രണ്ട് പേജുള്ള കത്താണ് ഇയാൾ എഴുതിയത്. അതിൽ, വാലന്റൈൻസ് ഡേയിലെ തന്റെ അനുചിതമായ പെരുമാറ്റത്തിന് അധ്യാപകൻ മാപ്പ് പറയുന്നുണ്ട്.

11 വയസുള്ള കുട്ടിക്ക് തികച്ചും അനുചിതമായ കത്തെഴുതിയതായി അഞ്ചാം ക്ലാസിലെ അധ്യാപകനെതിരെ ആരോപണം. ഫ്ലോറിഡയിലാണ് സംഭവം. അധ്യാപകനായ ജാരറ്റ് വില്യംസിനെതിരെയാണ് വിദ്യാർത്ഥിനിയുടെ അമ്മ ആരോപണവുമായി എത്തിയത്. പിന്നാലെ അധ്യാപകൻ രാജിവയ്ക്കുകയും ചെയ്തു. 

അധ്യാപകൻ കുട്ടിക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് അമ്മയുടെ ശ്രദ്ധയിൽ പെടുകയായിരുന്നത്രെ. പിന്നാലെ ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ബ്രാഡെന്റണിലെ ബി.ഡി. ഗുല്ലറ്റ് എലിമെന്ററിയിൽ അധ്യാപകനായിരുന്നു ജാരറ്റ്. കുട്ടിയോട് സ്നേഹമാണ് എന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് കത്തിലൂടെ അധ്യാപകൻ ആവശ്യപ്പെട്ടത്. 

മാത്രമല്ല, വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട പരാമർശവും അധ്യാപകന്റെ എഴുത്തിൽ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂസ് ചാനൽ 8 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, കുട്ടിക്ക് അധ്യാപകൻ എഴുതിയ കത്ത് രക്ഷിതാവ് കണ്ടെത്തി ആഴ്ചകൾക്ക് ശേഷം ഏപ്രിൽ 23 -നാണ് അധ്യാപകൻ രാജിവച്ചത്. രണ്ട് പേജുള്ള കത്താണ് ഇയാൾ എഴുതിയത്. 

അതിൽ, വാലന്റൈൻസ് ഡേയിലെ തന്റെ അനുചിതമായ പെരുമാറ്റത്തിന് അധ്യാപകൻ മാപ്പ് പറയുന്നുണ്ട്. ഒപ്പം കുട്ടിയോട് ആവർത്തിച്ച് ഇഷ്ടമാണ് എന്ന് പറയുന്നുമുണ്ട്. 'ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു, അതൊരിക്കലും മാറില്ല, നിന്റെ അധ്യാപകനായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു' എന്നൊക്കെയാണ് കത്തിൽ എഴുതിയിരുന്നത്. മാത്രമല്ല, ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്ന് കുട്ടിയോട് അധ്യാപകൻ ആവശ്യപ്പെടുകയും ചെയ്തു. 

അങ്ങേയറ്റം ​ഗുരുതരവും മോശകരവുമായ പ്രവൃത്തിയാണ് അധ്യാപകന്റേത് എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. വാലന്റൈൻസ് ഡേയിൽ തന്റെ 11 വയസുള്ള മകളെ ഇയാൾ 45 മിനിറ്റോളം മാറ്റി നിർത്തി എന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. സ്കൂൾ ബോർഡ് മീറ്റിം​ഗിൽ വളരെ രൂക്ഷമായും വൈകാരികമായുമാണ് കുട്ടിയുടെ അമ്മ സംസാരിച്ചത്. തന്റെ മകളുടെ നിഷ്കളങ്കത അധ്യാപകൻ നശിപ്പിച്ചുവെന്നും അവൾ ദുഃസ്വപ്നങ്ങൾ കണ്ടുതുടങ്ങിയെന്നും അമ്മ ആരോപിച്ചു. 

അധ്യാപകനെതിരെ പൊലീസും അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം