പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായ നേതാവൊന്നുമല്ല വീയെസ്. പക്ഷെ അദ്ദേഹത്തിന്റെ പരാജയങ്ങള്‍ ഒരു ജനതയുടെ മൊത്തം പരാജയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ തോല്‍പ്പിക്കപ്പെട്ട സ്വപ്നങ്ങള്‍ ഒരു ജനതയുടെ മൊത്തം തോല്‍പ്പിക്കപ്പെട്ട സ്വപ്നങ്ങളായിരുന്നു. കേഡര്‍ പാര്‍ട്ടിയുടെ അച്ചടക്കങ്ങളുടെ ദീര്‍ഘകാലത്തെ സംരക്ഷകന്‍ പിന്നീട് അച്ചടക്കങ്ങളെ ലംഘിക്കുന്ന മറ്റൊരു രാഷ്ട്രീയ ഭൂമിക തുറക്കുന്നത് നാം കണ്ടു. സംഘടനാ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കുകയും അതിനു പുറത്തെ മനുഷ്യര്‍ക്ക് പലപ്പോഴും അപ്രാപ്യനായിരിക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ നേതാവ് കോട്ടകള്‍ ധീരമായി ഭേദിച്ച് പുറത്തിറങ്ങി ഏറ്റവും ആഴത്തില്‍ വേരുകളുള്ള ജനനേതാവായി മാറുന്നതും നമ്മള്‍ കണ്ടു.

 പ്രായത്തിന്റെ അവശതകള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി പൊതുരംഗത്ത് സജീവമല്ലാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ തൊണ്ണൂറ്റിയേഴാം പിറന്നാള്‍ ആഘോഷമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയെ. പ്രായം കൊണ്ടും അനുഭവ പരിചയം കൊണ്ടും വീക്ഷണഗതികള്‍ കൊണ്ടും ഒരുപാട് ദൂരത്ത് നില്‍ക്കേണ്ട ഒരു തലമുറയാണ് ജീവിത സായന്തനത്തില്‍ എത്തിയ വൃദ്ധനേതാവില്‍ തങ്ങളെ തന്നെ ഇന്നത്തെ ദിവസം കണ്ടെത്തുന്നത്.  പൊതുജീവിതത്തിലേക്ക്  ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യതകള്‍ തുലോം തുച്ഛമായിട്ടും ഒരു ജനതയുടെ വിമോചന പ്രതീക്ഷകളും അതിജീവന ചിന്തകളും ഇപ്പോഴും ആ മനുഷ്യനെ വലം വയ്ക്കുന്നു എന്നത് മറ്റൊരു അപൂര്‍വത. 

അനിതരസാധാരണമായ ധീരതയും ഇച്ഛാശക്തിയുമാണ് വി എസ് അച്യുതാനന്ദന്‍ എന്ന വ്യത്യസ്തനായ ഇടത് നേതാവില്‍ എക്കാലത്തും കാണാന്‍ ആയിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും മാത്രമല്ല പരാജയങ്ങളെ വിജയങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിലും പഴയതിലും ശക്തമായി തിരിച്ചുവരവ് നടത്തുന്നതിലുമെല്ലാം അദ്ദേഹം എന്നും ഒരു മാതൃകയാണ്. എഴുതി തള്ളിയപ്പോഴെല്ലാം അയാള്‍ കൊടുങ്കാറ്റായി തിരിച്ചു വന്നു. പ്രതിസന്ധികളെയും പ്രതികൂലതകളെയും സാധ്യതകളാക്കി. 

