സിം​ഗപ്പൂരിലുള്ള 30 -കാരനായ ജോ രചതിപോങിന് ശവപ്പറമ്പുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. സെമിത്തേരികളിലേക്ക് യാത്ര പോവുക മാത്രമല്ല ജോ ഇപ്പോള്‍ ചെയ്യുന്നത്. മറ്റ് മനുഷ്യരെയും പാതിരാത്രികളില്‍ സെമിത്തേരി സന്ദര്‍ശിക്കാന്‍ ജോ സഹായിക്കുന്നു. അവര്‍ക്കിടയില്‍ ഒരു ടൂര്‍ ഗൈഡായി അയാള്‍ പ്രവര്‍ത്തിക്കുന്നു. പതിമൂന്നാമത്തെ വയസിലാണ് ആകാംക്ഷപ്പുറത്ത് ജോ ശ്മശാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. 

സയന്‍സിന് ഉത്തരം തരാനാവാത്തത് കണ്ടെത്താന്‍ ഞാനാഗ്രഹിച്ചു എന്നാണ് ഈ വിചിത്രമായ താല്‍പര്യത്തെ കുറിച്ച് ജോ വൈസിനോട് പറഞ്ഞത്. ഭയപ്പെടുത്തുന്ന എന്തെങ്കിലും ഈ ശ്മശാനങ്ങളിലുണ്ടോ എന്നും ജോ അറിയാനാഗ്രഹിച്ചു. ചെറുപ്പത്തില്‍ നിങ്ങളോട് പലരും പലതും പറയും. അതെല്ലാം നിങ്ങള്‍ കേള്‍ക്കും. എന്നാല്‍, യുക്തിണ്ടാകുന്ന കാലമാകുമ്പോള്‍ നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമെന്നും ജോ പറയുന്നു. അമാനുഷികമായത് എന്തെങ്കിലും ഈ ശ്മശാനങ്ങളിലുണ്ടോ എന്നറിയാനുള്ള ആ​ഗ്രഹവും അവന്റെ അങ്ങോട്ടുള്ള യാത്രക്ക് കാരണമായി. എന്നാല്‍, ഇന്ന് അയാള്‍ ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വേറെയാണ് കാരണം. വേറൊന്നുമല്ല, തനിക്ക് അവിടെനിന്നും സമാധാനം കിട്ടുന്നുവെന്നാണ് ജോയുടെ പക്ഷം. അവിടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ടെന്‍ഷനെല്ലാമൊഴിഞ്ഞ് സമാധാനം കിട്ടുന്നുവെന്നും അയാള്‍ പറയുന്നു. 

എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായാല്‍ ശ്മശാനത്തില്‍ പോകുമ്പോള്‍ പരിപൂര്‍ണ നിശബ്ദതയുണ്ടാവും. അവിടെ താനും പ്രകൃതിയും മാത്രമാവും. അപ്പോള്‍ തനിക്ക് സമാധാനം കിട്ടുമെന്നാണ് ജോ പറയുന്നത്. ചില ദിവസങ്ങളിലാവട്ടെ എന്താണെന്ന് പറയാനാവാത്ത ഒരുതരം ഉള്‍പ്രേരണ തന്നെ ശ്മശാനത്തിലേക്ക് പോകാന്‍ പേരിപ്പിച്ചുകൊണ്ടിരിക്കും എന്നും അയാള്‍ പറയുന്നു. അങ്ങനെയുള്ള ദിവസങ്ങളിലും അയാള്‍ നേരെ സെമിത്തേരിയിലേക്ക് പോവും. ഏറെനേരം അവിടെ ഒരു സ്റ്റൂളിട്ടിരിക്കും. ജീവിതത്തെയും മരണത്തെയും കുറിച്ച് ചിന്തിച്ചുകൊണ്ടായിരിക്കും ഇരിപ്പ്. ജോലിയും മറ്റുമായി എല്ലാവരും ഇന്ന് ഓട്ടത്തിലാണ്. എന്നാല്‍ ഒടുവില്‍ എല്ലാവരും മടങ്ങിയെത്തുന്നത് ഇവിടേക്കാണ്. എല്ലാം അവസാനിക്കുന്നതും ഇവിടെയാണ് ജോ പറയുന്നു. 

