Asianet News MalayalamAsianet News Malayalam

തൂത്തുക്കുടി ലോക്കപ്പ് കൊലപാതകം; ഇതുവരെയുണ്ടായ സംഭവ വികാസങ്ങൾ ഇങ്ങനെ...

"മജിസ്‌ട്രേറ്റിനോട് പൊലീസുകാർ എന്നോട് ചെയ്തതൊക്കെ പറയാൻ എനിക്ക് വയ്യ. പറഞ്ഞാൽ അവരെന്നെ കൊല്ലും. അമ്മയും, ചേച്ചിമാരും ഒന്നും ഇതൊന്നും അറിയാതെ നിങ്ങൾ നോക്കണം" എന്നാണ് ബെനിക്സ് അവസാനമായി പറഞ്ഞത്.

jayaraj and fenix murder Thoothukudi, Tamil Nadu
Author
Thoothukudi, First Published Jun 27, 2020, 9:56 AM IST

അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരൻ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന് വേണ്ടി കണ്ണീർപൊഴിക്കാനും #justiceforgeorgefloyd എന്ന് ഹാഷ്ടാഗ് പ്രദർശിപ്പിച്ച് അദ്ദേഹത്തിന് നീതി നേടിക്കൊടുക്കാനും ഒക്കെ ലോകമെമ്പാടും ആളുകൾ ഉണ്ടായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണിലെ പൊലീസ് സ്റ്റേഷനിൽ, പി ജയരാജ്(59) എന്നൊരു അച്ഛനെയും, ബെനിക്സ്(31) എന്ന് പേരായ മകനെയും പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി, അടിച്ച് കാൽമുട്ടിന്റെ ചിരട്ട തകർത്ത്, പുറം പൊളിച്ച്, സ്റ്റീൽ ടിപ്പ്ഡ് ലാത്തി ഇരുവരുടെയും ഗുദത്തിലേക്ക് പലവട്ടം കയറ്റിയിറക്കി അവരെ പീഡിപ്പിച്ച് ഇരുവരെയും കൊന്നുകളഞ്ഞിട്ടും ഇന്നുവരെ അതിനുത്തരവാദികളായവർ അറസ്റ്റിലായിട്ടില്ല.

പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ഞൂറ് മീറ്റർ ദൂരെയുള്ള ഇരുവരുടെയും വീട്ടിലേക്ക് വരെ അവരുടെ നിലവിളികൾ കേട്ടു എന്നാണ് ബന്ധുക്കൾ പറയുന്നത്. ലോക്കപ്പിൽ നിന്ന് അവരെ നേരെ കൊണ്ടുപോയത് ആശുപത്രിയിലേക്ക്. മരണാസന്നരായ ഇരുവരും ജയിലിലേക്ക് പോകാൻ തീർത്തും ആരോഗ്യവാന്മാരാണ് എന്ന സർട്ടിഫിക്കറ്റ് നൽകാൻ ആ സർക്കാർ ഡോക്ടർക്ക് ഒരു വൈമനസ്യവും ഉണ്ടായില്ല. ചോരയിറ്റുവീണുകൊണ്ടിരുന്ന അവരുടെ ശരീരം അതിനൊരു തടസ്സമായില്ല. ഇരുവരെയും സബ്‍ജയിലിലേക്ക് റിമാൻഡ് ചെയ്തയക്കാൻ ജഡ്ജി നേരിട്ടൊന്ന് പരിശോധിക്കുക പോലും ചെയ്യാതെ ജയിലിലേക്ക് പറഞ്ഞുവിട്ട ആ അച്ഛനും മകനും, കസ്റ്റഡിയിലെടുക്കപ്പെട്ടു മൂന്നുദിവസം തികയും മുമ്പ് മരണപ്പെട്ടു. അച്ഛന്റെ മരണകാരണം പനിയും ശ്വാസതടസ്സവും, മകന്റേതോ ഹൃദയാഘാതവും. 

