ജിം കോർബറ്റിന്റെ ജന്മദിനമാണ് ഇന്ന്. ഒരേ വ്യക്തിയെപ്പറ്റിയുള്ള അപദാനങ്ങളിൽ പുലിമുരുകനെന്നും, വന്യജീവി സംരക്ഷകനെന്നുമുള്ള പരസ്പരവിരുദ്ധമായ വിശേഷണങ്ങൾ കടന്നുവരുന്നത് വളരെ അപൂര്‍വമായിട്ടാവും. എന്നാൽ, ജിം കോർബറ്റ് എന്ന ബ്രിട്ടീഷുകാരന്‍ ഇത് രണ്ടുമായിരുന്നു. 1875  ജൂലൈ 25 -ന് നൈനിത്താളിൽ ജനിച്ച കോർബറ്റ് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ കേണലായിരുന്നു. അന്നൊക്കെ, ജനങ്ങളെ കൊന്നുതിന്നുന്ന നരഭോജികളായ നരികളെ വെടിവെച്ചിടാൻ ഉത്തരേന്ത്യയിൽ എങ്ങും നിയോഗിക്കപ്പെട്ടിരുന്നത് കോർബറ്റായിരുന്നു. എന്നാൽ, പോകെപ്പോകെ, കാടുകേറിയിറങ്ങിയുള്ള ഈ നായാട്ടുകൾക്കിടെ കാടിനോടും വന്യജീവികളോടെയും അറിയാതെ സ്ഥാപിക്കപ്പെട്ട ഒരു അടുപ്പം ജിമ്മിനെ ഒരു വന്യജീവി സംരക്ഷകനും, എഴുത്തുകാരനും ഒക്കെയാക്കി മാറ്റി. 

കോർബറ്റ് എഴുതിയ 'മാൻ  ഈറ്റേഴ്‌സ് ഓഫ് കുമായൂൺ' എന്ന പുസ്തകം ഇന്നും ഒരു ബെസ്റ്റ് സെല്ലറാണ്. ഇതിനൊക്കെപ്പുറമെ, അദ്ദേഹം കാടിന്റെ സ്പന്ദനങ്ങൾ പകർത്താൻ പോന്ന സംവേദന ശേഷിയുള്ള  അനുഗൃഹീതനായൊരു വൈൽഡ് ലൈഫ്  ഫോട്ടോഗ്രാഫർ കൂടി ആയിരുന്നു. ഉത്തരാഖണ്ഡിൽ അദ്ദേഹത്തിന്റെ പേരിൽ  നാഷണൽ പാർക്കുതന്നെയുണ്ട്. അങ്ങനെ പലതുമാണ് ഒരേസമയം, എഡ്വേർഡ് ജെയിംസ് കോർബറ്റ് എന്ന ജിം കോർബറ്റ്. നായാട്ടിലുള്ള തന്റെ അസാമാന്യ പാടവവും, വന്യമൃഗങ്ങൾ പിന്നിൽ ഉപേക്ഷിച്ചുപോകുന്ന പഗ് മാർക്കുകളും മറ്റും നിരീക്ഷിച്ച് അവയെപ്പറ്റി വളരെ ആഴത്തിലുള്ള പല നിരീക്ഷണങ്ങളും നടത്താനുള്ള സവിശേഷമായ കഴിവും എല്ലാം അദ്ദേഹം മനുഷ്യരുടെയും വന്യജീവികളുടെയും നന്മയ്ക്കായി ഉപയോഗപ്പെടുത്തി. 

