ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ ആദ്യത്തെ രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ശേഷം, കഴിഞ്ഞ നൂറിൽപ്പരം ദിവസങ്ങൾ കൊണ്ട് ലോകത്തെമ്പാടും പടർന്നു പിടിച്ച് പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തുകഴിഞ്ഞിട്ടുണ്ട് കൊറോണാ വൈറസ് എന്ന രോഗാണു. ഇന്ന് ഏഴുലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. മരണം 34,000 കടക്കാറായി. ഒന്നര ലക്ഷത്തിൽപ്പരം പേരുടെ രോഗം മാറിക്കഴിഞ്ഞു എങ്കിലും ഇപ്പോഴും അഞ്ചുലക്ഷത്തിലധികം പേർ ഈ രോഗം ബാധിച്ച് പ്രയാസപ്പെടുന്നുണ്ട്. 

രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാൻ സ്ഥിതിചെയ്യുന്ന ചൈന എന്ന രാജ്യം ഈ രോഗത്തിന്റെ പിടിയിൽ നിന്ന് ഏറെക്കുറെ മോചിതമായിക്കഴിഞ്ഞു. ഇന്ന് അവിടെ വളരെ കുറച്ച് പുതിയ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. ഒരു മഹാമാരി എന്നതിൽ നിന്ന് മാറി ഒറ്റപ്പെട്ട കേസുകളിലേക്ക്  കൊവിഡ് 19 മാറിക്കഴിഞ്ഞു. വുഹാനിൽ ഏറെ നാളുകൾക്കു ശേഷം ഇന്ന് തീവണ്ടികളും ഓടിത്തുടങ്ങിയെന്ന് കേൾക്കുന്നു. 

ഇന്ന് ഏറ്റവും അധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 142,735 കേസുകൾ. എന്നാൽ ഇത്രയധികം പേർക്ക് രോഗബാധയുണ്ടായിട്ടും അവിടെ ഇന്നുവരെ 2,488 മരണങ്ങൾ മാത്രമാണ്. എന്നാൽ ഇറ്റലിയിൽ 97,689 പേർക്കുമാത്രം രോഗബാധയുള്ളപ്പോഴും മരണം 10,779 കടന്നുപോയിക്കഴിഞ്ഞു. അമേരിക്കയിലെ മരണനിരക്ക് 1.7 ശതമാനം ആയിരിക്കെ അമേരിക്കയെക്കാൾ 45,000 -ൽ പരം രോഗികൾ കുറഞ്ഞിരുന്നിട്ടും ഇറ്റലിയിലെ മരണനിരക്ക് 11 ശതമാനമാണ്. അതായത് അമേരിക്കയിലേതിനേക്കാൾ ഏകദേശം ആറിരട്ടിയോളം പേർ കൊവിഡ് ബാധിച്ച് ഇറ്റലിയിൽ മരിച്ചുവീഴുന്നുണ്ട്. 

 

 

ഇറ്റലിയിലെ സാമൂഹിക ബന്ധങ്ങളാണ് അസുഖം പടരാനുള്ള ഒരു പ്രധാനകാരണമായി പറയുന്നത്.  ഇറ്റലിയുടെ ജനസംഖ്യയിലെ മുതിർന്നവരുടെ പ്രതിനിധ്യത്തിലുള്ള ആധിക്യം മറ്റൊരു കാരണമാണ്. ജപ്പാൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വൃദ്ധരുള്ളത് ഇറ്റലിയിലാണ്. രാജ്യത്തെ മുതിർന്ന ജനത മറ്റു ചില രാജ്യങ്ങളിലേതുപോലെ തങ്ങളുടെ അടുത്ത ബന്ധുക്കളുമായോ അല്ലെങ്കിൽ ചുറ്റുപാടുമുള്ള സമൂഹവുമായോ ഒക്കെ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. അവർ അടുത്തിടപഴകുന്നവരാണ്. നിത്യം പരസ്പരം കാണുന്നവരാണ്. അവരോട് ഒറ്റയടിക്ക് സാമൂഹിക അകലം പാലിക്കണം എന്ന് പറഞ്ഞത് ആദ്യഘട്ടത്തിൽ വേണ്ടപോലെ പാലിക്കപ്പെട്ടുകാണാൻ സാധ്യത കുറവാണ്. 