ഇത്രയും ക്രൂരപീഡനങ്ങൾ അനുഭവിച്ച് പൊലീസ് കസ്റ്റഡിയിൽ മരിച്ചുപോകാൻ മാത്രം എന്ത് കൊടുംകുറ്റമാണ് ജയരാജും മകൻ ബെനിക്‌സും പ്രവർത്തിച്ചത്? അവർ തീവ്രവാദികളായിരുന്നോ? അല്ല. അവർ ശത്രുസൈനികരായിരുന്നോ? അല്ല. ബലാത്സംഗികളോ കൊലപാതകികളോ ആയിരുന്നോ? അല്ല. അവർ ചെയ്ത കുറ്റം ഇത്രമാത്രം. ലോക്ക് ഡൌൺ കാലത്ത് എട്ടുമണിയോടെ അടക്കേണ്ട അവരുടെ മൊബൈൽ കട എട്ടേകാലുവരെ തുറന്നുവെച്ചിരുന്നു. കട അടക്കാൻ പതിനഞ്ചു മിനിട്ടു നേരം വൈകി എന്ന കുറ്റത്തിനാണ് ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുന്നത്. അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ബെനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയായിരുന്നു. കട അടയ്ക്കാൻ നിർബന്ധിച്ച പോലീസിനോട് ജയരാജ് തർക്കിച്ചപ്പോൾ, കോൺസ്റ്റബിളിന് അഭിമാനക്ഷതം അനുഭവപ്പെടുകയും, കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിച്ച് ദേഷ്യം തീർക്കുകയുമാണ് സത്യത്തിൽ ഉണ്ടായത്.

കസ്റ്റഡിയിൽ എടുക്കപ്പെട്ട അന്ന് രാത്രിയും, അതിന്റെ അടുത്ത രണ്ടു ദിവസങ്ങളിലുമായി ഈ അച്ഛനും മകനും അനുഭവിച്ചത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടിയ ക്രൂരതകളാണ്. സാത്താങ്കുളം പൊലീസ് സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത മങ്ങിയ വെളിച്ചം മാത്രമുള്ള ഒരു ഇടിമുറിയിൽ നടന്ന കാര്യങ്ങൾ ആരുടെയും മനസ്സിനെ പിടിച്ചുലക്കുന്നതാണ്. ഇത് തമിഴ്‌നാട്ടിൽ, കേരളത്തിൽ ഒക്കെ അതിസാധാരണമായ ജീവിതം നയിക്കുന്ന, ഒരു ചെറിയ ഷോപ്പ് നടത്തുന്ന ആർക്കും വന്നുചേരാവുന്ന ഒരു ദുരവസ്ഥയാണ്.

എല്ലാം തുടങ്ങുന്നത് ഒരു പൊലീസ് അനൗൺസ്മെന്റോടെയാണ്. ലോക്ക് ഡൌൺ തുടങ്ങിയ ശേഷം തമിഴ്‌നാടിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഇത്തരത്തിലുള്ള അനൗൺസ്മെന്റുകൾ സാധാരണയാണ്. "എല്ലാ ഷോപ്പുകളും കൃത്യം എട്ടുമണിക്കുതന്നെ അടക്കേണ്ടതാണ്. എട്ടുമണിക്കുശേഷം തുറന്നിരിക്കുന്ന കടകൾക്കെതിരെ ലോക്ക് ഡൌൺ ലംഘനത്തിന് കേസെടുക്കുന്നതാണ്" എന്നിങ്ങനെ അനൗൺസ്‌മെന്റ് തുടരും. അനൗൺസ്‌മെന്റ് വന്നാലും പിന്നെയും പത്തുപതിനഞ്ചു മിനിട്ടു നേരമൊക്കെ കഴിഞ്ഞേ എല്ലാവരും ഷട്ടർ താഴ്ത്തിത്തുടങ്ങൂ. അത്തരത്തിൽ ഒരു അനൗൺസ്മെന്റുമായി കഴിഞ്ഞ ജൂൺ 18 -ന് സാത്താങ്കുളം പൊലീസിന്റെ ജീപ്പ് തെരുവിലൂടെ കടന്നു പോവുകയാണ്. നിരവധികടകളുള്ള ആ തെരുവിൽ നിന്ന് ഒരു പ്രതിഷേധ സ്വരം പൊലീസിന്റെ കാതിൽ വന്നുവീണു. "ഇവിടെ ഇത്രേം കടകൾ തുറന്നിരിക്കുമ്പോൾ, നിങ്ങളെന്തിനാ എന്നോട് മാത്രം അടക്കാൻ പറയുന്നത്..?"

ആരാണ് പൊലീസിനെതിരെ ഇങ്ങനെ പറഞ്ഞത് എന്ന് അപ്പോൾ അവർക്ക് മനസ്സിലായില്ല. എന്നാൽ, അല്പനേരത്തിനുളിൽ പൊലീസ് സ്റ്റേഷനിൽ അവരുടെ ഇൻഫോർമർമാർ വഴി ആ രഹസ്യവിവരം വന്നെത്തി. ആ ഡയലോഗടിച്ചത് ടൗണിൽ മരക്കട വെച്ചിരിക്കുന്ന ജയരാജ് എന്നൊരാളാണ്.  

ജയരാജ്, ബെനിക്സ് - സാത്താങ്കുളത്തുകാർക്ക് ഈ അച്ഛനും മകനും ചിരപരിചിതരാണ്. ഇരുവരും കഴിഞ്ഞ പത്തുവർഷമായി ടൗണിൽ കട നടത്തുന്നവരാണ്. അച്ഛന് മരക്കട, മകന് മൊബൈൽ ഷോപ്പ്. ബെനിക്സിന്റെ കല്യാണം ഏതാണ്ടുറപ്പിച്ച മട്ടാണ്. രണ്ടുമാസത്തിനുള്ളിൽ അത് നടത്താൻ ഏകദേശം തീരുമാനമായിട്ടുണ്ട്. ജയരാജിന്റെ നാലുമക്കളിൽ ഒരേയൊരു മകനാണ്, ഏറ്റവും ഇളയവനാണ് ബെനിക്സ്. മൂത്ത മൂന്നു ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞതാണ്. ഇനി ബെനിക്സിന്റെ വിവാഹം കൂടിയേ കുടുംബത്ത് നടക്കാനുള്ളൂ. വളരെ സാധാരണമായ ഒരു ലോവർ മിഡിൽക്ളാസ് കുടുംബമായിരുന്നു അവരുടേത്.

വ്യാഴാഴ്ച രാത്രിയിൽ ജയരാജ് പൊലീസിനെതിരെ കോപത്തോടെ പരസ്യമായി പരാതി പറഞ്ഞതിന് പൊലീസിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടാകുന്നത് അടുത്ത ദിവസം രാത്രിയിലാണ്. ഏഴരയോടെ ഒരുവണ്ടി പൊലീസ് ജയരാജിന്റെ കടയിലെത്തി. 'ഒന്ന് സ്റ്റേഷൻ വരെ വരണം, ഒരു കേസ് സംബന്ധിച്ച് ചിലത് ചോദിക്കാനുണ്ട്' എന്നാണ് വന്നവർ പറഞ്ഞത്.

സ്റ്റേഷനിലേക്ക് അര കിലോമീറ്ററിൽ താഴെ മാത്രമാണ് ദൂരം. " നിങ്ങൾ പൊയ്ക്കോളൂ, ഞാൻ നടന്നങ്ങ് വന്നോളാ"മെന്ന് ജയരാജ് പറഞ്ഞത് പൊലീസ് കൂട്ടാക്കിയില്ല.

