സാന്റിയാ​ഗോയെ ജയിലിലേക്ക് അയയ്‌ക്കുന്നതിന് തൊട്ടുമുമ്പ് ദമ്പതികളെ കോടതിക്കുള്ളിൽ വച്ചുതന്നെ ജഡ്ജി ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ജയിലിലേക്ക് പോയ സാന്റിയാ​ഗോ 10 വർഷത്തിന് ശേഷമാണ് മോചിതനാവുക. 

ന്യൂയോർക്കിലെ ഒരു കോടതി കഴിഞ്ഞ ദിവസം വളരെ നാടകീയമായ ഒരു രം​ഗത്തിന് സാക്ഷ്യം വഹിച്ചു. 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഒരു പ്രതിയുടേയും അയാളുടെ കാമുകിയുടേയും വിവാഹം ഇയാൾക്ക് ശിക്ഷ വിധിച്ച അതേ ജഡ്ജി തന്നെ നടത്തിക്കൊടുത്തു. അതും 10 വർഷത്തെ തടവ് വിധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹം. 

ന്യൂയോർക്ക് ജഡ്ജി മെലീന മക്ഗുന്നിഗിളാണ് ആൻ്റണി സാൻ്റിയാഗോ എന്നയാളെ 10 വർഷത്തെ തടവിന് ശിക്ഷിച്ചത്. അതേ ജഡ്ജി തന്നെയാണ് സാൻ്റിയാഗോയുടെയും കാമുകി വിക്ടോറിയയുടെയും വിവാഹം നടത്തിയതും. 33 -കാരനായ സാന്റിയാ​ഗോയെ ജയിലിലേക്ക് അയയ്‌ക്കുന്നതിന് തൊട്ടുമുമ്പ് ദമ്പതികളെ കോടതിക്കുള്ളിൽ വച്ചുതന്നെ ജഡ്ജി ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ജയിലിലേക്ക് പോയ സാന്റിയാ​ഗോ 10 വർഷത്തിന് ശേഷമാണ് മോചിതനാവുക. 

ഒഹായോ സ്വദേശിയാണ് സാൻ്റിയാഗോ. 2022 ജൂണിൽ നോർത്ത് സിറാക്കൂസിലെ ഒരു വീട് അക്രമിച്ച് അകത്ത് കയറിയതിനാണ് ഇയാളുടെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. ഒരു കാർ വിൽക്കുന്നതിന് വേണ്ടിയാണ് ഇയാൾ സിറാക്കൂസിലെ വീട്ടിൽ ആദ്യം എത്തിയത്. എന്നാൽ, അവിടെ എത്തിയപ്പോൾ വീടിനകത്ത് വലിയ അളവിൽ കഞ്ചാവ് കാണുകയായിരുന്നു. അതോടെ സാന്റിയാ​ഗോ ഇത് തന്റെ രണ്ട് സുഹൃത്തുക്കളോട് പറഞ്ഞു. 

ക്ലീവ്‌ലാൻഡിൽ താമസിച്ചിരുന്ന 18 -കാരനായ മാലിക് ഷാബാസ്, 31 -കാരനായ ആൻഡ്രസ് അർസോള-ടോറെ ഇവരായിരുന്നു ആ സുഹൃത്തുക്കൾ. ഏകദേശം ഒരു മാസത്തിനു ശേഷം ആ വീട്ടിൽ കയറി കളവ് നടത്താൻ ഇവർ തീരുമാനിക്കുകയും ചെയ്തു. വീട് കൊള്ളയടിക്കാൻ അവർ തീരുമാനിച്ചു. 2022 ജൂൺ 27 -നാണ് മൂന്ന് പ്രതികളും വീട്ടിൽ കവർച്ച നടത്തിയത്. നാല് കുട്ടികളുമായി ദമ്പതികൾ താമസിക്കുന്ന വീടായിരുന്നു അത്. ദമ്പതികളെ പിസ്റ്റൾ ഉപയോ​ഗിച്ച് ആക്രമിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

നേരത്തെയും ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം എന്തിനാണ് ജഡ്ജി കോടതിമുറിക്കുള്ളിൽ വച്ച് സാന്റിയാ​ഗോയുടെയും കാമുകി വിക്ടോറിയയുടെയും വിവാഹം നടത്തിക്കൊടുത്തത് എന്നത് വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം