ജപ്പാനെത്തന്നെ ആകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഒമ്പതുപേരുടെ കൊലപാതകവും അതിനുപിന്നിലെ 'ട്വിറ്റര്‍ കില്ലറും'. സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചവരായിരുന്നു ഇയാളുടെ ഇരകളിലേറെയും എന്നതാണ് ഈ കൊലപാതകപരമ്പരയെ വ്യത്യസ്തമാക്കിയത്. ഏതായാലും തകാഹിറോ ഷിറൈഷി എന്ന കൊലയാളി ടോക്കിയോയിലെ ഒരു കോടതിയില്‍ ബുധനാഴ്ച തന്‍റെ തെറ്റുകളെല്ലാം സമ്മതിച്ചുവെന്നാണ് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍, അപ്പോഴും ഷിറൈഷിയുടെ അഭിഭാഷകസംഘം പറയുന്നത് കൊല നടത്തിയതായി സമ്മതിച്ചതിനാലും ഇരകളുടെ കൂടി സമ്മതത്തോടെയാണ് കൊല നടത്തിയത് എന്നതിനാലും അയാള്‍ക്ക് ശിക്ഷ കുറച്ച് കൊടുക്കണം എന്നാണ്. എന്നാല്‍, ഇരകളുടെ സമ്മതത്തോടെയല്ല താന്‍ കൊല നടത്തിയതെന്നാണ് ഷിറൈഷി പറഞ്ഞിരുന്നത്. ഒരു പുരുഷനടക്കം 15 -നും 26 -നും ഇടയില്‍ പ്രായമുള്ള ഒമ്പതുപേരെയാണ് ഇയാള്‍ കൊന്നത്. ഇരകളുടെ തലയ്ക്ക് പിന്നിൽ മുറിവുകളുണ്ടായിരുന്നു. അതിനർത്ഥം അവര്‍ക്ക് കൊല നടത്തുന്നതിന് സമ്മതമില്ലായിരുന്നുവെന്ന് തന്നെയാണ്. അവർ എതിർക്കാതിരിക്കാനാണ് താൻ മുറിവുണ്ടാക്കിയതെന്നും ഷിറൈഷി സമ്മതിച്ചതായി പറയുന്നു. 

പ്രൊസിക്യൂഷന്‍ പറയുന്നത് ഇങ്ങനെയാണ്, 29 -കാരനായ കൊലയാളി 2017 മാര്‍ച്ചില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. ആത്മഹത്യാചിന്തയുമായി നടക്കുന്നവരെ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. ഇങ്ങനെയുള്ളവരെ എളുപ്പത്തില്‍ കീഴ്പ്പെടുത്താമെന്ന് കരുതിയ ഇയാള്‍ അവരെ തന്‍റെ ടാര്‍ഗറ്റുകളാക്കി. 2017 ആഗസ്തിനും ഒക്ടോബറിനും ഇടയില്‍ കൊല ചെയ്യപ്പെട്ട ഒമ്പതില്‍ എട്ടുപേരും സ്ത്രീകളായിരുന്നു. അതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഒരു പതിനഞ്ചുകാരിയായിരുന്നു. കാണാതായ കാമുകിയുടെ കാര്യത്തില്‍ പ്രതിയെ വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ് ഒമ്പതാമന്‍ കൊല്ലപ്പെട്ടത്. അയാള്‍ക്ക് 20 വയസ്സായിരുന്നു പ്രായം. ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അവര്‍ ഇയാളുടെ ഇരകളിലൊരാളായിരുന്നു. കൊലപാതകത്തെ കുറിച്ച് വിവരം കിട്ടിയതിനെ തുടര്‍ന്ന് ഇയാളുടെ ടോക്കിയോയിലെ അപാര്‍ട്‍മെന്‍റില്‍ നടന്ന പരിശോധനയില്‍ കൂളിംഗ് കണ്ടെയിനറുകളിലാക്കിയ നിലയില്‍ ഇരകളുടെ കഷ്‍ണങ്ങളാക്കിയ ശവശരീരം കണ്ടെത്തി. കൊല ചെയ്യും മുമ്പ് ഇയാള്‍ ഇരകളെ ലൈംഗികമായി ചൂഷണം ചെയ്യുക കൂടി ചെയ്‍തിരുന്നു. 

'ആരാച്ചാര്‍' എന്ന് അര്‍ത്ഥം വരുന്ന പേരുള്ള പ്രൊഫൈലിലാണ് ഇയാള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ശേഷം മരണത്തെ കുറിച്ച് സംസാരിക്കുന്ന പ്രൊഫൈലുകളോട് സൗഹൃദത്തിലാവുകയും സംസാരിക്കുകയും ചെയ്യും. തന്‍റെ അപാര്‍ട്‍മെന്‍റിലേക്ക് വന്നാല്‍ മരിക്കാന്‍ സഹായിക്കാം എന്നും പറഞ്ഞാണ് ഇയാള്‍ ഇരകളെ പ്രലോഭിപ്പിക്കുന്നത്. ചിലരോടൊക്കെ അവരുടെ കൂടെ താനും മരിക്കാമെന്ന വാഗ്ദാനവും ഇയാള്‍ നല്‍കിയിരുന്നു. ഇയാളുടെ പ്രൊഫൈലില്‍ ഇങ്ങനെ എഴുതിയിരുന്നു, 'വേദനകളിലകപ്പെട്ടുപോയ മനുഷ്യരെ ഞാന്‍ സഹായിക്കാം. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എനിക്ക് ഡയറക്ട് മെസേജ് അയക്കാം.' ഏതായാലും ഇയാളുടെ അറസ്റ്റിനു പിന്നാലെ ട്വിറ്റര്‍ തങ്ങളുടെ പോളിസിയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. യൂസര്‍മാര്‍ ആത്മഹത്യയെയോ സ്വയം വേദനിപ്പിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കരുത് എന്നതായിരുന്നു ഇത്. 

ഏതായാലും ഇയാള്‍ക്ക് ശിക്ഷ ഇളവ് ചെയ്തു നല്‍കണം എന്നാണ് അഭിഭാഷകര്‍ വാദിക്കുന്നത്. എന്നാല്‍, പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ഇയാള്‍ക്ക് കിട്ടുമെന്നാണ് കരുതുന്നത്.