ഇനിയൊരു സാധ്യത വൈറസിന് എന്തെങ്കിലും ജനിതകമാറ്റങ്ങൾ ഉണ്ടായി ശക്തി കൂടുകയോ കുറയുകയോ ചെയ്‍തോ എന്നതാണ്. ഗുജറാത്തിലും മറ്റും ഇത്തരം ശക്തികൂടിയ വൈറസാണ് ഉള്ളതെന്ന് ഒരു വാർത്തയും വന്നിരുന്നു. എന്നാൽ, ശാസ്ത്രലോകം അതും തള്ളിക്കളയുന്നു.

ലോകമെങ്ങും കൊവിഡിൽ മരിക്കുന്നവരുടെ എണ്ണം ഒരോദിവസവും കുതിക്കുകയാണ്. ഇതുവരെ  മൂന്നരലക്ഷം കഴി‍ഞ്ഞു. ഇന്ത്യയിലും ആളുകൾ മരിക്കുന്നുണ്ട്. പക്ഷേ, മരിക്കുന്നവരുടെ എണ്ണം തീരെ കുറവാണ്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ രോഗം പടരുന്നത് അനുസരിച്ച് നമ്മുടെ മരണസംഖ്യ കുറവാണ്. ആരോഗ്യരംഗത്തുള്ളവർ ലോകമെങ്ങും ആലോചിച്ചും അന്വേഷിച്ചും  തലപുകയ്ക്കുകയാണ്. ഭയപ്പെട്ടതുപോലെ എന്തുകൊണ്ട് ഇന്ത്യയിൽ കൂട്ടമരണങ്ങൾ ഉണ്ടാകുന്നില്ല. 

ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് മാർച്ച് 13 -നാണ് കർണ്ണാടകത്തിൽ. അവിടെനിന്ന് നൂറാമത്തെ മരണം സംഭവിക്കുന്നത് ഏപ്രിൽ 6 -നാണ്. ആയിരം എത്തുന്നത് ഏപ്രിൽ 29 -ന്. അത് ഇരട്ടിയായി 2000 എത്തുന്നത് മെയ് 10 -ന്. ഇപ്പോൾ ആകെ മരണം നാലായിരം കടന്നിരിക്കുന്നു.. ഒരുലക്ഷത്തിനാൽപതിനായിരം പേർക്ക് രോഗം ബാധിച്ചപ്പോഴാണ് ഇത്രയും മരണം. മറ്റ് രാജ്യങ്ങളിലെ സ്ഥിതിയോ?

വളരെ ചെറിയ രാജ്യമായ ബ്രിട്ടണിൽ 37000 മരണം. ഇറ്റലി 33000, ഫ്രാൻസ് 29000 -ത്തിനടുത്ത്. എല്ലാ രാജ്യങ്ങളിലും ആദ്യകേസ് റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലേപ്പോലെ ജനുവരി അവസാനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഇന്ത്യയിലേപ്പോലെ മാർച്ച് അവസാനം. എന്നിട്ടും ഇന്ത്യക്ക് എങ്ങനെ മരണനിരക്ക് കുറയ്ക്കാനായി. ആരോഗ്യരംഗത്ത് ഇവരുടെയൊന്നും ഏഴയലത്ത് വരാത്ത രാജ്യമാണ് ഇന്ത്യയെന്നും ഓർക്കണം. 

മരണനിരക്കിൽ മാത്രമല്ല, രോഗികളുടെ എണ്ണത്തിന്‍റെ കുറവിലും ഇന്ത്യ എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. നാലുമാസം കൊണ്ട് ഒന്നരലക്ഷം പോലും ആയിട്ടില്ല. അതേസമയം ബ്രിട്ടനിൽ 2,61000 -വും, ഇറ്റലിയിൽ 2,30000 -നായിരവുമൊക്കെയാണ് രോഗികളുടെ നിരക്ക്. ലോക്ക്ഡൗണിലൂടെ സാമൂഹ്യ അകലവും, വ്യക്തിശുചിത്വവുമൊക്കെ കൃത്യമായി പാലിച്ചതുകൊണ്ട് എന്നാണോ ഉത്തരം. തൊഴിലാളികളുടെ കൂട്ടപ്പലായനം നടന്ന ഒരേ ഒരു രാജ്യത്തോ? നൂറുകണക്കിന് ചേരികളിൽ ജനം തിങ്ങിഞെരുങ്ങി താമസിക്കുന്ന നാട്ടിലോ? 

ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗമാണ് കൊവിഡ് 19. ചിലരിൽ ഒരിക്കലും ലക്ഷണം കാണിക്കില്ല. പരിശോധന നടത്താതെ രോഗിയെ കണ്ടെത്താനാകില്ലെന്ന് ചുരുക്കം.  രോഗികൾ എത്ര എന്ന് അറിയാൻ പരിശോധന നടത്തിയേ പറ്റൂ. ഇന്ത്യ എത്രപേരെ പരിശോധിച്ചിട്ടുണ്ട്. ഇതുവരെ 32 ലക്ഷം. നൂറ്റിമുപ്പത്തിയൊൻപത് കോടി ജനങ്ങളിൽ വെറും 32 ലക്ഷം. കണക്കൂകൂട്ടിയാൽ പത്ത് ലക്ഷം പേർക്ക് വെറും 122 പേരിൽ. ബ്രിട്ടണിൽ ഇത് 52000 -മാണ്. ഇറ്റലിയിൽ 57000 -ത്തിന് മുകളിൽ. ഫ്രാൻസ് 21000. ചുരുക്കത്തിൽ ഇന്ത്യയിൽ രോഗികൾ കുറവാണെന്ന കഥ പൊളിഞ്ഞുവീഴുകയാണ്. അവശ്യത്തിന് പരിശോധന നടത്തുന്നില്ല. അതുകൊണ്ട് രോഗികളെ കണ്ടെത്തുന്നില്ല. സംസ്ഥാനങ്ങൾ തിരിച്ചുനോക്കിയാൽ ചില ഇടത്തെ സ്ഥിതി വളരെ ദയനീയമാണ്. ബീഹാര്‍ ഇതുവരെ ആകെ 50000 പേരെപ്പോലും പരിശോധിച്ചിട്ടില്ല. പശ്ചിമബംഗാൾ വെറും 87000. ഉത്തർപ്രദേശ് 1,70000. ചുരുക്കത്തിൽ നമ്മൾ പരിശോധന ആവശ്യത്തിന് നടത്തിയിരുന്നെങ്കിൽ രോഗികളുടെ എണ്ണം ഇതൊന്നുമായിരിക്കില്ല. അതാണ് സത്യം. 

പക്ഷേ, അപ്പോഴും രോഗികളുടെ എണ്ണത്തിലെ കുറവിനുള്ള കാരണമേ, നമുക്ക് വിശദീകരിക്കാനായിട്ടുള്ളു. മരിക്കുന്നവരുടെ എണ്ണമോ? മരണമെന്തായാലും അറിയാതെ പോകില്ലല്ലോ? ഇന്ത്യയിൽ മാത്രമല്ല ഈ പ്രതിഭാസം. നമ്മുടെ അയൽരാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. രോഗവ്യാപനത്തിന്‍റെ തലസ്ഥാനമായിരുന്ന ചൈനയിൽ പോലും മരണം കുറവാണ്. വെറും 4634. ജനസംഖ്യവച്ച് നോക്കിയാൽ പത്ത് ലക്ഷം പേർക്ക് ആകെ മരണം 3. ഇന്ത്യയിലും ഇത് ശരാശി 3 ആണ്. പാകിസ്ഥാനിൽ ഇത് 5. ബംഗ്ലാദേശ് 3. ശ്രീലങ്ക. പോയിന്‍റ് 5. നേപ്പാൾ പോയിന്‍റ് 1. ഇനി ഏഷ്യ ആകെ നോക്കിയാലോ? മറ്റ് പല രാജ്യങ്ങളും ഇന്ത്യയുടെ വഴിയിൽ തന്നെയാണ്. ജപ്പാനിൽ മരണനിരക്ക് പത്തുലക്ഷത്തിന് 7 എന്നതാണ്. സിംഗപ്പൂർ 4 ദക്ഷിണ കൊറിയ 5. ഫിലിപ്പീൻസ് 8. 

