ്നിക്ക് ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ 'ജനതാ കര്‍‌ഫ്യൂ' ആഹ്വാനം കാരണം നെഹ്‌റു പങ്കെടുത്ത ഒരു സമ്മേളനത്തിൽ ഒരാളും പോയില്ല. ആകെ കുറച്ചു കോൺഗ്രസുകാർ മാത്രം. നാട്ടുകാർ, നെഹ്‌റുവിനേക്കാൾ എത്രയോ ചെറിയ നേതാവായിരുന്ന ഇന്ദുലാൽ യാഗ്‌നിക്കിന്റെ വാക്കുകൾക്ക് ചെവിയോർത്തു. അവ അക്ഷരം പ്രതി അനുസരിച്ചു. നെഹ്‌റുവിന്റെ സമ്മേളനങ്ങളുടെ സദസ്സുകൾ അന്ന് ഏറെ ശുഷ്കമായി.  

 

 

എന്തായാലും ഇന്നത്തെ ദിവസത്തിന്റെ ഹൈ ലൈറ്റ് എന്നുപറയുന്നത് വൈകുന്നേരം അഞ്ചുമണിക്ക് നമ്മുടെ ജീവൻ രക്ഷിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഇന്ത്യൻ ജനത അർപ്പിക്കാൻ പോകുന്ന കരഘോഷങ്ങളുടെയും പാത്രം കൂട്ടിമുട്ടിക്കലുകളുടെയും, മണിമുഴക്കങ്ങളുടെയും ആരവങ്ങൾ തന്നെയാകും. കൊറോണാ വൈറസിനെതിരായുള്ള ഭാരതീയരുടെ ഒറ്റക്കെട്ടായുള്ള പോരാട്ടങ്ങളുടെ ഭാവിയിൽ അതുണ്ടാക്കുന്ന അനുരണനങ്ങൾ ചെറുതാവാൻ തരമില്ല.