കടയിൽ വന്ന പോലീസുകാർ വന്ന വണ്ടിയിൽ തന്നെ ജയരാജിനെയും കയറ്റിക്കൊണ്ട് സ്റ്റേഷനിലേക്ക് പോയി. ആ സമയത്ത് അവിടെ നടന്നതെല്ലാം തന്നെ തൊട്ടടുത്ത കടയിലുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.  അച്ഛനെ പൊലീസ് വണ്ടിയിൽ കയറ്റുന്നത് കണ്ട ബെനിക്സ് വണ്ടിക്കടുത്തേക്ക് ചെന്ന് അന്വേഷിക്കുന്നു. പൊലീസിന്റെ വണ്ടി ജയരാജനെയും കൊണ്ട് പോയതിനു പിന്നാലെ ബെനിക്സ് ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് തിരികെ വരുന്നതും ദൃശ്യങ്ങളിലുണ്ട്. അടുത്ത നിമിഷം ദൃശ്യങ്ങളിൽ കാണുന്നത് ഒരു സുഹൃത്തിന്റെ ബൈക്കിനു പിന്നിൽ കയറിക്കൊണ്ട് സ്റ്റേഷനിലേക്ക് പോകുന്ന ബെനിക്സിനെയാണ്.

സ്റ്റേഷനിൽ ബെനിക്സ് എത്തുമ്പോൾ അവിടെ അച്ഛനെ എസ്‌ഐ അസഭ്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. അടിക്കാൻ കയ്യോങ്ങുമ്പോഴാണ് ബെനിക്സ് എത്തുന്നത്. അച്ഛന്റെ മേൽ വീഴേണ്ടിയിരുന്ന അടി, എസ്ഐയുടെ കൈ പിടിച്ച് തടഞ്ഞുകൊണ്ട് "എന്തിനാണ് നിങ്ങളെന്റെ അച്ഛനെ അടിക്കുന്നത്" എന്ന് ചോദിച്ചു അയാൾ. അതോടെ എസ്ഐയുടെ കോപം ഇരട്ടിച്ചു. 'പൊലീസിന്റെ കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ചു' എന്നതായി ബെനിക്സിന്റെ മേലുള്ള കുറ്റം. ഇരുവരെയും തുണിയുരിഞ്ഞ്, അടിവസ്ത്രങ്ങൾ പോലുമില്ലാതെ പൊലീസ് ലോക്കപ്പിൽ തള്ളി. അടുത്ത അരമണിക്കൂറിനുള്ളിൽ ലാത്തികൊണ്ടുള്ള അടിയേറ്റ് ഇരുവരുടെയും കാൽമുട്ടിന്റെ ചിരട്ട തകർന്നു കഴിഞ്ഞിരുന്നു. പുറകില്‍ ലാത്തി കൊണ്ട് അടിച്ച് ഇരുവർക്കും ചോരവാർന്നൊഴുകിത്തുടങ്ങി. ആദ്യം ബെനിക്സിനെ അടിച്ചപ്പോൾ, ജയരാജ് ചോദ്യം ചെയ്തു എന്നും, അതിന്റെ പേരിൽ ജയരാജനെയും അതേപോലെ മർദനത്തിന് വിധേയനാക്കി എന്നുമാണ് പറയുന്നത്.

ഇത് കണ്ടുകൊണ്ടു നിന്ന അവരുടെ വക്കീൽ സുഹൃത്ത്, "നിങ്ങൾ ഈ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണ്" എന്ന് പറഞ്ഞപ്പോൾ, അയാൾ അടക്കമുള്ള ബെനിക്സിന്റെ സ്നേഹിതരെ ബലം പ്രയോഗിച്ച് സ്റ്റേഷന് വെളിയിലാക്കി വാതിൽ അടക്കുകയാണ് പൊലീസ് ചെയ്തത്.