 

അദ്ദേഹത്തെപ്പോലെ ഒരേസമയം തീവ്രമായി ആദരിക്കപ്പെടുകയും അതേയളവില്‍ വെറുക്കപ്പെടുകയും ചെയ്ത മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല.  ഒരിക്കല്‍ എങ്കിലും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചോ എതിര്‍ത്തോ പറയാത്ത അനുയായികളും എതിരാളികളും ഉണ്ടാകില്ല. ആ പേര് ഉച്ചരിക്കാതെയോ അവഗണിച്ചോ അരികിലേക്ക് മാറ്റി നിര്‍ത്തിയോ ആര്‍ക്കും സമകാലിക കേരളം ചരിത്രം പറയാനാകില്ല. വിമര്‍ശനാത്മകമായി തന്നെ വിലയിരുത്തപ്പെടേണ്ടതാണ് വീയെസിന്റെ സംഭാവനകള്‍. പ്രതികൂല ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് പൊരുതി കയറി വന്ന ഒരു മനുഷ്യന്‍. ഇല്ലായ്മകളെയും വറുതിയേയും ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവിനെയും ഉച്ചാരണ ശുദ്ധിയുള്ള ഭാഷയില്ലായ്മയെയും ഒക്കെ പൊരുതി തോല്‍പിച്ചാണ് അദ്ദേഹം ഇന്നീ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്‍ ആയിരിക്കുന്നത്. 

വീയെസ് എന്നും ഒരു പ്രതീക്ഷയും സാധ്യതയും ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സ്വന്തം ജനതയെ നിരാശപ്പെടുത്തിയ ഘട്ടങ്ങളുമുണ്ട്. മൂലമ്പള്ളിയില്‍ ഭൂമി നഷ്ടപ്പെട്ടവരേയും ചെങ്ങറയില്‍ ഭൂമിക്കായി സമരം ചെയ്തവരെയും ഒക്കെ അദ്ദേഹം കണ്ട രീതിയോട് ഒട്ടും യോജിപ്പില്ല. വനിതകള്‍ ഉള്‍പ്പെടെ തന്റെ എതിര്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ചിലരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപലപിക്കപ്പെടേണ്ട ചില മോശം പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്. നെല്‍വയലുകള്‍ സംരക്ഷിക്കുക എന്ന സദുദ്ദേശത്തോടെ അദ്ദേഹം നേതൃത്വം കൊടുത്ത വെട്ടിനിരത്തല്‍ സമരം പാളിപ്പോവുകയും കര്‍ഷക വിരുദ്ധമായി തീരുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൂടുതല്‍ മാര്‍ക്ക് നേടുന്നതില്‍ ദുരൂഹത കണ്ടെത്തുന്നത് പോലുള്ള വീഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തൊണ്ണൂറ്റിയേഴ് വയസ്സ് വരെ കേരളത്തിലെ പൊതുജീവിതത്തിലെ തിളങ്ങുന്ന താരമായി നിലനിന്ന ആ മനുഷ്യനിലെ ന്യൂനതകളും വീഴ്ചകളും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വച്ചുനോക്കുമ്പോള്‍ തുലോം തുച്ഛമാണ്. മനുഷ്യര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന വീഴ്ചകള്‍. അധികാര രാഷ്ട്രീയത്തിനെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ വന്നുപെടുന്ന പാളിച്ചകള്‍. 

 

 

പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായ നേതാവൊന്നുമല്ല വീയെസ്. പക്ഷെ അദ്ദേഹത്തിന്റെ പരാജയങ്ങള്‍ ഒരു ജനതയുടെ മൊത്തം പരാജയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ തോല്‍പ്പിക്കപ്പെട്ട സ്വപ്നങ്ങള്‍ ഒരു ജനതയുടെ മൊത്തം തോല്‍പ്പിക്കപ്പെട്ട സ്വപ്നങ്ങളായിരുന്നു. കേഡര്‍ പാര്‍ട്ടിയുടെ അച്ചടക്കങ്ങളുടെ ദീര്‍ഘകാലത്തെ സംരക്ഷകന്‍ പിന്നീട് അച്ചടക്കങ്ങളെ ലംഘിക്കുന്ന മറ്റൊരു രാഷ്ട്രീയ ഭൂമിക തുറക്കുന്നത് നാം കണ്ടു. സംഘടനാ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കുകയും അതിനു പുറത്തെ മനുഷ്യര്‍ക്ക് പലപ്പോഴും അപ്രാപ്യനായിരിക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ നേതാവ് കോട്ടകള്‍ ധീരമായി ഭേദിച്ച് പുറത്തിറങ്ങി ഏറ്റവും ആഴത്തില്‍ വേരുകളുള്ള ജനനേതാവായി മാറുന്നതും നമ്മള്‍ കണ്ടു. വര്‍ത്തമാന പത്രങ്ങള്‍ മുരടനും വില്ലനുമാക്കി അവതരിപ്പിച്ചിരുന്ന ഒരു മനുഷ്യന്‍ ടെലിവിഷന്‍ യുഗത്തില്‍ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായി മാറുന്നതും കേരളം കണ്ടു. നീട്ടിയും കുറുക്കിയുമുള്ള ആ സംസാരം അരോചകമാണ് എന്ന് പറഞ്ഞവര്‍ പിന്നീട് അത് അമൃതായി സ്വീകരണമുറികളില്‍ ഇരുന്നു ടി വിയില്‍ തുടര്‍ച്ചയായി കേട്ടു. ഒരിക്കല്‍ മുരടനാക്കിയ മാധ്യമങ്ങള്‍ അയാളെ ജനനായകന്‍ എന്ന വെണ്ടയ്ക്ക നിരത്തി ആദരിച്ചു. പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഒരു മനുഷ്യന്‍ കാലത്തെയും ചരിത്രത്തെയും തനിക്കൊപ്പം നടത്തി. ഒരു നാടിന്റെ അജണ്ടകള്‍ നിശ്ചയിച്ചു. 

ടെലിവിഷന്‍ യുഗത്തിലെ സാദ്ധ്യതകള്‍ എത്രയെളുപ്പത്തിലാണ് വീയെസ് തനിക്കു വഴങ്ങും വിധമാക്കിയത് എന്നത് തന്നെ വിസ്മയിക്കപ്പെടുത്തുന്നതാണ്. ഭയങ്ങളില്ലാതെ ആളുകള്‍ക്ക് സമീപിക്കാനും ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാനും അവസരം കൊടുക്കുകയും ചെയ്ത ജനാധിപത്യവാദിയായ ഒരു കമ്യൂണിസ്റ്റുകാരനിലേക്കുള്ള വീയെസിന്റെ രൂപാന്തരം തന്നെയാണ് ഇന്ന് ജീവിത സായാഹ്നത്തിലും അദ്ദേഹത്തെ തലമുറകള്‍ക്ക് പ്രിയങ്കരനാക്കുന്നത്. 

 

 

വീയെസ് അദ്ദേഹം നടന്ന വഴിയായിരുന്നു. ചുറ്റുമുള്ള മനുഷ്യരും അവരുടെ ജീവിത സാഹചര്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങള്‍. മണ്ണിന്റെയും കാടിന്റെയും പുഴകളുടെയും ആവാസവ്യവസ്ഥകളുടെയും രാഷ്ട്രീയം മനുഷ്യരുടെ രാഷ്ട്രീയത്തിന് പുറത്ത് വേറിട്ട് മാറ്റിവയ്ക്കേണ്ട ഒന്നല്ലെന്ന് അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി. ജീവിത സായാഹ്നത്തിലും അദ്ദേഹം ഹരിത രാഷ്ട്രീയം പറഞ്ഞു. സാങ്കേതിക വിദ്യയുടെയും ഐടിയുടെയും മേഖലകളിലെ കുത്തകവത്കരണങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ധീരമായ ശബ്ദങ്ങളില്‍ ഒന്നായി. ജനപക്ഷ രാഷ്ട്രീയം നിലപാടുകളുടെയും പ്രത്യയശാസ്ത്ര ദൃഢതകളുടെയും അടിത്തറയില്‍ ശക്തിപ്പെടുത്തേണ്ട ഒന്നാണെന്ന് പഠിപ്പിച്ചു.

പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത നേതാവാണ് വീയെസ്. മനുഷ്യ സാധ്യതകളുടെ ഒരു അപാരതയാണ് അദ്ദേഹത്തിന്റെ ജീവിതം. കാലവും ചരിത്രവും ആ പേര് എന്നും ഉച്ചരിച്ചുകൊണ്ടേയിരിക്കും.