Asianet News MalayalamAsianet News Malayalam

PisitiveStory : എല്‍പി സ്‌കൂള്‍ അധ്യാപകനില്‍നിന്നും കലക്ടറിലേക്ക്; ആവേശഭരിതം ഈ ജീവിതം!

പത്താം ക്ലാസ്സിലും, പ്ലസ് ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടി. വളര്‍ച്ച മുരടിച്ച തന്റെ ഗ്രാമത്തിലെ പാവപ്പെട്ടവരെ സേവിക്കാന്‍ ഭാവിയില്‍ ഒരു ഡോക്ടറാകാന്‍ അദ്ദേഹം ആഗ്രഹിച്ചു.  എംബിബിഎസിന് സീറ്റ് ലഭിച്ചെങ്കിലും, കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം കാരണം അദ്ദേഹത്തിന് ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു.

Journey of Vijay Amruta Kulange from LP school teacher to district collector
Author
Mumbai, First Published Mar 3, 2022, 6:50 AM IST

കുലമോ, കുടുംബമഹിമയോ, ദേശമോ ഒന്നുമല്ല ഒരാളുടെ ഭാവി തീരുമാനിക്കുന്നത്. മറിച്ച് ആ വ്യക്തിയുടെ കഠിനാധ്വാനവും, പരിശ്രമവുമാണ്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത മുന്നോട്ട് വന്നിട്ടുള്ള നിരവധി പേര്‍ അതിന് ഉദാഹരണങ്ങളാണ്. ജീവിതത്തില്‍ നല്ലൊരു പ്രഭാതം സ്വപ്നം കണ്ട്, അതിന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട ഒരാളാണ് ഐഎഎസ് ഉദ്യോഗസ്ഥനായ വിജയ് കുലങ്കെ. അദ്ദേഹത്തിന്റെ  അവിശ്വസനീയമായ ജീവിതകഥയാണ് ഇത്.  

മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റാലേഗന്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ ഒരു തയ്യല്‍ക്കാരനായിരുന്നു. അമ്മ ദിവസക്കൂലിയ്ക്ക് ഫാമുകളില്‍ പണിയ്ക്ക് പോയി. മാതാപിതാക്കള്‍ ദിവസം മുഴുവന്‍ അധ്വാനിക്കുന്നത് കണ്ടാണ് വിജയ് വളര്‍ന്നത്. എന്നാല്‍ വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവര്‍ക്ക് പ്രതിദിനം 200 രൂപ മാത്രമാണ് സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നത്. കുട്ടിക്കാലത്ത്, അദ്ദേഹത്തിന് ദിവസത്തില്‍ രണ്ട് നേരം തന്നെ ആഹാരം കിട്ടുന്നത് വലിയ കാര്യമായിരുന്നു.  

മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടു വളര്‍ന്ന വിജയിന് അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും, അവര്‍ക്ക് ഒരു മെച്ചപ്പെട്ട ജീവിതം നേടി കൊടുക്കാനും വല്ലാത്ത ആഗ്രഹമായിരുന്നു. എന്നാല്‍ പണമോ, സ്വാധീനമോ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ പക്കല്‍ ആകെയുണ്ടായിരുന്ന ആയുധം അറിവായിരുന്നു. ഇത്രയും കഷ്ടപ്പാടിലാണ് ജീവിക്കുന്നതെങ്കിലും, ദാരിദ്ര്യം തങ്ങളുടെ കുട്ടികളുടെ സ്വപ്നങ്ങളെ ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. 'ചെറുപ്പം മുതലേ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് നമ്മുടെ ജീവിതത്തെ എങ്ങനെ മികച്ചതാക്കുമെന്നും എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു. എനിക്കും എന്റെ സഹോദരിക്കും കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ സ്‌കൂളില്‍ ചേരാന്‍ ആവശ്യമായ സാധനങ്ങള്‍ക്ക് ഒരിക്കലും മുട്ടുണ്ടായിരുന്നില്ല. പഠിപ്പിനായിരുന്നു എല്ലായ്പ്പോഴും മുന്‍ഗണന,'' വിജയ് ദി ബെറ്റര്‍ ഇന്ത്യയോട് പറയുന്നു.