അസുഖം പടർന്നു പിടിക്കാതിരിക്കാൻ വേണ്ടി ടോട്ടൽ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇറ്റലി നീങ്ങിയിട്ടും കൊവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നു. ദിവസേന അറുനൂറിലധികം പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങുന്നത്. ഇറ്റലിയിലെ ഒരാൾക്ക് ഇപ്പോൾ വീട്ടിനു പുറത്തിറങ്ങണം എന്നുണ്ടെങ്കിൽ വ്യക്തമായ കാരണം വേണം. പിന്നെന്താണ് ഇങ്ങനെ ആളുകൾ മരിക്കുന്നത്? വ്യാപനം തടയാനോ മരണം ഒഴിവാക്കാനോ രാജ്യത്തെ ആരോഗ്യ വകുപ്പ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആവാത്തതെന്താണ്?

ഇറ്റലിയിലെ നിന്ന് കൃത്യമായ കണക്കുകൾ പുറത്തു വരുന്നില്ല എന്ന് മറ്റൊരു ആക്ഷേപവും വരുന്നുണ്ട്. ടെസ്റ്റുകളുടെ എന്നതിൽ വേണ്ടത്ര വർദ്ധനവ് ഇല്ലാത്തതും കാരണം കൃത്യമായി സംക്രമിതരെ കണ്ടെത്താനും മറ്റുള്ളവർക്ക് അസുഖം പകരാതെ നോക്കാനാവുന്നില്ല. രോഗം വല്ലാതെ പടർന്നു പിടിച്ചിട്ടുള്ള ലൊംബാർദിയിൽ പോലും ദിവസേന അയ്യായിരം പേരുടെ സ്വാബുകൾ മാത്രമാണ് ടെസ്റ്റ് ചെയ്തുവരുന്നത്. ഇത് ഏറെ കുറവാണ് എന്നാണ് ആക്ഷേപം. ആരോഗ്യപ്രവർത്തകരുടെ കയ്യിൽപ്പോലും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ല എന്നും പരാതികളുണ്ട്. ലൊംബാർദിയിലേത് മികച്ച രീതിയിൽ നടന്നുപോന്നിരുന്ന ആരോഗ്യ സംവിധാനമായിരുന്നിട്ടും അതുപോലും കൊറോണാവൈറസിന്റെ ആക്രമണത്തിൽ ആകെ അലങ്കോലമായിട്ടുണ്ട്. 

ആറാഴ്ചയായി ഇറ്റലിയിലെ ലോക്ക് ഡൗൺ തുടങ്ങിയിട്ട്. രാജ്യത്തെ ലോക്ക് ഡൗൺ സംവിധാനങ്ങൾ ചൈനയിലെ അത്രയ്ക്ക് കർശനമല്ല എന്നതും കാരണമായി പറയുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിൽ ചൈന ചെയ്യുന്നതുപോലെ, 'വെട്ടൊന്ന് മുറി രണ്ടെ'ന്ന പോലെ ജനങ്ങളോട് ചെയ്യാൻ സാധിക്കില്ല എന്നാണ് ഇറ്റലിയിലെ അധികാരികൾ പറയുന്നത്. മുൻകരുതലുകൾ ലംഘിക്കുന്നവരെ ചൈന കൈകാര്യം ചെയ്യുന്നതുപോലെ ഇറ്റലിക്ക് ചെയ്യാനാകില്ല. മരണസംഖ്യ ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ അടുത്തൊന്നും ഇറ്റലിയിലെ സാമൂഹിക നിയന്ത്രണങ്ങൾ അയയ്ക്കാനുള്ള സാധ്യതയും പ്രദേശവാസികൾ കാണുന്നില്ല.