രാവിലെ ജഡ്ജി, രാത്രി 'ഒൺലി ഫാൻസി'ൽ, യുഎസ്സിൽ ജഡ്ജിയെ പുറത്താക്കി
ഒട്ടും പ്രൊഫഷണലല്ലാത്ത പെരുമാറ്റം കാഴ്ച വച്ചു എന്ന് ആരോപിച്ചാണ് ഇപ്പോൾ ഗ്രിഗറിയെ അധികാരികൾ പുറത്താക്കിയിരിക്കുന്നത്.

ഒൺലി ഫാൻസിൽ അക്കൗണ്ട് ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎസ്സിലെ ഒരു ജഡ്ജിക്ക് തന്റെ ജോലി നഷ്ടപ്പെട്ടു. 2020 -ലാണ് 33 വയസുള്ള ജഡ്ജി കൂടിയായ ഗ്രിഗറി ലോക്ക്, ഒൺലി ഫാൻസിൽ ഒരു അക്കൗണ്ട് തുടങ്ങുന്നത്. മാസത്തിൽ ഏകദേശം ആയിരം രൂപ ഈടാക്കുന്ന ഈ അക്കൗണ്ടിൽ തന്റെ നൂറ് ചിത്രങ്ങളും വീഡിയോകളും ഗ്രിഗറി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതുപോലെ JustFor.Fans -ന് വേണ്ടി മറ്റൊരു അക്കൗണ്ട് കൂടി ഗ്രിഗറിക്കുണ്ട്. ഇതിന് 800 രൂപയ്‍ക്ക് മുകളിലാണ് നിരക്ക് ഈടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏറെക്കുറെ നഗ്നമായ അനേകം ചിത്രങ്ങളും അശ്ലീലം കലർന്ന ഉള്ളടക്കങ്ങളും ജഡ്ജിയുടെ ഈ അക്കൗണ്ടുകളിലുണ്ട് എന്ന് പറയുന്നു. അതുപോലെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഗ്രിഗറി തന്റെ അർദ്ധനഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. അതിൽ താൻ ഒരു ജഡ്ജി ആണ് എന്നും ഗ്രിഗറി വ്യക്തമാക്കുന്നുണ്ട്.
അതുപോലെ ജഡ്ജിയായുള്ള തന്റെ ജോലിക്കിടയിൽ പ്രൊഫഷണലായിട്ടല്ല മോശമായിട്ടാണ് ഇയാൾ പെരുമാറിയിരുന്നത് എന്നുള്ള പരാതികളും നിലനിൽക്കുന്നുണ്ട്. ഒട്ടും പ്രൊഫഷണലല്ലാത്ത പെരുമാറ്റം കാഴ്ച വച്ചു എന്ന് ആരോപിച്ചാണ് ഇപ്പോൾ ഗ്രിഗറിയെ അധികാരികൾ പുറത്താക്കിയിരിക്കുന്നത്. 'രാവിലെ വൈറ്റ് കോളർ പ്രൊഫഷണൽ. രാത്രി അൺപ്രൊഫഷണൽ. പക്വതയില്ലാത്ത, ബുദ്ധിയില്ലാത്ത, പരുക്കനായ' എന്നാണ് ഗ്രിഗറിയുടെ ഒൺലി ഫാൻസ് ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ അധികാരികൾ പലപ്പോഴും ഗ്രിഗറിയുടെ പെരുമാറ്റത്തെ കുറിച്ച് ആകുലപ്പെട്ടിരുന്നു. വിക്കി പലാഡിനോ എന്ന സിറ്റി കൗൺസിലർ ദ പോസ്റ്റിനോട് പറഞ്ഞത് ഇങ്ങനെ, "ഈ നഗരത്തിലെ ജനങ്ങൾക്ക് എല്ലാ തലത്തിലും അതിന്റെ കോടതികളിൽ തികഞ്ഞ വിശ്വാസമുണ്ടായിരിക്കണം. ലോക്കിനെ പോലുള്ളവരെ നിയമപരമായ അധികാര സ്ഥാനങ്ങളിൽ നിയമിക്കുന്നത് ഞങ്ങളുടെ സ്ഥാപനങ്ങളുടെ പ്രൊഫഷണലിസത്തിലും നിഷ്പക്ഷതയിലും ഉള്ള ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ കാരണമായിത്തീരുകയേ ഉള്ളൂ."