അന്ന് രാത്രിയാണ് ഇരുവർക്കും പൊലീസിന്റെ സ്റ്റീൽ ടിപ്പ്ഡ് ലാത്തി കൊണ്ട് മലദ്വാരത്തിൽ കയറ്റിയിറക്കിയുള്ള ക്രൂരപീഡനമുണ്ടായത്. ബെനിക്സിന്റെ നെഞ്ചിലെ രോമമത്രയും പൊലീസ് കൈകൊണ്ട് പിച്ചി എടുത്തുകളഞ്ഞു. ഈ സംഭവങ്ങൾ പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ നടക്കുന്ന നേരമത്രയും ബെനിക്സിന്റെ സ്നേഹിതർ നിസ്സഹായരായി സ്റ്റേഷന് പുറത്ത് കാത്തിരിക്കുകയായിരുന്നു.

അടുത്ത ദിവസം, രാവിലെ സ്റ്റേഷന്റെ വാതിൽ തുറന്ന ബെനിക്സിന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടത് ഇതാണ്, "റിമാൻഡ് ചെയ്യുന്നതിന് മുമ്പ് മെഡിക്കൽ ചെക്കപ്പ് നടത്തണം. നിങ്ങൾ ഒരു കാർ കൊണ്ടുവന്നാൽ അതിൽ കൊണ്ടുപോകാം" സാധാരണ പൊലീസ് പ്രതികളെ വൈദ്യപരിശോധനക്ക് കൊണ്ടുപോകാറുള്ളത് സ്വന്തം ജീപ്പിൽ തന്നെയാണ്. പിന്നെന്തിനാണ് തങ്ങളോട് കാർ അറേഞ്ച് ചെയ്യാൻ പറഞ്ഞത് എന്ന സംശയം അവർക്കുണ്ടായ. എന്നാൽ, അല്പനേരത്തിനുള്ളിൽ അത് മാറിക്കിട്ടി. വൈദ്യപരിശോധനക്കെന്നും പറഞ്ഞ് പുറത്തേക്ക് നടത്തിക്കൊണ്ടുവന്ന ജയരാജിന്റെയും ബെനിക്സിന്റെയും പിൻഭാഗത്തുനിന്ന് തുള്ളിതുള്ളിയായി രക്തം ഇറ്റുവീഴുന്നുണ്ടായിരുന്നു. ആ ചോര പറ്റി പൊലീസ് ജീപ്പിന്റെ സീറ്റിൽ കറ വീഴാതിരിക്കാനാണ് സുഹൃത്തുക്കളോട് വണ്ടി കൊണ്ടുവരാൻ പറഞ്ഞത്. അന്നേദിവസം വൈകുന്നേരം സബ്ജയിലിൽ അവസാനിച്ച ആ യാത്ര തീരും മുമ്പ് മൂന്നു  തവണയാണ് സ്നേഹിതർക്ക് ഇരുവരുടെയും ലുങ്കി മാറ്റി പുതിയത് ഉടുപ്പിക്കേണ്ടി വന്നത്.

കൊണ്ടുവന്ന കാറിന്റെ സീറ്റിൽ കറ വീഴാതിരിക്കാൻ സ്നേഹിതർ ഒരു പുതപ്പ് വിരിച്ചിരുന്നു. ലുങ്കിയാണ് ഇരുവരും ധരിച്ചിരുന്നത്. തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തുന്നതിനിടെ ഇരുവരുടെയും ലുങ്കി ചോരയിൽ കുളിച്ചിട്ടുണ്ടായിരുന്നു. സീറ്റിൽ വിരിച്ച പുതപ്പും ചോരയിൽ കുതിർന്നു. അവിടെ വെച്ച് ഡോക്ടർ മൂന്നു തവണ ഇൻജെക്ഷൻ നൽകി ബ്ലീഡിങ് ഏതാണ്ട് നിന്ന ശേഷം അത്രയും പരിക്കുകൾ ദേഹത്തുള്ള അവർക്ക് യാതൊരുവിധ ശാരീരിക പ്രശ്നങ്ങളും ഇല്ല എന്നും, അവർ റിമാൻഡ് ചെയ്യാൻ മാത്രം ആരോഗ്യമുള്ളവരാണ് എന്നുമുള്ള സർട്ടിഫിക്കറ്റ് പൊലീസിന് ഇഷ്യു ചെയ്തു നൽകി.

