'കുറച്ച് വര്‍ഷം മുമ്പ് വരെ ഒരു വര്‍ഷം പത്തോ പതിനഞ്ചോ ദീക്ഷ മാത്രമാണ് നടന്നിരുന്നത്. പക്ഷെ, കഴിഞ്ഞ വര്‍ഷം അത് 250 ആയി കൂടി. ഈ വര്‍ഷം അത് 400 എങ്കിലും ആകും' -മുംബൈ യൂണിവേഴ്സിറ്റിയില്‍ ജൈന്‍ ഫിലോസഫി അധ്യാപകനായ ഡോ. ബിപിന്‍ ദോഷി പറയുന്നു. 

ഇന്ത്യയില്‍ ജൈന മതത്തില്‍ പെട്ട നൂറുകണക്കിനു യുവാക്കളാണ് ലൗകിക ലോകം വെടിയുകയും സന്യാസം സ്വീകരിക്കുകയും ചെയ്യുന്നത്. അവരെപ്പോഴും നഗ്നപാദരായി നടക്കുകയും ഭിക്ഷ കിട്ടുന്നത് മാത്രം കഴിക്കുകയും ഫോണ്‍, ഇന്‍റര്‍നെറ്റ് അടക്കമുള്ള എല്ലാ ടെക്നോളജിയും എന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്യുന്നു. അടുത്ത വര്‍ഷങ്ങളിലായി സന്യാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബിബിസി -ക്ക് വേണ്ടി പ്രിയങ്ക പതക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്.

'ഇനിയൊരിക്കലും എനിക്കെന്‍റെ മകളെയൊന്ന് കെട്ടിപ്പിടിക്കാനാവില്ല' ഇടറുന്ന ശബ്ദത്തോടെ ഇന്ദ്രവദൻ സിംഘി പറയുന്നു. വിദൂരത്തേക്ക് നോക്കി നിറയുന്ന കണ്ണുകളോടെ, " ഇനിയൊരിക്കലും എനിക്കവളുടെ കണ്ണുകളിലേക്ക് നോക്കാനാവില്ല..." എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ മകള്‍ സന്യാസം സ്വീകരിക്കുകയാണ്. ഭൗതിക ജീവിതം വെടിഞ്ഞ് സന്യാസലോകം സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരുപാട് അതിഥികളെത്തുന്നു. 

സന്യാസം സ്വീകരിക്കുന്നതിന് മുമ്പ് അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാന്‍ കുടുംബം അവള്‍ക്കൊപ്പമുണ്ടായിരുന്നു. ലോക്കല്‍ പാര്‍ക്കില്‍ ക്രിക്കറ്റ് കളിക്കാന്‍, സംഗീതം കേള്‍ക്കാന്‍, അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട റെസ്റ്റോറന്‍റുകളില്‍ നിന്ന് അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍... ഇനിയൊരിക്കലും അവള്‍ക്കിതിനൊന്നും കഴിയില്ല. 

ഒരു സന്യാസിനിയെന്ന നിലയില്‍ ഇരുപതുകാരിയായ ധ്രുവി ഇനിയൊരിക്കലും മാതാപിതാക്കളെ അച്ഛനെന്നോ, അമ്മയെന്നോ വിളിക്കില്ല. ഇനിയവള്‍ നഗ്നപാദയായി നടക്കും, ഭിക്ഷ കിട്ടുന്നത് മാത്രം കഴിക്കും, ഒരിക്കലും ഒരു വാഹനവും ഉപയോഗിക്കില്ല, ഒരിക്കലും ഒരു ഫാനിനടിയില്‍ കിടന്നുറങ്ങില്ല, ഒരു മൊബൈല്‍ ഫോണിലൂടെ ഒരിക്കലും സംസാരിക്കില്ല... 

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ദ്രവദൻ സിംഘിയും ഭാര്യയും അവരുടെ മകളുടെ സന്യാസത്തിലേക്കുള്ള യാത്രയുടെ സാക്ഷികളാണ്. ധ്രുവി മോഡേണ്‍ ജീന്‍സ് ധരിക്കാനിഷ്ടപ്പെട്ട പെണ്‍കുട്ടിയായിരുന്നു. മ്യൂസിക് റിയാലിറ്റി ഷോയില്‍ വിജയിയാകണമെന്ന് സ്വപ്നം കണ്ടുനടന്നിരുന്ന പെണ്‍കുട്ടിയാണ്. പക്ഷെ, ഈ അഞ്ച് വര്‍ഷങ്ങളില്‍ അവള്‍ ഇതില്‍ നിന്നെല്ലാം മാറുകയും കൂടുതല്‍ കൂടുതല്‍ വിശ്വാസിയാവുകയും മറ്റുള്ള കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയും ചെയ്തു. ദീക്ഷ സ്വീകരിക്കുന്നതോടുകൂടി ഇതുവരെയുണ്ടായിരുന്ന ജീവിതമായിരിക്കില്ല ഇനിയങ്ങോട്ട് അവള്‍ നയിക്കുന്നത്. 

ധ്രുവി മാത്രമല്ല, നൂറുകണക്കിന് ജൈന യുവാക്കളാണ് ഇതേ വഴി പിന്തുടരുകയും സന്യാസം സ്വീകരിക്കുകയും ചെയ്യുന്നത്. ഓരോ വര്‍ഷവും അവരുടെ എണ്ണം കൂടി വരുന്നു. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ എണ്ണമാണ് ഓരോ വര്‍ഷവും വര്‍ധിക്കുന്നത്. 

'കുറച്ച് വര്‍ഷം മുമ്പ് വരെ ഒരു വര്‍ഷം പത്തോ പതിനഞ്ചോ ദീക്ഷ മാത്രമാണ് നടന്നിരുന്നത്. പക്ഷെ, കഴിഞ്ഞ വര്‍ഷം അത് 250 ആയി കൂടി. ഈ വര്‍ഷം അത് 400 എങ്കിലും ആകും' -മുംബൈ യൂണിവേഴ്സിറ്റിയില്‍ ജൈന്‍ ഫിലോസഫി അധ്യാപകനായ ഡോ. ബിപിന്‍ ദോഷി പറയുന്നു. 

സമുദായ നേതാക്കള്‍ മൂന്ന് കാര്യങ്ങളിലാണ് ഊന്നല്‍ കൊടുക്കുന്നത്. ഒന്ന്: ആധുനിക ലോകത്തിന്‍റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നെല്ലാം യുവാക്കളെ അകറ്റി നിര്‍ത്തുക. രണ്ട്: ടെക്നോളജിയുടെ സാധ്യതകളുപയോഗിച്ച് മതവിശ്വാസം ജനങ്ങളിലെളുപ്പത്തിലെത്തിക്കുക. മൂന്ന്: യുവാക്കൾ സന്യാസജീവിതം സ്വയമേവ തിരഞ്ഞെടുക്കുന്നതിന് മുമ്പുതന്നെ, അവർക്ക് ആ ജീവിതശൈലിയിൽ പരീക്ഷണങ്ങൾ നടത്താനുള്ള സൗകര്യം നൽകുക.

പുതിയ കാലം നല്‍കുന്ന സമ്മര്‍ദ്ദം
പുതിയ കാലത്തെ സാമൂഹിക-സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഇതിന് ഒരുപരിധി വരെ കാരണമാകുന്നുവെന്നാണ് ഡോ.ദോഷി പറയുന്നത്. ന്യൂയോര്‍ക്കിലോ, യൂറോപ്പിലോ എന്തൊക്കെ സംഭവിക്കുന്നു അതെല്ലാം നമുക്ക് അതേ നിമിഷം തന്നെ ഇവിടെയിരുന്ന് കാണാം. പണ്ടൊക്കെ നമ്മുടെ മത്സരം നമ്മള്‍ താമസിക്കുന്ന, നമ്മുടെ ചുറ്റുപാടില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍, ഇന്ന് നമ്മള്‍ മത്സരിക്കുന്നത് ലോകത്തോടാണ്. നമ്മള്‍ ഈ മത്സരങ്ങളില്‍ നിന്ന് പുറത്തായിപ്പോകുമോ എന്ന ഭയം (Fomo -the Fear Of Missing Out) എല്ലാത്തില്‍ നിന്നും ഓടിയൊളിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

