Asianet News MalayalamAsianet News Malayalam

നദിയിലെ ജലത്തിന് കറുപ്പ് നിറം, മത്സ്യങ്ങൾ ചത്തുപൊന്തുന്നു, ദുരന്തഭീതിയിൽ ഈ പ്രദേശവാസികൾ

ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും, ഇത് കുറച്ച് ദിവസം തുടർന്നാൽ നദിയിലെ ജീവികൾ പൂർണ്ണമായും ഇല്ലാതാകുമെന്നും തകു ആശങ്ക പ്രകടിപ്പിച്ചു.

Kameng River turns black fish found floating dead
Author
Arunachal Pradesh, First Published Nov 9, 2021, 4:04 PM IST

ചുവപ്പു മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചുമൊക്കെ നമ്മൾ മുൻപ് കേട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ അരുണാചൽ പ്രദേശിലെ ഒരു നദിയിലെ ജലത്തിന്റെ നിറം കറുപ്പായി മാറുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് നമ്മെ തേടിയെത്തുന്നത്. കിഴക്കൻ കാമെങ് ജില്ലയിലെ ബ്രഹ്മപുത്ര നദിയുടെ പ്രധാന കൈവഴിയായ കമെങ് നദി(Kameng River)യാണ് കറുത്തതും ചെളി നിറഞ്ഞതുമായി കാണപ്പെടുന്നത്. ഇതിന് പുറമെ, നദിയിലെ മീനുകളും ചത്ത് പൊങ്ങുന്നു. സംഭവത്തിൽ നാട്ടുകാരും, അധികൃതരും ഭയന്നിരിക്കയാണ്.

ഈസ്റ്റ് കാമെങ് ജില്ലാ ഭരണകൂടം കമെങ് നദിക്ക് സമീപം മീൻ പിടിക്കുന്നത് ഒഴിവാക്കണമെന്നും, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ചത്ത മത്സ്യം കഴിക്കരുതെന്നും ആവശ്യപ്പെട്ടിരിക്കയാണ്. കൂടാതെ, കാമെങ് നദിയിലെ വെള്ളത്തിന്റെ നിറവ്യത്യാസത്തിനും വൻതോതിലുള്ള മത്സ്യനാശത്തിനുമുള്ള കാരണം കണ്ടെത്തുന്നതിന് വിദഗ്ദ്ധ സമിതിയെ ഉടൻ രൂപീകരിക്കണമെന്ന് സ്ഥലം എംഎൽഎ തപുക് തകു സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.  മണ്ണിടിച്ചിൽ മൂലം ചിലപ്പോൾ ഇങ്ങനെ സംഭവിക്കാമെന്ന് ഈസ്റ്റ് കാമെങ് ജില്ല ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് പോലുമത്‌ല പറഞ്ഞു. എന്നാലും കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും, നദീതട പരിസ്ഥിതി താറുമാറായിരിക്കയാണെന്നും, അതിനെ പൂർവസ്ഥിതിയിലാക്കാൻ സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും, ഇത് കുറച്ച് ദിവസം തുടർന്നാൽ നദിയിലെ ജീവികൾ പൂർണ്ണമായും ഇല്ലാതാകുമെന്നും തകു ആശങ്ക പ്രകടിപ്പിച്ചു.  പ്രാഥമിക കണ്ടെത്തലനുസരിച്ച്, നദിയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ധാതു മാലിന്യങ്ങളുടെ (ടോട്ടൽ ഡിസോൾവ്ഡ് മെറ്റീരിയൽ) സാന്നിധ്യമാണ് വെള്ളത്തിന്റെ ഈ കറുപ്പ് നിറത്തിന് കാരണമെന്ന് ജില്ലാ ഫിഷറീസ് ഡവലപ്മെന്റ് ഓഫീസർ (ഡിഎഫ്ഡിഒ) ഹാലി താജോ പറഞ്ഞു. ഇത് ജലജീവികളുടെ കാഴ്ചയെയും, ശ്വസനത്തെയും ബാധിച്ചിരിക്കാമെന്നും, അതാകാം മത്സ്യങ്ങൾ ചത്ത് പൊന്തിയതെന്നും താജോ കൂട്ടിച്ചേർത്തു. വെള്ളത്തിലെ മാലിന്യങ്ങൾ മത്സ്യത്തിന്റെ ചെകിളകളിൽ പ്രവേശിച്ച് ഓക്സിജൻ വലിച്ചെടുക്കുന്നത് തടയുന്നു. അങ്ങനെ അവ ചത്ത് പൊന്തുന്നു.

Follow Us:
Download App:
  • android
  • ios