അവിടെനിന്ന് പൊലീസ് അവരെ കൊണ്ടുപോയത് മജിസ്‌ട്രേറ്റിന്റെ അടുത്തേക്കാണ്. പോകും വഴി, "മജിസ്‌ട്രേറ്റിനോട് നിന്നെ അവർ ഇങ്ങനെയൊക്കെ ഉപദ്രവിച്ചെന്ന കാര്യം തുറന്നുപറയണം"എന്ന് ബെനിക്സിന്റെ സ്നേഹിതർ അയാളോട് പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞ മറുപടി, "ഇതൊന്നും ആരോടും പറയരുത്, പറഞ്ഞാൽ ജീവിതം തുലച്ചുകളയും എന്നാണ് പൊലീസുകാർ പറഞ്ഞിട്ടുള്ളത്. അവർ സ്റ്റേഷനിൽ വെച്ച് എന്നോട് ചെയ്തതൊക്കെ ഓർക്കാൻ പോലും എനിക്ക് നാണക്കേടാകുന്നു. എങ്ങനെ ഞാനതൊക്കെ മജിസ്‌ട്രേറ്റിനോട് പറയും. അമ്മയും, ചേച്ചിമാരും ഒന്നും ഇതൊന്നും അറിയാതെ നിങ്ങൾ നോക്കണം" എന്നുമാത്രമായിരുന്നു.

അങ്ങനെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ കൊണ്ട് ചെല്ലുന്നു. കൊറോണക്കാലമായതിനാൽ നാല്പതടി ദൂരെ നിർത്തിയാണ് മജിസ്‌ട്രേറ്റ് അവരെ പരിശോധിച്ചത്. 'പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി', 'ആക്രമിക്കാൻ ശ്രമിച്ചു' എന്നിങ്ങനെയുള്ള ചാർജുകളായിരുന്നു എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. ദേഹത്തുകാണുന്ന ചില്ലറ പരിക്കുകൾ അറസ്റ്റു ചെയ്യാൻ നേരം പ്രതികൾ റോഡിൽ കിടന്നുരുണ്ടപ്പോൾ സ്വയം ഉണ്ടായതാണെന്ന് പൊലീസ് മജിസ്‌ട്രേറ്റിനെ അറിയിച്ചു. പുറമേക്ക് സാരമായ മറ്റു പരിക്കുകളൊന്നും കാണാനില്ലാത്തതുകൊണ്ട് അവരെ റിമാൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ മജിസ്‌ട്രേറ്റ് ഒപ്പുവെച്ചു നൽകി. അവരെ പൊലീസ് സബ്ജയിലിലേക്ക് കൊണ്ടുപോയി.

അവരെ അടുത്തുള്ള സബ് ജയിലുകളിലൊന്നും കൊണ്ടുപോകാതെ ദൂരെയുള്ള കോവിൽപെട്ടി സബ്‌ജയിലിലാണ് കൊണ്ടുപോയത്. അവിടെയും നിയമം അനുശാസിക്കുന്ന പരിശോധനകൾക്കൊന്നും വിധേയരാക്കാതെ ഇരുവരെയും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ നെഞ്ചുവേദന വരുന്നു എന്നു പരാതിപ്പെട്ട മകൻ ബെനിക്സ് ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് ഹൃദയസ്തംഭനം വന്ന് മരണപ്പെട്ടു. മൂന്നു മണിക്കൂറിനുള്ളിൽ തന്നെ കടുത്ത പനിയും ശ്വാസംമുട്ടുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛൻ ജയരാജും മരണപ്പെട്ടു.

അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരൻ മരിച്ചത് അറസ്റ്റ് ചെയുനതിനിടെ പൊലീസ് ഓഫീസർ ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചതുകൊണ്ടാണ്. ആ മരണം അമേരിക്കയിലും ലോകമെമ്പാടും സൃഷ്‌ടിച്ച കോലാഹലങ്ങൾ ചില്ലറയല്ല. അന്ന് തുടങ്ങിയ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന സമരം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വംശീയവിദ്വേഷം, പൗരന്മാരുടെ അവകാശങ്ങൾ, സ്വാഭിമാനം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ അങ്ങനെ പലതും ചർച്ചാവിഷയമായി. എന്തൊക്കെ പരിഷ്‌കാരങ്ങൾ പൊലീസിന്റെ ജനങ്ങളോടുള്ള ഇടപെടലിൽ വരേണ്ടതുണ്ട് എന്ന തരത്തിൽ പോലുമുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അത് വഴിവെച്ചു. അന്ന് ഫ്ലോയിഡിനെ കഴുത്തിൽ കാൽമുട്ടമർത്തി കൊന്ന പൊലീസുകാരൻ മാത്രമല്ല  അന്ന് അതുകണ്ടുനിന്ന, അത് ചെയ്യുന്നതിൽ നിന്ന് ഓഫീസറെ തടയാതിരുന്ന, ആ പൊലീസ് സംഘത്തിലെ എല്ലാ പൊലീസുകാരും ഇന്ന് ജയിലിലടക്കപ്പെട്ടുകഴിഞ്ഞു.
 

jayaraj and fenix murder Thoothukudi, Tamil Nadu

 

ഈ സംഭവത്തിന്റെ പേരിൽ സാത്താങ്കുളം പൊലീസ് സ്റ്റേഷനിലും ഉണ്ടായിട്ടുണ്ട് ചില നടപടികൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ. ഈ വിഷയം കൈകാര്യം ചെയ്ത ഒരു എസ്ഐ, ഒരു കോൺസ്റ്റബിൾ എന്നിവരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. സംഭവം നടന്നപ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരെയും മറ്റുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു. തമിഴ്‌നാട് പൊലീസ് ഡിപ്പാർട്ടുമെന്റിനെ സംബന്ധിച്ചിടത്തോളം കസ്റ്റഡിമരണക്കേസ് മാത്രമാണ് ഇത്. സ്ഥിരം വകുപ്പുതല അന്വേഷണങ്ങളുടെ ചുവപ്പുനാടകളിൽ പെട്ട് എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ട ഒന്ന്.

എന്നാൽ, ഇത്തവണ അങ്ങനെ ഒരു തണുപ്പൻ നിലപാടിലേക്ക് സംഗതികളെ അവസാനിക്കാൻ വിടാതിരിക്കാൻ വേണ്ടി തമിഴ്‌നാട്ടിലെ പൊതുജനങ്ങൾക്കിടയിൽ നിന്ന് കാര്യമായ പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ ഈ അച്ഛനും മകനും നീതി കിട്ടണം എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തെരുവിലിറങ്ങി. #JusticeForJayarajAndFenix  എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ നിരവധിപേർ ട്വീറ്റ് ചെയ്യുന്നുണ്ട്. ഈ സംഭവം സംസ്ഥാനത്തെ ക്രമാസമാധാനവ്യവസ്ഥയുടെ പരാജയമാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എഐഡിഎംകെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും വിഷയത്തിൽ നീതിവേണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ആർജെ സുചിത്ര അടക്കമുള്ള പലരും ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ടിട്ട വീഡിയോകൾ വൈറലായിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിഷയത്തിൽ ഇടപെട്ട മദ്രാസ് ഹൈക്കോടതി പോസ്റ്മോർട്ടത്തിന്റെ വീഡിയോ റിക്കോർഡിങ് നടത്തണം എന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തെപ്പറ്റി എസ്പി തലത്തിൽ അന്വേഷിച്ച് ഉടനടി റിപ്പോർട്ട് നൽകണം എന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. കൊറോണ പോലെ ഒരു മഹാമാരിയായി പൊലീസും മാറുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു.

Follow Us:
Download App:
  • android
  • ios