എന്നാല്‍, മകന്റെ ഈ വിചിത്രമായ രീതി അമ്മയില്‍ വളരെയധികം ഭയമുണ്ടാക്കിയിരുന്നു. എന്നാല്‍, പയ്യെപ്പയ്യെ അപകടമൊന്നുമില്ല എന്നവര്‍ മനസിലാക്കുകയായിരുന്നു. എന്നാല്‍, ഇപ്പോഴും അവന്റ രീതികളെ വിചിത്രമായി കാണുന്ന ആളുകള്‍ ചുറ്റിലുമുണ്ട്. ക്ലബ്ബിലോ പാര്‍ട്ടിക്കോ ഒക്കെ പോകുന്നതിന് പകരം ഇവനെന്തിനാണ് ഈ സെമിത്തേരിയിലേക്ക് പോകുന്നതെന്നാണ് അവരുടെ ചോദ്യം. എന്നാല്‍, ജോ അതൊന്നും ഗൗനിക്കുന്നില്ല. എല്ലാവര്‍ക്കും ഓരോരോ ഹോബി കാണും. തനിക്കിഷ്ടം ഇതാണ്. താന്‍ ഒന്നും മോശമായി ചെയ്യുന്നില്ല. താനും സുഹൃത്തുക്കളും കൗമാരക്കാരായിരിക്കുമ്പോള്‍ സെമിത്തേരിയില്‍ ചെന്നതും സ്‌നാക്‌സും മറ്റും കഴിച്ച് രാവിലെ വരെ സംസാരിച്ചിരുന്നതുമെല്ലാം ജോ ഓര്‍ക്കുന്നുണ്ട്. എന്നാല്‍, പെട്ടെന്ന് സുഹൃത്തുക്കളില്‍ നിന്നും മാറി അവന്‍ ആ സെമിത്തേരിയില്‍ നടക്കാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ വിളിക്കുന്നതുപോലും കേള്‍ക്കാതെയാണ് അവന്‍ നടന്നത്. ഇന്ന് ആ രണ്ട് കിലോമീറ്റര്‍ സെമിത്തേരിയുടെ മുക്കും മൂലയും അവന് കാണാപ്പാഠമാണ്. 

കൊവിഡ് 19 -ന് മുമ്പ് അവന്‍ സെമിത്തേരിയിലേക്ക് രാത്രിയാത്രകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. തന്റെ കാറില്‍ ഉള്‍ക്കൊള്ളാവുന്ന എണ്ണമായ നാല് പേരെയാണ് യാത്രയില്‍ കൂട്ടുക. ആഴ്ചയില്‍ രണ്ട് ദിവസമാണ് യാത്ര. യാത്രയില്‍ ചില നിയമങ്ങളൊക്കെ പാലിക്കണം. സെമിത്തേരിയിലെത്തിയാൽ വിരല്‍ ചൂണ്ടാനോ മോശം വാക്കുകള്‍ പ്രയോഗിക്കാനോ പാടില്ല. പരസ്പരം പേര് വിളിക്കാന്‍ പാടില്ല. ഇങ്ങനെ വിളിച്ചാല്‍ അത് അസ്വസ്ഥരായ പ്രേതങ്ങൾ അവരുടെ ശരീരത്തില്‍ കയറാനിടയാക്കുമെന്നാണ് ജോയുടെ വാദം. മൃതദേഹങ്ങളടക്കിയ ഓരോയിടത്തും എത്തുമ്പോള്‍ ജോ മരിച്ചവരോട് ശല്യപ്പെടുത്തുന്നതിന് ക്ഷമാപണം നടത്തും. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെയും ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് അയാളുടെ പക്ഷം. 

അതേസമയം, ചില കുടുംബങ്ങള്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് സംസ്‌കരിക്കാന്‍ തീരുമാനിക്കാറുണ്ടെന്നും ജോ പറയുന്നു. അവര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കും, മരിച്ചവരോട് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയാണെന്നും അതെന്തിനാണെന്നും വിശദീകരിക്കും. പിന്നീട്, ശവപ്പെട്ടികള്‍ തുറന്ന് മാസ്‌കോ കയ്യുറകളോ ഒന്നുമില്ലാതെ തന്നെ അസ്ഥികളും മറ്റും പുറത്തെടുക്കും. അവയൊരു സഞ്ചിയിലാക്കും. ചന്ദ്രന്‍ അത് കാണരുതെന്നാണ് വിശ്വാസം. പിന്നീടത് ദഹിപ്പിച്ചശേഷം ചിതാഭസ്മമെടുക്കുമെന്നും ജോ പറയുന്നു.

ഏതായാലും ശ്മശാനങ്ങളെ സ്നേഹിക്കുകയും നിത്യമെന്നോണം അത് സന്ദർശിക്കുകയും ചെയ്യുന്ന ജോയ്ക്ക് ജീവിച്ചിരിക്കുന്നവരോട് പറയാൻ ഒന്നേയുള്ളൂ. എന്നായാലും മരിച്ച് മണ്ണടിയും. അതുകൊണ്ട് ജീവിച്ചിരിക്കുന്ന നേരത്ത് ചിരിച്ചും സന്തോഷിച്ചും കഴിഞ്ഞുകൂടേ എന്ന്.

(വിവരങ്ങൾക്ക് കടപ്പാട്: വൈസ്, ചിത്രങ്ങൾ പ്രതീകാത്മകം)