ബുഡേലി(ഇറ്റലി): കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഐസൊലേഷനും ക്വാറന്‍റൈനുമൊന്നും ആളുകള്‍ക്ക് പരിചിതമല്ല. കുറഞ്ഞ സമയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുന്നത് പാലിക്കാന്‍ സാധിക്കാത്തവര്‍ അറിയേണ്ടതാണ് മുപ്പത് വര്‍ഷമായി ഐസൊലേഷനില്‍ കഴിയുന്ന ഈ ഇറ്റലിക്കാരനെക്കുറിച്ച്. മെഡിറ്ററേനിയന്‍ കടലിലെ ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് മുപ്പത് വര്‍ഷമായി മൌറോ മൊറാന്‍ഡി തനിയെ താമസിക്കുന്നത്.  ഇറ്റലിയിലെ വടക്കന്‍ സാര്‍ഡീനിയ മേഖലയിലുള്ള ബുഡേലി ദ്വീപിലാണ് മൌറോ മൊറാന്‍ഡി താമസിക്കുന്നത്. 

Ginepro piegato dal vento 1

കറന്‍റില്ല, ശുദ്ധജലത്തിന്‍റെ ലഭ്യതക്കുറവ്, ആശുപത്രിയില്ല, തണുപ്പ് കാലമായാല്‍ കഷ്ടപ്പാട് കൂടും, വാഹന സൌകര്യമില്ല, സമൂഹമാധ്യമങ്ങള്‍ ഇല്ല, ഇന്‍റര്‍നെറ്റില്ല അങ്ങനെ ഏകാന്തത അകറ്റാന്‍ സാധാരണക്കാരന് സഹായകരമായ ഒന്നും തന്നെ ഈ ദ്വീപില്‍ ഇല്ലാതിരുന്ന സമയത്താണ് മൌറോ ഇവിടെയെത്തുന്നത്. എന്നാലും താന്‍ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് ഈ എണ്‍പത്തിയൊന്നുകാരന്‍ പറയുന്നു.

Mauro Morandi 2

ഇവിടേക്ക് കൊറോണ വൈറസ് പോലുള്ള മഹാമാരിയൊന്നും കടന്ന് വരിക പോലുമില്ലെന്നാണ് മൌറോ അവകാശപ്പെടുന്നത്. ബോട്ട് പ്രയോജനപ്പെടുത്തി മാത്രമാണ് ഈ ദ്വീപിലേക്ക് എത്തിച്ചേരാനാവുക. ദ്വീപിന്‍റെ നേരത്തെയുള്ള സൂക്ഷിപ്പുകാരന്‍ വിരമിച്ചതോടെയാണ് മൌറോയ്ക്ക് അവസരം ലഭിച്ചത്. 

Qui mi sono alzato allegro

അധ്യാപകനായിരുന്നു മൌറോ. അപ്രതീക്ഷിതമായിട്ടായിരുന്നു ബുഡേലിയിലേക്ക് മൌറോ എത്തിയത്. ഒരുവിധ സൌകര്യങ്ങളുമില്ലാതിരുന്ന ദ്വീപിലെ ജീവിതം തുടക്കത്തില്‍ കടുത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇന്ന് കണ്ണെത്താദൂരം മുന്നില്‍ നീണ്ടു കിടക്കുന്ന വെള്ള മണല്‍ ബീച്ച്, ചില്ലുപോലെ തെളിഞ്ഞ കടല്‍, മനോഹരമായ സൂര്യാസ്തമയം എന്നിവയോടെല്ലാം കടുത്ത പ്രണയത്തിലാണ് മൌറോ. ഐസൊലേഷന്‍ എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് വിശദമാക്കുന്ന മൌറോ ഇറ്റലിയിലെ റോബിന്‍സണ്‍ ക്രൂസോ എന്നാണ് അറിയപ്പെടുന്നത്. 