നിങ്ങള്‍ ദീക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍, ലൗകിക ജീവിതം ഉപേക്ഷിച്ച് കഴിഞ്ഞാല്‍ ആത്മീയത, മതത്തിലെ നിലനില്‍പ്, സമൂഹത്തിലെ നിലനില്‍പ് ഇതെല്ലാം വളരെ ഉയരത്തിലായിരിക്കും. പണക്കാരനായ ഒരാള്‍ പോലും നിങ്ങളെ താണുവണങ്ങും -ദോഷി പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് പൂജ ബിനാഖിയ എന്ന ഫിസിയോ തെറാപ്പിസ്റ്റ് ദീക്ഷ സ്വീകരിച്ചത്. ജീവിതത്തിനോട് തനിക്കുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ഇതിനുശേഷം മാറിപ്പോയി എന്നാണ് അവരുടെ അഭിപ്രായം. 'അതിന് മുമ്പ് ജീവിതം കുടുംബം, സുഹൃത്തുക്കള്‍, സൗന്ദര്യം, ജോലി എന്നിവയെ എല്ലാം ശ്രദ്ധിച്ചു കൊണ്ടായിരുന്നു. ഇവിടെ ആത്മാവ്, ആത്മാവ്, ആത്മാവ്... ഇങ്ങനെ ആത്മാവിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ' -പൂജ ബിനാഖിയ ശാന്തതയോടെ പറയുന്നു. 

സോഷ്യല്‍ മീഡിയ ഗുരു 

ദീക്ഷ സ്വീകരിക്കവെ ധ്രുവി പറഞ്ഞത് അവളുടെ ഗുരു അവള്‍ക്ക് എല്ലാമായിരുന്നുവെന്നാണ്. അവരാണ് എന്‍റെ ലോകം. അവരെന്ത് പറയുന്നുവോ അതാണ് സത്യമെന്നും. സന്യാസം സ്വീകരിക്കുന്ന മിക്ക യുവാക്കളും തങ്ങളുടെ ഗുരുവിനെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. അവരുടെ ഗുരുക്കന്മാര്‍ അവരില്‍ അനുസരണയും, വിധേയത്വവും ഉണ്ടാക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ഇതെല്ലായ്പ്പോഴും ഒരുപോലെയല്ല എന്നും ഡോ. ദോഷി പറയുന്നുണ്ട്. 

പണ്ട് ഈ ഗുരുക്കന്മാര്‍ തങ്ങളെ ശുദ്ധീകരിക്കുന്നതിനെ കുറിച്ചും സ്വന്തം സന്യാസജീവിതത്തെ കുറിച്ചും മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. എന്നാല്‍, ഇന്ന് മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍, പ്രത്യേകിച്ച് യുവാക്കളില്‍ സ്വാധീനം ചെലുത്താനും അവരെ സന്യാസം സ്വീകരിക്കുന്നതിലേക്കെത്തിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ നന്നായി സംസാരിക്കാനാറിയാവുന്നവരാണ്. അവര്‍ യുവാക്കളോട് സന്യാസത്തിന്‍റെ വഴി വളരെ എളുപ്പമാണ് എന്ന് ധരിപ്പിക്കുന്നു. അവരതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. 

ഒരു പത്തുവര്‍ഷം മുമ്പ് പൗരാണിക ഭാഷയായ അർദ്ധമഗധിയിലോ സംസ്കൃതത്തിലോ ഒക്കെയാണ് ജൈനമത സാഹിത്യങ്ങള്‍ ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് മിക്ക ഭാഷകളിലും അത് ലഭിക്കുന്നു. പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയില്‍. അതില്‍ നിന്നുള്ള കഥകള്‍ ഹ്രസ്വചിത്രങ്ങളാകുന്നു, അത് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യപ്പെടുന്നു. പുസ്തകം വായിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍, കാണുന്നത് നമ്മളെ ആകര്‍ഷിക്കുന്നു. ഇതില്‍ മിക്കതും വാട്ട്സാപ്പ് വഴിയാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതിലെല്ലാം സന്യാസികളെ സൂപ്പര്‍ഹീറോ ആയിട്ടാണ് അവതരിപ്പിക്കുന്നത്. 

