ജറൂസലെം: ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍നിന്ന് രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ നാലു തടവുകാരെ പിടികൂടി. കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടിയ ഇസ്രായേല്‍ സുരക്ഷാ ഉദേ്യാഗസ്ഥര്‍ രണ്ടു പേരെ കൂടി പിടികൂടി. 


ജറൂസലെം: ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍നിന്ന് രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ നാലു തടവുകാരെ പിടികൂടി. കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടിയ ഇസ്രായേല്‍ സുരക്ഷാ സേന ഇന്നലെ രണ്ടു പേരെ കൂടി പിടികൂടി. 

ഇസ്രായേല്‍ കൊടുംഭീകരനായി പ്രഖ്യാപിച്ച അല്‍ അഖ്‌സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, ഭീകരവാദ കേസുകളില്‍ മൂന്ന് ജീവപര്യന്തം തടവുകള്‍ ഒന്നിച്ചനുഭവിക്കുന്ന മുഹമ്മദ് അറദെ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഉമ്മുല്‍ ഖാനം ഗ്രാമത്തില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇസ്രായേലി പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇനി രണ്ടു തടവുകാര്‍ കൂടിയാണ് അറസ്റ്റിലാവാനുള്ളത്. ഇവരില്‍ ഒരാള്‍ ഇസ്രായേലില്‍ തന്നെ ഒളിവില്‍ കഴിയുന്നതായാണ് സുരക്ഷാ സേന കരുതുന്നത്. മറ്റൊരാള്‍ അതിര്‍ത്തി കടന്ന് വെസ്റ്റ് ബാങ്കിലക്ക് പോയിട്ടുണ്ടാവും എന്നാണ് നിഗമനം. ഇവര്‍ക്കു വേണ്ടി ഇസ്രായേല്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

രണ്ട് പേരെ ഈ പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതായി ഒരു ഇസ്രായേലി പൗരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുബൈദിയെ പോലെ തോന്നിക്കുന്ന ഒരാള്‍ തന്നോട് ഭക്ഷണത്തിന് ചോദിച്ചതായും ഇയാള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഉമ്മുല്‍ ഖാനം ഗ്രാമത്തിലേക്ക് എത്തുകയു തെരച്ചില്‍ നടത്തുകയും ചെയ്തു. ഒരു വാനില്‍ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു മുഹമ്മദ് അറദെ. സമീപത്തുള്ള ഒലീവ് തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് സുബൈദിയെ കണ്ടെത്തിയതെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ഇവര്‍ ക്ഷീണിതരും അവശരുമായിരുന്നുവെന്ന് ഇസ്രായേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കാതെ ചെടികളുടെ മറവിലും മറ്റും ഒളിച്ചിരിക്കുകയായിരുന്നു രണ്ടുപേരും. കുളിക്കുക പോലും ചെയ്യാതെ മുഷിഞ്ഞ അവസ്ഥയിലായിരുന്നുവത്രെ ഇവര്‍. പിടിയിലായവരെ സുരക്ഷിത കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. അഭിഭാഷകരെ പോലും കാണാന്‍ ഇവരെ അനുവദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മറ്റ് രണ്ടുപേരെയും മിനിയാന്ന് ഇസ്രായേലിലെ നസറേത്ത് ഗ്രാമത്തില്‍നിന്നാണ് പിടികൂടിയത്. ഇസ്‌ലാമിക് ജിഹാദ് അംഗങ്ങളായ മഹമ്മൂദ് അറദെ, യാക്കൂബ് ഖാദരി എന്നിവരാണ് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ പിടിയിലായത്. 

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍ അഞ്ചാം തീയതി പുലര്‍ച്ചെയാണ് വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ആറ് ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെട്ടത്. ഒരു സെല്ലില്‍ ഒരുമിച്ച് കൂടിയ തടവുകാര്‍ ബാത്ത്റൂമില്‍നിന്നും പുറത്തേക്ക് തുരങ്കം നിര്‍മിച്ചാണ് രക്ഷപ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടന്ന് ഫലസ്തീന്‍ മേഖലയിലേക്ക് പോയെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ നിഗമനം. 

അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.