Asianet News MalayalamAsianet News Malayalam

അഭിമാനത്തോടെ മകൾക്കൊരു സല്യൂട്ട്, ഹൃദയം കവർന്ന് അച്ഛനും മകളും സല്യൂട്ട് കൈമാറുന്ന ചിത്രം

എന്നാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് അച്ഛന് നൽകാനായിരുന്നു ദീക്ഷയ്ക്ക് ഇഷ്ടം. അച്ഛനാണ് തന്റെ പ്രചോദനമെന്ന് അവൾ മാധ്യമങ്ങളോട് പറഞ്ഞു. 

ITBP Inspector salutes his officer daughter
Author
Mussoorie, First Published Aug 10, 2021, 3:31 PM IST

ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ITBP) ഇൻസ്പെക്ടറായ കമലേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ് ഓഗസ്റ്റ് എട്ട്. മക്കൾ ഉയർന്ന നിലയിൽ എത്തുന്നത് ഏതൊരച്ഛനും അഭിമാനമുള്ള കാര്യമാണ്. അതും അച്ഛന്റെ തൊഴിൽ തന്നെ മക്കളും പിന്തുടരുകയാണെങ്കിൽ അതിന് ഇരട്ടി മധുരമാണ്. കമലേഷ് കുമാറിന്റെ മകൾ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റായി ചേർന്നത് രണ്ട് ദിവസം മുൻപാണ്. അതിനോടനുബന്ധിച്ച് നടന്ന പാസ്സിങ്ഔട്ട് പരേഡിൽ മകൾ ദീക്ഷയെ അഭിവാദ്യം ചെയ്യാൻ കൈ ഉയർത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അച്ഛന് സല്യൂട്ട് നൽകുന്ന മകളും, അവൾക്ക് തിരിച്ച് സല്യൂട്ട് നൽകുന്ന അച്ഛനും ആളുകളുടെ ഹൃദയം കവർന്നു. ഐടിബിപി 2016 -ൽ യുപിഎസ്‌സി പരീക്ഷകളിലൂടെയാണ് വനിതാ കോംബാറ്റ് ഓഫീസർമാരെ തെരഞ്ഞെടുത്തത്. "മകളെ അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു. ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റായി ദിക്ഷ ചേർന്നു. ഇന്ന് മുസ്സൂരിയിലെ ഐടിബിപി അക്കാദമിയിൽ പാസിംഗ്ഔട്ട് പരേഡു കഴിഞ്ഞ് ഐടിബിപിയിലെ ഇൻസ്‌പെക്ടർ കൂടിയായ അച്ഛൻ കമലേഷ് കുമാർ മകളെ സല്യൂട്ട് ചെയ്യുന്നു" ഔദ്യോഗിക ട്വിറ്ററിൽ ചടങ്ങിന്റെ ഹൃദയസ്പർശിയായ ചിത്രങ്ങൾ പങ്കിടുന്നതിനിടെ ടിബറ്റൻ ബോർഡർ പൊലീസ് എഴുതി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദീക്ഷക്കൊപ്പം മറ്റൊരു വനിതാ ഉദ്യോഗസ്ഥയായ പ്രകൃതിയും അസിസ്റ്റന്റ് കമാൻഡന്റായി ചുമതലയേറ്റു. മറ്റ് 53 പേർക്കൊപ്പം ബിരുദം നേടിയ ഈ രണ്ട് സ്ത്രീകളും പർവത യുദ്ധ സേനയിൽ വിന്യസിക്കപ്പെട്ട ആദ്യ വനിതാ ഓഫീസർമാരാണ്. എന്നാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് അച്ഛന് നൽകാനായിരുന്നു ദീക്ഷയ്ക്ക് ഇഷ്ടം. അച്ഛനാണ് തന്റെ പ്രചോദനമെന്ന് അവൾ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രങ്ങൾ കണ്ട് നിരവധി ആളുകളാണ് ആ അച്ഛനും മകൾക്കും അഭിനന്ദങ്ങൾ അറിയിച്ചത്.  

Follow Us:
Download App:
  • android
  • ios