മാധ്യമപ്രവർത്തക കുഞ്ഞിനിട്ടത് മയക്കുമരുന്നിന്റെ പേര്, അംഗീകരിച്ച് സർക്കാർ, എന്തിനീ പേരിട്ടു എന്ന് നാട്ടുകാർ
ഏതായാലും വീഡിയോ വൈറലായതോടെ ആളുകൾ പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുമായി മുന്നോട്ട് വന്നു.

വളരെ പെട്ടെന്ന് തന്നെ ആളുകളെ അടിമകളാക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ അഥവാ മെത്ത്. അടുത്തിടെ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു മാധ്യമ പ്രവർത്തക തന്റെ കുഞ്ഞിന് മെത്ത് എന്ന് പേരിട്ടു.
ഒരിക്കലും സർക്കാർ ആ പേര് അംഗീകരിക്കില്ല എന്ന് പ്രതീക്ഷിച്ച അവർ ഇപ്പോൾ ഞെട്ടിത്തരിച്ചിരിക്കുകയാണ്. പത്രപ്രവർത്തകയായ ക്രിസ്റ്റൻ ഡ്രൈസ്ഡേലാണ് തന്റെ കുഞ്ഞിന് മെത്ത് എന്ന് പേര് നൽകിയത്. എന്നാൽ, സർക്കാർ അത് ശരിക്ക് പരിശോധിക്കുക പോലും ചെയ്യാതെ അംഗീകരിച്ചു എന്നാണ് ക്രിസ്റ്റൻ പറയുന്നത്.
മാധ്യമപ്രവർത്തക ജോലി ചെയ്യുന്ന ABC TV യുടെ ഒരു വാർത്താപരിപാടിയുടെ ഭാഗമായിട്ടാണ് അവർ ഈ പരീക്ഷണം നടത്തിയത്. ആദ്യം മാധ്യമ പ്രവർത്തക പേരിടുന്നതിന് വേണ്ടിയുള്ള അപേക്ഷ പൂരിപ്പിക്കുന്നത് കാണാം. അതിൽ അവർ കുട്ടിയുടെ പേരായി മെത്താംഫെറ്റാമൈൻ എന്ന് തന്നെ നൽകുന്നുണ്ട്. ശേഷം ഇത് അംഗീകരിക്കപ്പെടില്ല, തള്ളിക്കളയും എന്നും അവർ പറയുന്നത് കേൾക്കാം.
എന്നാൽ, പിന്നീട് അവർ അത്ഭുതപ്പെടുകയാണ്. ആ പേര് അംഗീകരിച്ചു എന്നാണ് പറയുന്നത്. അത് വിശ്വസിക്കാൻ പ്രയാസമാണ് എന്നും എന്നാൽ, യാതൊരു പ്രയാസവും കൂടാതെ തന്നെ ആ പേര് അംഗീകരിക്കപ്പെട്ടു എന്നുമാണ് ക്രിസ്റ്റൻ പറയുന്നത്.
ഏതായാലും വീഡിയോ വൈറലായതോടെ ആളുകൾ പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുമായി മുന്നോട്ട് വന്നു. ചിലർ പറഞ്ഞത് ഇത്തരത്തിലൊരു വാർത്തയുടെ ആവശ്യമേ ഇല്ലായിരുന്നു എന്നാണ്. മറ്റ് ചിലർ, മെത്തിന് അടിമകളായ ആളുകളുടെ വീട്ടുകാരെ സംബന്ധിച്ച് ഈ പരീക്ഷണം വേദന നൽകും, എന്തിനാണ് നിങ്ങളുടെ ചാനൽ ഇത്തരം ഒരു പരിപാടി ചെയ്തത് എന്നാണ് ചോദിച്ചത്.
ഏതായാലും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മെത്ത് എന്ന പേരിൽ കിട്ടിയിട്ടുണ്ട്. അത് മാറ്റുമോ എന്ന് വ്യക്തമല്ല.