കോർബറ്റ് എന്ന പുലി മുരുകൻ 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇന്ത്യയിൽ നരഭോജികളായ നിരവധി കടുവകളും പുലികളും ഒക്കെ മേഞ്ഞു നടന്നിരുന്നു. അവയിൽ പലതിന്റെയും അന്തകനാകാൻ അതാത് പ്രദേശങ്ങളിലെ അധികാരികൾ ജിം കോർബറ്റിനെ വിളിച്ചു വരുത്തുമായിരുന്നു. 'നരഭോജികൾ' എന്നൊക്കെ പറയുമ്പോൾ വിശ്വാസം വരുന്നുണ്ടാവില്ല. എന്നാൽ ഒരു കണക്കുപറയാം, കോർബറ്റ് വെടിവെച്ചു കൊന്ന കടുവകളിൽ ഒന്നായിരുന്നു കുപ്രസിദ്ധ നരഭോജിയായ 'ചമ്പാവത്തിലെ കടുവ'. 

1907 -ൽ കോർബറ്റിന്റെ തോക്കിനിരയാവുന്നത് വരെയുള്ള തന്റെ ജീവിതകാലഘട്ടത്തിൽ അത് കവർന്നത് 436  മനുഷ്യ ജീവനുകളാണ് എന്ന് പറയുമ്പോഴാണ് ആ പദത്തിന്റെ അർത്ഥവ്യാപ്തി പിടികിട്ടുക. കോർബറ്റ് ആ പെൺകടുവയെ വെടിവെച്ചിടുന്നത് അത് തന്റെ 436 -ാമതത്തെ ഇരയായ പതിനാറുകാരി പെൺകുട്ടിയെ തിന്നുകൊണ്ടിരിക്കുമ്പോഴാണ്. അതുപോലെ 'പനാറിലെ പുലി' എന്നറിയപ്പെട്ടിരുന്ന ഒരു വ്യാഘ്രമുണ്ടായിരുന്നു അൽമോറയിൽ പണ്ട്. ആ ആൺപുലി കൊന്നുതിന്നത് ആകെ 400 പേരെയാണ്. അതിനെയും കൊല്ലാൻ ഒടുവിൽ കോർബറ്റിനെ വിളിച്ചുവരുത്തി നാട്ടുകാർ. അങ്ങനെ, 31 വർഷത്തെ തന്റെ നായാട്ടുജീവിതത്തിനിടയിൽ ജിം കോർബറ്റ് കൊന്നിട്ടുള്ളത് ഇത്തരത്തിലുള്ള 33 നരഭോജികളെയാണ്. അതിൽ 19  കടുവകളും 14  പുലികളും ഉണ്ടായിരുന്നു.

കോർബറ്റ് എന്ന പ്രകൃതി സ്‌നേഹി 

അറിയപ്പെടുന്ന ഒരു വേട്ടക്കാരൻ  ആയിരുന്നപ്പോൾ തന്നെ ജിം കോർബറ്റ്, പ്രകൃതിയുമായുള്ള തന്റെ അടുപ്പം കൊണ്ടും, വന്യമൃഗങ്ങളോട്  ഇടപെട്ടുള്ള പരിചയം കൊണ്ടും നേടിയ അനുഭവസമ്പത്ത് വന്യജീവികളുടെയും മനുഷ്യരുടെയും നന്മയ്ക്കായി പ്രയോജനപ്പെടുത്തി. കാട് ഒരു വേട്ടക്കാരന് നൽകുന്ന സൂചനകൾ, അടയാളങ്ങൾ ഒക്കെ ജിം കോർബെറ്റിനോളം മനസ്സിലാക്കിയിരുന്ന മറ്റൊരാളുണ്ടായിരുന്നില്ല. കടുവകളുടെയും പുലികളുടെയും പഗ് മാർക്കുകളും, മരത്തിൽ അവ ഏൽപ്പിക്കുന്ന പോറലുകളും, അവ പൊഴിക്കുന്ന ഫെറോമോണും, അവയുടെ കാഷ്ഠവും മറ്റും നിരീക്ഷിച്ച് എത്ര വേഗത്തിൽ ഏത് ദിശയിലേക്കാണ് ആ മൃഗം പോയത് എന്നുവരെ കൃത്യമായി പറയാൻ കോർബറ്റിനു സാധിക്കുമായിരുന്നു. 