ചുരുക്കത്തിൽ ഏഷ്യയിലാകെ മരണനിരക്ക് കുറവാണ്. ഇനി ആഫ്രിക്കയിലേക്ക് പോയാലും സ്ഥിതി ഇതുതന്നെ. ദക്ഷിണാഫ്രിക്കയിൽ പത്തുലക്ഷം പേരിൽ 8 ആണ് മരണനിരക്ക്. ഈജിപ്റ്റിലും 8, നൈജീരിയ 1. ഈ സാമ്യം യാദൃശ്ചികം മാത്രമായിരിക്കുമോ? ചൂട് കൂടുതലാണ് എന്നതാണ് ഒറ്റനോട്ടത്തിൽ ഏഷ്യാ ആഫ്രിക്കാ രാജ്യങ്ങളുടെ പ്രത്യേകത.

യൂറോപ്പിലെ തണുത്ത കാലാവസ്ഥ കൊറോണ വൈറസിന്‍റെ വ്യാപനത്തിന് വലിയ കാരണായിട്ടുണ്ടെന്ന പഠനങ്ങളും പലതും വന്നിട്ടുണ്ട്. എന്ന് മാത്രമല്ല, സാർസ് 1, മെർസ് തുടങ്ങി കൊവിഡ് 19 -മായി സാമ്യമുള്ള അസുഖങ്ങളും, സാധാരണയായ പകർച്ചപ്പനിയും തണുപ്പുകാലത്താണ് കൂടുതലും വ്യാപിക്കാറ് എന്നതും തെളിയിക്കപ്പെട്ടതാണ്. അങ്ങനെയാണെങ്കിൽ ഇപ്പോൾ അതാവശ്യം ചൂടുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മരണനിരക്ക് കുറയണ്ടേ? പക്ഷേ, അവിടെ സ്ഥിതി മോശമാണ്. ബ്രസീലിൽ മരിച്ചവരുടെ എണ്ണം 24000 -ത്തിലേക്ക് അടുക്കുകയാണ്. പത്തുലക്ഷത്തിന് 111 പേർ എന്നതാണ് കണക്ക്. പെറുവിൽ 110. ഇക്വഡോറിൽ 182. 

അപ്പോൾ ചൂട് കൊണ്ടാകാൻ വഴിയില്ല. പിന്നെ എന്ത്? എന്താണ് ഏഷ്യയുടെ, ഇന്ത്യയുടെ സവിശേഷത. ബിസിജി വാക്സിൻ നിർബന്ധമായും കുത്തിവച്ച രാജ്യങ്ങൾ നിരവധിയുണ്ട് ഇവിടെ. ക്ഷയരോഗത്തിന് എതിരായ ആയുധം. ബിസിജി കുത്തിവയ്പ്പ് നിർബന്ധമാക്കിയ രാജ്യങ്ങളിൽ മരണനിരക്ക് കുറവാണെന്ന വാദം സജ്ജീവമാണ്. യൂറോപ്പിലെ തന്നെ ബിസിജി നി‍ര്‍ബന്ധമാക്കിയതും അല്ലാത്തതുമായ രാജ്യങ്ങളും തമ്മിലുള്ള താരതമ്യം ആണ് ഉദാഹരണം. ഇറ്റലിയും, സ്പെയിനും ഫ്രാൻസും, ഇപ്പോൾ ബിസിജി നിർബന്ധമല്ലാത്ത രാജ്യങ്ങളാണ്. മരണം 33000 -വും 27000 -വും 285000 -ഉം വീതം.  ഇന്ത്യയും ചുറ്റുമുള്ള ആയൽരാജ്യങ്ങളും പണ്ടുപണ്ടേ ബിസിജി വാക്സിൻ നിർബന്ധമാക്കിയ രാജ്യങ്ങളാണ്.

ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് മാർച്ചിൽ റിസർച്ച് ഗെയ്റ്റ് എന്ന വെബ്സൈറ്റാണ് പ്രസിദ്ധീകരിച്ചത്. ഇത്തരം നിരവധി പ്രാഥമിക പഠനങ്ങൾ ലോകമാകെ ഇത് ചർച്ച ചെയ്യപ്പെട്ടു. പക്ഷേ, രണ്ട് മാസം കഴിയുമ്പോൾ യൂറോപ്പിൽ തന്നെ ഈ സിദ്ധാന്തം തകരുകയാണ്. ബിസിജി വാക്സിനേഷൻ നിർബന്ധമായ പോർച്ചുഗലിൽ പത്തുലക്ഷത്തിന് 130 പേർ വച്ച് മരിക്കുന്നു. അയർലന്റിൽ 326. റുമേനിയ 63.

ഇനിയൊരു സാധ്യത വൈറസിന് എന്തെങ്കിലും ജനിതകമാറ്റങ്ങൾ ഉണ്ടായി ശക്തി കൂടുകയോ കുറയുകയോ ചെയ്‍തോ എന്നതാണ്. ഗുജറാത്തിലും മറ്റും ഇത്തരം ശക്തികൂടിയ വൈറസാണ് ഉള്ളതെന്ന് ഒരു വാർത്തയും വന്നിരുന്നു. എന്നാൽ, ശാസ്ത്രലോകം അതും തള്ളിക്കളയുന്നു. കൊറോണ വൈറസിന് ജനിതക മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അത്ര വലിയ തോതിലല്ലെന്ന് മാത്രം. ഇന്ത്യയിൽ ഇപ്പോൾ കാര്യമായി കാണുന്ന കൊറോണ വൈറസിന്‍റെ വകഭേദം A2a എന്നാണ് അറിയപ്പെടുന്നത്. കൂട്ടമരണങ്ങളുണ്ടാകുന്ന യൂറോപ്പിലും ബ്രസീലിലും ഒക്കെ കാര്യമായി കാണപ്പെടുന്നതും ഇതേതരം വൈറസാണ്. 

ഇന്ത്യയുടെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിൽ താഴെയുള്ളവരാണ്. മിക്ക ഏഷ്യൻരാജ്യങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഇന്ത്യക്കാരുടെ ശരാശരി പ്രായം കണക്കാക്കിയാൽ അത് 29 വയസ്സാണ്. അതേസമയം എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും സ്ഥിതി നേരെ മറിച്ചാണ്. അങ്ങനെയാണ്  ഇറ്റലിയിലും ബ്രിട്ടണിലും ഉണ്ടായ മരണങ്ങളിൽ നല്ലൊരുശതമാനവും വൃദ്ധരുടേതായത്. ചെറുപ്പക്കാർ കൂടുതലുള്ളതുകൊണ്ടാകുമോ, രോഗത്തിനെതിരെ ഇന്ത്യ ചെറുത്തുനിൽക്കുന്നത്. പക്ഷേ, ഇന്ത്യയിൽ ശതമാനത്തിൽ കുറവാണെങ്കിൽ വൃദ്ധരുടെ എണ്ണം ഏതാണ്ട് 13 കോടിയെങ്കിലും വരും. 

ചുരുക്കത്തിൽ രോഗവ്യാപനം തൽക്കാലം ചെറുപ്പക്കാരിൽ മാത്രമേ എത്തിയിട്ടൂള്ളു എന്ന് ആശ്വസിക്കാനേ പറ്റൂ. കൊടുങ്കാറ്റുപോലെ വൈറസ് പടരുമ്പോൾ  ഇന്ത്യയിലെ 13 കോടി മുതിർന്ന പൗരൻമാരും രോഗത്തെ നേരിടേണ്ടിവരും. 