Collina da cui si domina tutto l'arcipelago

കല്ലുകള്‍കൊണ്ട് കെട്ടിയ ഒരു കോട്ടേജ് മാത്രമാണ് ഇവിടെയുള്ള മനുഷ്യനിര്‍മിത വസ്തു. ദ്വീപിലെ ചെടികളും മരങ്ങളും കുന്നുകളും മൃഗങ്ങളുമെല്ലാണ് ഇന്ന് മൌറോയ്ക്ക് ചിരപരിചിതമാണ്. സമീപകാലത്ത് സോളാര്‍ സംവിധാനത്തിലൂടെ തന്‍റെ കോട്ടേജില്‍ വൈദ്യുതിയെത്തിച്ചിട്ടുണ്ട് മൌറോ.

La casa dove abito da 28 anni

ആദ്യമെല്ലാം നിരവധി സഞ്ചാരികള്‍ എത്തിയിരുന്ന സ്ഥമായിരുന്നു ഈ ദ്വീപും. എന്നാല്‍ സാഹചര്യങ്ങള്‍ കുറഞ്ഞത് സഞ്ചാരികളെ അകറ്റി. ലോകവ്യാപകമായി ഭീതി പടര്‍ത്തിയ കൊറോണ വൈറസിനേക്കുറിച്ചും അത് ഇറ്റലിയ്ക്ക് വരുത്തുന്ന കനത്ത നാശങ്ങളേക്കുറിച്ചും മൌറോ ബോധവാനാണ്. താന്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടത്താണ് താമസിക്കുന്നത്. ഇവിടെ ഒരു തരത്തിലുള്ള അപടകവുമില്ലെന്നും മൌറോ പറയുന്നു. ഭയപ്പെടാതിരിക്കുകയെന്നതാണ് ഐസൊലേഷനില്‍ കഴിയുമ്പോള്‍ ചെയ്യേണ്ടത്. തണുപ്പുകാലത്ത് മുപ്പത് മുതല്‍ നാല്‍പത് ബുക്കുകള്‍ വരെ വായിച്ചാണ് സമയം പോക്കുന്നത്. പുസ്തകങ്ങളാണ് തന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ എന്നും മൌറോ പറയുന്നു. 

Ricerca dell'assoluto, togliere per lasciare la Purezza.!!!

ദ്വീപിന്‍റെ നിരവധി ചിത്രങ്ങളാണ് മൌറോയുടെ പക്കലുള്ളത്. വൈദ്യുതി എത്തിയതോടെ ഫോണും ഇന്‍റര്‍നെറ്റ് സംവിധാനവും മൌറോയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി. താനൊരിക്കലും തനിച്ചാണെന്ന് തോന്നിയിട്ടില്ലെന്ന് മൌറോ പറയുന്നു. ഇന്‍സ്റ്റഗ്രാമിലും സജീവമാണ് മൌറോ. നിരവധി സഞ്ചാരികള്‍ എത്തിയിരുന്ന കാലത്ത് ദ്വീപിലെ പിങ്ക് നിറത്തിലെ മണല്‍ ചാക്കുകളിലാണ് കടത്തിക്കൊണ്ട് പോയിരുന്നത്. ഇപ്പോള്‍ ഏറെ നാളുകളായി ആരുമെത്താത്തതിനാല്‍ തീരത്ത് പിങ്ക് നിറമുള്ള മണലിന്‍റെ സാന്നിധ്യം വീണ്ടുമുണ്ടെന്നും മൌറോ പറയുന്നു.

La spiaggia rosa a mezzogiorno 2

മനുഷ്യര്‍ കടലിലേക്ക് വലിച്ചറിഞ്ഞ വസ്തുക്കള്‍കൊണ്ടാണ് മൌറോ കോട്ടേജും പരിസരവും അലങ്കരിച്ചിരിക്കുന്നതും. ഇത്തരം പ്രതിസന്ധികള്‍ സ്വന്തം ജീവിതത്തെ വിലിരുത്താനുള്ള അവസരമായി കാണണമെന്നും മൌറോ പറയുന്നു.  ഈ കൊറോണക്കാലത്ത് വടക്കന്‍ ഇറ്റലിയില്‍ താമസിക്കുന്ന ബന്ധുക്കളേയും കുടുംബത്തേയുമോര്‍ത്ത് ചെറിയ ആശങ്കയുണ്ടെങ്കിലും തല്‍ക്കാലം ഐസൊലേഷന്‍ തുടരാന്‍ തന്നെയാണ് ഈ എണ്‍പത്തിയൊന്നുകാരന്‍റെ തീരുമാനം.