Muni Jinvatsalya Vijay Maharajsaheb എന്ന സന്യാസി പറയുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജൈനമതവുമായി ബന്ധപ്പെട്ട എന്‍ജിഒ -കള്‍ ഇറക്കുന്ന സിനിമകള്‍ യുവാക്കള്‍ക്കിടയില്‍ ഇത്തരം ചിന്തകള്‍ വര്‍ധിക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നാണ്. അദ്ദേഹം തന്നെ ഒരുപാട് യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. അതിനെല്ലാം നിരവധി കാഴ്ചക്കാരുമുണ്ടായിട്ടുണ്ട്. യുവാക്കളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ എളുപ്പമുള്ള വഴിയാണ് അതെന്നും ജീവിതത്തിലെ ഏറെനേരവും യൂട്യൂബില്‍ ചെലവഴിക്കുന്ന യുവാക്കളിലേക്ക് എളുപ്പത്തിലെത്താനുള്ള വഴിയാണ് അതെന്നും കൂടി ഈ സന്യാസി പറയുന്നു. 

മതപരമായ കാര്യങ്ങള്‍
'48 ദിവസം നീണ്ടുനില്‍ക്കുന്ന ഉപാധ്യന്‍ എന്നൊരു പ്രാര്‍ത്ഥനാപരിപാടിയില്‍ അഞ്ച് വര്‍ഷം മുമ്പ് താന്‍ പങ്കെടുത്തിരുന്നു. ഈ സന്യാസജീവിതം തെരഞ്ഞെടുക്കാന്‍ അത് കാരണമായിട്ടുണ്ട്. അന്നാണ് ആ ജീവിതത്തിലേക്കുള്ളൊരു തീപ്പൊരി ഉള്ളില്‍ വീണതെ'ന്നും ധ്രുവി പറയുന്നു. 

അതില്‍ ഒരു ഗുരുവുണ്ടാകും. അവിടെ ഒരു ഏകാന്തവാസമാണ് നടക്കുന്നത്. ചെരിപ്പില്ലാതെ, വൈദ്യുതിയില്ലാതെ, കുളിയില്ലാതെ... ഇതില്‍ പങ്കെടുക്കുന്നവര്‍ മിക്കവരും അതോടെ ആ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നു. കൂടാതെ, സന്യാസജീവിതം സ്വീകരിക്കുന്നതോടെ ലൗകികലോകത്തിന്‍റെ വേദനകളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നുമെല്ലാം രക്ഷനേടാമെന്നും ഗുരു അവരോട് പറയുന്നു. 

പക്ഷെ, അങ്ങനെയൊരു പിന്മടക്കം ഒറ്റ രാത്രികൊണ്ട് സാധ്യമാകുന്ന ഒന്നല്ല. ഹിതേഷ് മോത്ത, മുംബൈയില്‍ ദീക്ഷ സംഘടിപ്പിക്കുന്ന ആളാണ്. അദ്ദേഹം പറയുന്നത്, 'പതിയെ പതിയെ ആണ് ഇങ്ങനെയൊരു പിന്മടക്കം നടക്കുന്നത്. പതിയെ ആത്മവിശ്വാസമുണ്ടാകുന്നു, എല്ലാം ഉപേക്ഷിച്ച് ജീവിക്കാന്‍ തനിക്ക് കഴിയുമെന്നതില്‍. നിങ്ങള്‍ക്കറിയുമോ ഒരു സന്യാസിയുടെ ജീവിതത്തിലെ ഭയത്തെ കുറിച്ച്. അവരെല്ലാം ഉപേക്ഷിക്കണം. ഈ പിന്‍വാങ്ങല്‍ സമയത്ത് ആ ഭയമുണ്ടാകും. സന്യാസിയാകാന്‍ പരിശീലനം ആവശ്യമുണ്ട്' എന്നും അദ്ദേഹം പറയുന്നുണ്ട്. 