ഇനി സത്യത്തിൽ കൊവിഡ് കൂട്ടമരണങ്ങൾ നമ്മൾ അറിയാതെ പോകുന്നതാണോ? ഇന്ത്യയിലെ എത്ര മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നുണ്ട്. രോഗികളുടെ എണ്ണവും മരണവും മുക്കുന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ പല സംസ്ഥാനങ്ങളിൽ നിന്നും വരുന്നുണ്ട്. തുടക്കത്തിൽ മമതാ ബാനർജിയുടെ പശ്ചിമ ബംഗാളായിരുന്നു ഇതിൽ മുൻപന്തിയിൽ. ഏറ്റവും കുറച്ച് പരിശോധനകൾ നടത്തുക, അതിൽ തന്നെ രോഗികളായവരുടെ എണ്ണം പരമാവധി കുറച്ച് പറയുക, കൊവിഡ് മരണങ്ങൾ കഴിയുന്നതും റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നിവയായിരുന്നു മമതാ സർക്കാരിന്‍റെ വിദ്യകൾ. ഒടുവിൽ കേന്ദ്രസർക്കാർ നേരിട്ട് മെഡിക്കൽ സംഘത്തെ അയക്കുകയും അവരെ വിമാനത്താവളത്തിൽ സംസ്ഥാന സർക്കാർ തടയുന്നതുവരെ എത്തി കാര്യങ്ങൾ. 

ദില്ലിയിൽ, ഒരാൾ മരിച്ചുകഴിഞ്ഞാൽ അയാൾക്ക് കൊവിഡുണ്ടായിരുന്നോ എന്ന പരിശോധന വേണ്ടെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് കെജരിവാൾ സർക്കാർ. മെയ് 8 -ന് ദില്ലിയിലെ ആകെ കൊവിഡ് മരണം ഔദ്യോഗികമായി 68 ആയിരിക്കെ, രണ്ട് ആശുപത്രികളിലെ കൊവിഡ് മരണം മാത്രം 107 ആയിരുന്നെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. മരണം കുതിക്കുന്ന മഹാരാഷ്ട്രയിൽ മരിച്ചവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടെങ്കിൽ മരണം അതിന്‍റെ പേരിലാക്കുന്നതായി വാർത്തകളുണ്ട്. ഇതോടെ ഏപ്രിൽ 15 മുതൽ തന്നെ പെട്ടെന്ന് മരണസംഖ്യയിൽ മാറ്റം വന്നുതുടങ്ങി. 1200 മരണങ്ങളെങ്കിലും ഇങ്ങനെ മറച്ചുവച്ചിട്ടുണ്ടാകാമെന്ന് വാർത്തകൾ വന്നിരുന്നു.

പക്ഷേ, മരിച്ചവരുടെ എണ്ണം ഇരട്ടി ആക്കി നോക്കിയാലും സംഖ്യ പതിനായിരം കടക്കില്ല. ഇന്ത്യയുടെ മോശം ചികിൽസാരംഗം മുതൽ പോഷകാഹാരക്കുറവ് വരെയുള്ള പ്രശ്നങ്ങൾ നോക്കിയാല്‍ മരണസംഖ്യ കുറവാണ്. പിന്നെ എന്താണ് കാരണം. തൽക്കാലം ആർക്കും അറിയില്ല. ലോകത്ത് എല്ലായിടത്തും വാക്സിൻ പരീക്ഷണം പോലെ ഈ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. പക്ഷേ, ഇന്ത്യയിൽ ഇത്തരം അന്വേഷണ ഗവേഷണങ്ങൾക്ക് ഒരു വലിയ പരിമിതി ഉണ്ട്. സർക്കാരുകൾക്ക് ആരേയും വിശ്വാസമില്ല.  