ഒരു പുലി അല്ലെങ്കിൽ കടുവ എങ്ങനെയാണ് ആ 'പ്രകൃതി വിരുദ്ധമായ' പ്രവൃത്തിയിലേക്ക് എത്തിപ്പെടുന്നത് എന്ന് കോർബറ്റ് വിശദീകരിക്കുന്നുണ്ട്. "ഒരു നരഭോജിയായ കടുവ അല്ലെങ്കിൽ പുലി, നിരവധി സാഹചര്യങ്ങൾ അതിൽ ചെലുത്തുന്ന സമ്മർദ്ദങ്ങളിലൂടെയാണ് അങ്ങനെ ഒരു പ്രവൃത്തിയിലേക്ക് എത്തിപ്പെടുന്നത്. പത്തിൽ ഒരു കടുവയ്ക്കു മാത്രമാണ് ഇന്നാട്ടിൽ പ്രായമെത്തി മരിക്കാനുള്ള ഭാഗ്യം സിദ്ധിക്കുന്നത് എന്നുമാത്രം, സാഹചര്യങ്ങളുടെ സമ്മർദ്ദത്തെപ്പറ്റി പറയുമ്പോൾ ഞാൻ പറഞ്ഞുവെക്കുന്നു... ബാക്കി ഒമ്പതും മരിക്കുന്നത് മുറിവേറ്റിട്ടാണ്. "ഇങ്ങനെയുള്ള മുറിവുകൾ പല കാരണങ്ങളാൽ കടുവകൾക്ക് ഏൽക്കാമെങ്കിലും, പ്രധാനപ്രതി മനുഷ്യൻ തന്നെയാണ്. ജീവനെടുക്കാത്ത ഒരു വെടിയുണ്ട പലപ്പോഴും കടുവയുടെ ശരീരത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകളുണ്ടാക്കുന്നു.  

1920 -ലാണ് കോർബറ്റ് തന്റെ സുഹൃത്തിനാൽ പ്രചോദിതമായി ഒരു കാമറ വാങ്ങുന്നത്. അന്നുമുതൽ അദ്ദേഹം കടുവകളെ ഫിലിമിലാക്കിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ഇന്ത്യയിലെ സ്‌കൂളുകൾ തോറും പര്യടനങ്ങൾ നടത്തി നമ്മുടെ പ്രകൃതിയും കാടുമൊക്കെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ക്ലാസ്സുകൾ എടുത്തു. കുമാവോൺ കുന്നുകൾ കേന്ദ്രീകരിച്ച് ഹെയ്ലി പാർക്ക് എന്ന പേരിൽ ഒരു നാഷണൽ പാർക്ക് തുടങ്ങി വന്യജീവികളെ സംരക്ഷിക്കുന്നതിനെപ്പറ്റി ആദ്യമായി പദ്ധതിയിട്ടത് ജിം കോർബറ്റ് ആണ്. അതാണ് അമ്പതുകളിൽ ജിം കോർബറ്റ് നാഷണൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. 

പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം ഒരു റെയിൽവേയ്സ് കോണ്ട്രാക്കര് ആയി ജോലി ചെയ്തുകൊണ്ടിരുന്ന കോർബറ്റ് നിരവധി സ്വദേശികൾക്ക് തൊഴിലും നല്‍കിപ്പോന്നിരുന്നു.  ഉത്തരാഖണ്ഡിലെ നാട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ 'കാർപ്പെറ്റ് സാബ്' എന്നുവിളിച്ചുപോന്നിരുന്നു.

മനുഷ്യരുടെ ജീവന് ഭീഷണിയായിരുന്ന കടുവകളെ വെടിവെച്ചുകൊന്നിരുന്നു എങ്കിലും കടുവകളെ കോർബറ്റിനു വളരെ ബഹുമാനമായിരുന്നു. തന്റെ പുസ്തകത്തിൽ അദ്ദേഹം കടുവകളെ വിശേഷിപ്പിച്ചത്, 'അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യർ' എന്നാണ്.