കഴിഞ്ഞ മാസം നാഷിക്കില്‍ നടന്ന ഒരു പ്രാര്‍ത്ഥനാ ക്യാമ്പില്‍ പങ്കെടുത്തത് 600 പേരാണ്. തിളങ്ങുന്ന വസ്ത്രങ്ങളൊക്കെ ധരിച്ചുവന്ന അവര്‍ ഏറെപ്പേരും 25 വയസ്സില്‍ താഴെയുള്ളവരായിരുന്നു. പിരിയാന്‍ നേരത്ത് അതില്‍ ഭൂരിഭാഗം പേരും ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതില്‍ 12 വയസ്സ് മാത്രം പ്രായമുള്ള ഹെത് ദോഷി എന്ന കുട്ടിയുമുണ്ടായിരുന്നു. 

മിടുക്കനായ വിദ്യാര്‍ത്ഥി, സ്കേറ്റിങ് ചാമ്പ്യന്‍ ഒക്കെയായിരുന്നു അവന്‍. പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുക്കാനായി സ്കേറ്റിങ് മത്സരങ്ങള്‍ മിക്കതും ഒഴിവാക്കേണ്ടി വന്നു. അവന്‍റെ ഭാരം കുറഞ്ഞു. കാലുകള്‍ പൊട്ടിയിരുന്നു. പക്ഷെ, അവന്‍ പറയുന്നത് ഒരു പ്രകാശം അവന്‍റെ ഹൃദയത്തില്‍ തെളിഞ്ഞിരിക്കുന്നുവെന്നാണ്. 'എന്‍റെ ഗുരു പറഞ്ഞിരിക്കുന്നത്, ഈ ലോകത്ത് നല്ലതായി ഒന്നുമില്ല എന്നാണ്. ഈ ലൗകിക ലോകത്തിലെ ഒന്നും എനിക്കിഷ്ടമല്ല. എന്‍റെ കര്‍മ്മങ്ങളില്‍ നിന്ന്, പാപങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ ദീക്ഷ സ്വീകരിക്കാനിഷ്ടപ്പെടുന്നു. പിന്നീട് സ്വീകരിക്കുന്നതിനേക്കാള്‍ പെട്ടെന്ന് തന്നെ ദീക്ഷ സ്വീകരിക്കുന്നതാണ് നല്ലത് എന്നാണ് എന്‍റെ ഗുരു പറഞ്ഞിരിക്കുന്നത്. 15 വയസ്സാകുമ്പോഴേക്കും ദീക്ഷ സ്വീകരിക്കണമെന്നാണ് എന്‍റെ ആഗ്രഹ'മെന്നും ഹെത് ദോഷി പറയുന്നു. 

അവന്‍റെ മാതാപിതാക്കള്‍ അതില്‍ അഭിമാനം കൊള്ളുന്നവരാണ്. പക്ഷെ, എല്ലാ മാതാപിതാക്കളും ഇവരേപ്പോലെ കുട്ടികളുടെ ഈ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നവരാകണമെന്നില്ല. ധ്രുവിയെ സംബന്ധിച്ച് അച്ഛന്‍റേയും അമ്മയുടേയും അനുവാദം ലഭിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. 'ഞാനിത് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ആകെ തകര്‍ന്നുപോയി' എന്നാണ് ധ്രുവി പറയുന്നത്. 

ദീക്ഷ സ്വീകരിക്കുന്ന ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് അവസാനമായി അവളുടെ അച്ഛന്‍ അവളെ കെട്ടിപ്പിടിച്ചു. അവള്‍ ഇനി സന്യാസിനിയാണ്. "ഇക്കാണുന്ന കെട്ടും മട്ടുമൊക്കെ അവിടെ നിൽക്കട്ടെ നിങ്ങൾ പോയി രണ്ടുവർഷം കഴിഞ്ഞുവരൂ. അപ്പോഴേ അറിയൂ, ഇതുകൊണ്ടൊക്കെ വല്ല ഫലവുമുണ്ടായിട്ടുണ്ടോ എന്ന്... " എന്ന് കൂടി അവളുടെ അച്ഛന്‍ പറയുന്നുണ്ട്.