കഴിഞ്ഞ വർഷം ഇതേസമയം വിവിധ രോഗങ്ങൾ പിടിപെട്ട് ആകെ എത്ര പേർ മരിച്ചെന്നും അത് ഇപ്പോൾ എത്രയായെന്നും നോക്കി, അതിലെ വ്യത്യാസത്തിലൂടെ പല രാജ്യങ്ങളിലേയും യഥാർത്ഥ കൊവിഡ് മരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിൽ നടക്കില്ല. കാരണം അങ്ങനെ ഒരു കണക്കേ നമുക്കില്ല. ഇനി അഥവാ എവിടെ എങ്കിലും ഉണ്ടെങ്കിൽ അത് ആർക്കും കൊടുക്കില്ല. രോഗികളുടെയും മരിച്ചവരുടേയും പ്രായം തിരിച്ചുള്ള കണക്കോ? അതും തരില്ല. എന്തിന് ഇന്ത്യയിലെ ഓരോ സംസ്ഥാനവും ദിവസവും എത്രപേരെ കൊവിഡിന് പരിശോധിച്ചു എന്ന കണക്കുപോലും കേന്ദ്രസർക്കാർ തരില്ല. വേണ്ടവർ ഓരോ സംസ്ഥാനത്തേയും സമീപിച്ച് കൂട്ടി എടുക്കണം. 

കേരളം വിവരങ്ങൾ നൽകുന്ന കാര്യത്തിൽ ഭേദമാണ്. പക്ഷേ, നമ്മൾ അവകാശപ്പെടുന്ന വികസിത രാജ്യങ്ങളുടെ നിലവാരം വച്ച് നോക്കിയാൽ ദയനീയം. ശ്വാസകോശ സംബന്ധമായ ഗുരുതരരോഗം വന്നവർ കഴി‍ഞ്ഞ വർഷം എത്രയായിരുന്നു? അത് ഇത്തവണ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ എത്ര കൂടി. സർക്കാർ പറയില്ല. കേരളത്തിലെ കൊവിഡ് രോഗികളെ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തണ്ടേ. സർക്കാർ നടത്തില്ല. ഇതു സംബന്ധിച്ച മൂന്നുതവണ സർക്കാരിന് കത്ത് നൽകിക്കഴിഞ്ഞു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

രോഗമാണ്. ഭീഷണി വളരെ വലുതാണ്. എല്ലാവരും കൂടി ഒന്നിച്ച് ശ്രമിച്ചാലേ മറുകര എത്തൂ. പക്ഷേ, വിവരങ്ങളുടേയും, വിവരവിശകലനങ്ങളുടേയും കാര്യത്തിൽ കാളവണ്ടി യുഗത്തിലാണ് ഇപ്പോഴും രാജ്യം. വിവരങ്ങൾ കൈമാറുന്ന കാര്യത്തിലും അങ്ങനെത്തന്നെ. ആരേയും വിശ്വാസമില്ലാതെ, എല്ലാം ഒറ്റയ്ക്ക് ചെയ്തുകളയാം എന്ന അതിരുകടന്ന ആത്മവിശ്വാസത്തിലാണ് സർക്കാരുകൾ. അല്ലെങ്കിൽ വല്ല പാളിച്ചയും ആരെങ്കിലും കണ്ടെത്തിക്കളയുമോ എന്ന ഭയം. ഇപ്പോൾ നമ്മൾ ഉത്തരമില്ലാതെ ഉഴലുന്ന ചോദ്യം എന്തുകൊണ്ട് ഇന്ത്യയിൽ മരണം കൂടുന്നില്ല എന്നതാണ്. ഉത്തരം കിട്ടിയില്ലെങ്കിൽ പോട്ടെ എന്ന് വയ്ക്കാം. പക്ഷേ, നാളെ എന്തുകൊണ്ട് മരണം വല്ലാതെ കൂടുന്നു എന്ന ചോദ്യമായി അത് മാറിയാൽ കളി കാര്യമാകും.