Asianet News MalayalamAsianet News Malayalam

ഇത് ഇന്ത്യന്‍ തീരത്തിന്‍റെ തന്നെ അഭിമാനനേട്ടമാണ്, മിണ്ടാട്ടം പാടില്ലാത്തവന്‍റെ വായാകുവാൻ നിങ്ങൾ തരുന്ന ഊർജ്ജം വലുതാണ്...

ഇരുവരും തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്‍റ്സ് കൾച്ചറൽ ഫോറത്തിലൂടെ ജില്ലയിലുടനീളം 'കടൽക്കൂടങ്ങൾ' (Ocean school) സംഘടിപ്പിക്കുകയും കടലോര ഭാഷാ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പുതിയ തലമുറ വിദ്യാർത്ഥികളെയും പൊതുവിനേയും ബോധവൽക്കരിക്കുകയും ചെയ്യുന്നു. 

Johnson Jament and lisba yeshudas participating International Conference on Indigenous languages vipin das thottathil writes
Author
Thiruvananthapuram, First Published Jun 23, 2019, 1:30 PM IST

തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളായ ഡോ. ജോൺസൻ ജമന്‍റ്, ലിസ്ബ യേശുദാസ് എന്നിവര്‍ 'ഭാഷകളെ ജീവിക്കാൻ അനുവദിക്കുക' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജൂൺ 23 മുതൽ 26 വരെ നടക്കുന്ന കോൺഫറൻസിൽ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുക്കുന്നു. അത് തീരദേശത്തിന്, കേരളത്തിന്, ഇന്ത്യക്ക് ആകെ അഭിമാനമാകുന്നത് എന്തുകൊണ്ട്?

Johnson Jament and lisba yeshudas participating International Conference on Indigenous languages vipin das thottathil writes 

യുനെസ്കോയും നോർത്ത് അമേരിക്കയിലെ ഫസ്റ്റ് പീപ്പിള്‍ കള്‍ച്ചറല്‍ ഫൗണ്ടേഷനും (First People Cultural Foundation) സംയുക്തമായി കാനഡയിലെ വിക്ടോറിയയിൽ (British Columbia) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര തദ്ദേശീയ ഭാഷാ കോൺഫറൻസിൽ (International Conference on Indigenous languages) ഇന്ത്യയിലെ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ ഭാഷയായ തീരഭാഷയെ-കടപ്പൊറ ഭാഷയെ- മുക്കുവ ഭാഷയെ പ്രതിനിധീകരിച്ച് രണ്ടു മലയാളികളും പങ്കെടുക്കുന്നു. 

തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളായ ഡോ. ജോൺസൻ ജമന്‍റ്, ലിസ്ബ യേശുദാസ് എന്നിവരാണ് 'ഭാഷകളെ ജീവിക്കാൻ അനുവദിക്കുക' (Let the language live) എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജൂൺ 23 മുതൽ 26 വരെ നടക്കുന്ന കോൺഫറൻസിൽ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുക്കുന്നത്.

തദ്ദേശീയതയുടെയും തദ്ദേശീയ ഭാഷയുടേയും സംരക്ഷണവുമായി ബന്ധപ്പെട്ട് 2019 -നെ അന്താരാഷ്ട്ര തദ്ദേശീയ ഭാഷാവർഷം (International Year of Indigenous Languages) ആയി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്ന ഈയവസരത്തിൽ 2021 മുതൽ 2030 വരെയുള്ള കാലഘട്ടത്തെ തദ്ദേശീയ ഭാഷാ ദശാബ്ദം ആയി പ്രഖ്യാപിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു അന്താരാഷ്ട്ര കോൺഫറൻസ് യുനെസ്കോ വിളിച്ചുകൂട്ടിയിരിക്കുന്നത്.

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷകളെ സംരക്ഷിക്കുക, ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ഭാഷകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയുകയും പരസ്പരം വിവരങ്ങൾ കൈമാറുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് യുനെസ്കോ ഈ സമ്മേളനത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഒപ്പം തന്നെ ഒരു ഭാഷ സംസാരിക്കുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ ആ ഭാഷ സംരക്ഷിക്കപ്പെടണം എന്ന ആശയം കൂടി യുനെസ്കോ ഇതിനോടൊപ്പം മുന്നോട്ടു‌ വയ്ക്കുന്നുണ്ട്.

സുസ്ഥിരവും പ്രകൃതിപരവുമായ ധാരാളം തദ്ദേശീയ അറിവുകൾ (indigenous knowledge systems) അടങ്ങിയിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ കടലോര ഭാഷയെ സംരക്ഷിക്കുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനുമായി വിദ്യാഭ്യാസ ശാസ്ത്രജ്ഞനും കടൽ സാക്ഷരത പ്രവർത്തകനുമായ ഡോ. ജോൺസൻ ജമന്‍റ്, കടലോര ഭാഷയെ വിഷയമാക്കി കേരള സർവകലാശാലയിൽ P.hD തീസിസ് സബ്മിറ്റ് ചെയ്തിരിക്കുന്ന തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ മലയാളം വിഭാഗം അധ്യാപകയായ ലിസ്ബ യേശുദാസ് എന്നിവർ നടത്തിവരുന്ന ശ്രമങ്ങളെയാണ് യുനെസ്കോ അംഗീകരിച്ചിരിക്കുന്നത്. 

ഇരുവരും തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്‍റ്സ് കൾച്ചറൽ ഫോറത്തിലൂടെ ജില്ലയിലുടനീളം 'കടൽക്കൂടങ്ങൾ' (Ocean school) സംഘടിപ്പിക്കുകയും കടലോര ഭാഷാ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പുതിയ തലമുറ വിദ്യാർത്ഥികളെയും പൊതുവിനേയും ബോധവൽക്കരിക്കുകയും ചെയ്യുന്നു. പാഠപുസ്തക കരിക്കുലങ്ങളിൽ കടലും കടൽത്തീരവും കൂടെ ഉൾപ്പെടണമെങ്കിൽ തദ്ദേശീയ കടലറിവുകളുടെ ഡോക്യുമെന്റേഷൻ ആവശ്യമാണ്.

അത്തരത്തിൽ ശരിയായ രീതിയിൽ കടലറിവുകളുടെ ഡോക്യുമെന്റേഷൻ സാധ്യമാകണമെങ്കിൽ കടലോര ജനത അവരുടെ പരമ്പരാഗത അറിവുകൾ വിനിമയം ചെയ്യുന്ന ഭാഷയെ ഡോക്യുമെന്‍റ് ചെയ്യേണ്ടതുണ്ട്, സംരക്ഷിക്കേണ്ടതുണ്ട് എന്ന ആശയമാണ് ഇരുവരും പങ്കുവയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരുടേയും പേപ്പർ പ്രസന്റേഷനും തദ്ദേശീയ ഭാഷാ കോൺഫറൻസിൽ നടക്കും.

2021 മുതൽ 2030 വരെയുള്ള കാലഘട്ടത്തെ Ocean Decade ആയി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഐക്യരാഷ്ട്ര സംഘടന ന്യൂയോർക്കിൽ വിളിച്ചു ചേർത്ത ആദ്യത്തെ അന്താരാഷ്ട്ര സമുദ്ര സമ്മേളനത്തിലും ഇന്ത്യയിൽ നിന്ന് ഇരുവരും പങ്കെടുത്തിരുന്നു‌. കഴിഞ്ഞ വർഷം വെനീസിൽ നടന്ന അന്താരാഷ്ട്ര കടൽ സാക്ഷരത കോൺഫറൻസിൽ ഡോ. ജോൺസൻ ജമന്‍റ് പങ്കെടുത്തിരുന്നു എന്നതും കടലോരത്തിന്റെ നേട്ടമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം UNESCO സ്കൂളുകളിൽ പഠിപ്പിക്കാനായി തയ്യാറാക്കിയ ocean literacy kit ഇന്ന് 38 രാജ്യങ്ങൾ അവരുടെ സ്കൂൾ കരിക്കുലത്തിന്റെ ഭാഗമായി ഉപയോഗിച്ച് വരുന്നു. 

ഇപ്പോൾ കാനഡയിൽ നടക്കുന്ന അന്താരാഷ്ട്ര തദ്ദേശീയ ഭാഷാ കോൺഫറൻസിൽ പങ്കെടുക്കാനവസരം കിട്ടുന്ന ആദ്യത്തെ മലയാളികളാണിരുവരും. കാനഡ ഗവൺമെന്റും യുനസ്കോയും ചേർന്ന് നടത്തുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുക്കുന്ന കോൺഫറൻസിലെ Regional Meeting -ലും ഇരുവരും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്.

ഭാഷ-സാംസ്കാരിക-പൈതൃകങ്ങളുടെ (cultural and linguistic diversity) അടിസ്ഥാനത്തിൽ അരികുവൽക്കരിക്കപ്പെട്ട ഒരു ജനതയെ ഒരുമിച്ചു നിർത്താൻ ഇരുവരും നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. തിരുവനന്തപുരം ജില്ലയിൽ കടൽ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറം - CSCF ന്‍റെ ഉപദേശകരും വഴികാട്ടികളും കൂടിയാണ് ഇരുവരും.

പ്രിയപ്പെട്ടവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മിണ്ടാട്ടം പാടില്ലാത്തവന്റെ വായാകുവാൻ നിങ്ങൾ ഞങ്ങൾക്കു തരുന്ന ഊർജ്ജം വളരെ വലുതാണ്. കടൽ സലാം... നിങ്ങളിലൂടെ ഈ കടലിന്‍റെയും കടപ്പുറത്തിന്‍റേയും ഒച്ച ലോകം കേള്‍ക്കട്ടെ.

(തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെ സെക്രട്ടറിയാണ് ലേഖകന്‍)
 

Follow Us:
Download App:
  • android
  • ios