തന്റെ പൂച്ചയുമായിട്ടാണ് അവൾ തന്റെ ഈ ട്രക്ക് കം വീട്ടിൽ സഞ്ചരിക്കുന്നത്. ഇതിൽ ഒരു ബെഡ്ഡ്, അടുക്കള, ഒരു ജനാല എന്നിവയെല്ലാം ഉണ്ട്.
കനത്ത തുക വാടകയായി നൽകുക എന്നതാണ് ഇന്ന് പലരും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് ലോകത്തെല്ലായിടത്തും അങ്ങനെ തന്നെയാണ്. വീട് വാങ്ങുക എന്നതാവട്ടെ അതിലും ബുദ്ധിമുട്ടാണ്. അങ്ങനെ കനത്ത തുക വാടക നൽകാനില്ലാത്ത, വീട് വാങ്ങാനില്ലാത്ത യുവതി ചെയ്ത കാര്യമാണ് ഇപ്പോൾ ആളുകളുടെ പ്രശംസ പിടിച്ചു പറ്റുന്നത്.
കാനഡയിൽ നിന്നുള്ള കായ് എന്ന യുവതിയാണ് വാടക നൽകാനില്ലാത്തതിനെ തുടർന്ന് ഒരു പഴയ ട്രക്ക് അടിപൊളി വീടാക്കി മാറ്റിയെടുത്തത്. ഇതിന്റെ വീഡിയോയും അവർ ടിക്ടോക്കിൽ പങ്കുവച്ചു. വളരെ പെട്ടെന്നാണ് ഈ വീഡിയോ വൈറലായതും. ഏകദേശം 3.5 ലക്ഷം രൂപ കൊടുത്താണ് കായ് ഈ ട്രക്ക് വാങ്ങിയത്. പിന്നീട്, ഇതൊരു മികച്ച വീട് പോലെ താമസസ്ഥലമാക്കി അവൾ മാറ്റിയെടുത്തു.
വാടക കൊടുക്കേണ്ട എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത. വളരെ കുറഞ്ഞ ചെലവിൽ ഒരു വീടായി എന്നതും ഇതിന്റെ പ്രത്യേകതയാണ്. നേരത്തെ താൻ പ്രതിമാസം 2.07 ലക്ഷം രൂപയാണ് വാടകയിനത്തിൽ കൊടുത്തുകൊണ്ടിരുന്നത് എന്നാണ് കായ് പറയുന്നത്. ഇന്ന് വാടക കൊടുക്കണ്ട എന്ന് മാത്രമല്ല, തനിക്കിഷ്ടമുള്ളിടത്തെല്ലാം ഈ ട്രക്ക് വീട്ടിൽ ഇപ്പോൾ അവൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
തന്റെ പൂച്ചയുമായിട്ടാണ് അവൾ തന്റെ ഈ ട്രക്ക് കം വീട്ടിൽ സഞ്ചരിക്കുന്നത്. ഇതിൽ ഒരു ബെഡ്ഡ്, അടുക്കള, ഒരു ജനാല എന്നിവയെല്ലാം ഉണ്ട്. ഒപ്പം തനിക്കും തന്റെ പൂച്ചയ്ക്കും വേണ്ടി ഓരോ കംപോസ്റ്റ് ടോയ്‍ലെറ്റ് ഉണ്ട് എന്നും അവൾ പറയുന്നു. അതായത് ശരിക്കും ഒരു വീട്ടിൽ അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങളെല്ലാം ഉണ്ട് എന്ന് അർത്ഥം.
ഏതായാലും, യുവതിയുടെ ഈ ഐഡിയ കൊള്ളാം എന്നാണ് ഇപ്പോൾ ടിക്ടോക്കിൽ വീഡിയോ കണ്ട എല്ലാവരും പറയുന്നത്. വീട് വാങ്ങാൻ പണമില്ലാത്തവർക്കും, കനത്ത തുക വാടക നൽകി മടുത്തവർക്കും ഇത് പരീക്ഷിക്കാം എന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