ഈ അനുഭവങ്ങളെ തുടര്‍ന്ന്, അദ്ദേഹത്തിന് ജീവിതത്തില്‍ ഉയരണമെന്ന് വാശിയായി. പഠിപ്പില്‍ അദ്ദേഹം ഒന്നാമനായി തീര്‍ന്നു. പത്താം ക്ലാസ്സിലും, പ്ലസ് ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടി. വളര്‍ച്ച മുരടിച്ച തന്റെ ഗ്രാമത്തിലെ പാവപ്പെട്ടവരെ സേവിക്കാന്‍ ഭാവിയില്‍ ഒരു ഡോക്ടറാകാന്‍ അദ്ദേഹം ആഗ്രഹിച്ചു.  എംബിബിഎസിന് സീറ്റ് ലഭിച്ചെങ്കിലും, കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം കാരണം അദ്ദേഹത്തിന് ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. ഈ ദുരിതക്കയത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒന്ന് കരകയറാന്‍ ആഗ്രഹിച്ച അദ്ദേഹം എത്രയും വേഗം ഒരു ജോലി സമ്പാദിക്കാന്‍ തീരുമാനിച്ചു.  തുടര്‍ന്ന് ആറ് മാസത്തില്‍ ഒരു ഡിപ്ലോമ നേടി, അടുത്തുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ഈ ജോലിയില്‍ നിന്നുള്ള വരുമാനം അദ്ദേഹത്തിന് മുന്നോട്ട് പഠിക്കാനുള്ള ഇന്ധനമായി. വിദൂര വിദ്യാഭ്യാസത്തിലൂടെ അദ്ദേഹം പിന്നീട് ബിരുദം നേടി.  

അതേസമയം അദ്ദേഹത്തിന്റെ മനസ്സില്‍ ആരുമറിയാതെ ഒരാഗ്രഹം വളരുന്നുണ്ടായിരുന്നു, സിവില്‍ സര്‍വീസ്.  ഇത് മനസ്സിലാക്കിയ പിതാവ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ മഹാരാഷ്ട്ര സംസ്ഥാന സിവില്‍ സര്‍വീസ് (MPSC) പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അദ്ദേഹം ഒരുങ്ങി. സിലബസ് കവര്‍ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പകല്‍ ജോലിയ്ക്ക് പോയും, രാത്രിയില്‍ പഠിച്ചും പരീക്ഷയ്ക്കായി അദ്ദേഹം തയ്യാറെടുത്തു.  ആദ്യ രണ്ട് ശ്രമങ്ങളും, വിജയം കണ്ടില്ല.  സ്വാഭാവികമായും, അദ്ദേഹം നിരാശനായി. പക്ഷേ മാതാപിതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ചു. തുടര്‍ന്ന്, വിജയ് തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഇതിനായി ഇരിക്കാന്‍ തുടങ്ങി. മൂന്നാമത്തെ ശ്രമത്തില്‍ അദ്ദേഹം കടന്ന് കൂടി, അഹമ്മദ്നഗറില്‍ സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടറായി തീര്‍ന്നു. അടുത്ത വര്‍ഷം തഹസില്‍ദാര്‍ തസ്തികയിലേക്കുള്ള പരീക്ഷയും ജയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചു.

എന്നാല്‍ പിന്നെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷ കൂടി ഒന്ന് എഴുതി നോക്കിയാലോ എന്നായി അദ്ദേഹം. കോച്ചിംഗിന് പോകാതെ, ഡ്യൂട്ടി സമയത്തിന് മുമ്പും ശേഷവുമുള്ള കുറച്ച് സമയം കൊണ്ട് അദ്ദേഹം പരീക്ഷയ്ക്ക് നന്നായി തയ്യാറെടുത്തു. 2012-ല്‍, ആദ്യ ശ്രമത്തില്‍ തന്നെ യു.പി.എസ്.സി പരീക്ഷയില്‍ വിജയിക്കുകയും ഐഎഎസ് ഉദ്യോഗസ്ഥന്റെ റാങ്ക് നേടുകയും ചെയ്തു അദ്ദേഹം. അച്ഛന്റെ പിന്തുണയാണ് തന്റെ വിജയത്തിന് പ്രധാന കാരണമെന്ന് വിജയ് പറഞ്ഞു. 

ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലാണ് വിജയുടെ ആദ്യ നിയമനം. അദ്ദേഹം 'ആജ്ച ദിവസ് മാസ' എന്ന പേരില്‍ ഒരു മറാത്തി പുസ്തകവും എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം തന്റെ പോരാട്ടങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും, കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ സഹിക്കുന്ന ത്യാഗങ്ങളെ കുറിച്ചും എല്ലാം വിവരിക്കുന്നു. ഇന്ന്, തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനം മാത്രമാണ് ആ മനസ്സില്‍, ഒപ്പം മാതാപിതാക്കളോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാടും.

Follow Us:
Download App:
  • android
  • ios