Asianet News MalayalamAsianet News Malayalam

ഒരു യുഗത്തിന്റെ അന്ത്യം, സ്ത്രീകൾക്ക് വേണ്ടി എന്നും നിലകൊണ്ട വ്യക്തിത്വം, കമല ഭാസിന്റെ വേർപാടിൽ അനുശോചനം

'ക്യൂംകി മേം ലഡ്കി ഹൂം, മുഝേ പഠ്നാ ഹേ' എന്ന കമലയുടെ നഴ്സറി പാട്ട് വളരെ പ്രശസ്തമാണ്. വളരെ ആകസ്മികമായി സംഭവിച്ചതാണ് ആ പാട്ട്. 1980 -കളുടെ തുടക്കത്തിലാണ്. കുട്ടികൾക്ക് വേണ്ടി നഴ്സറി പാട്ടുകളുള്ള പുസ്തകം തേടിയിറങ്ങിയ കമലയെ അന്ന് കിട്ടിയ പുസ്തകങ്ങൾ അമ്പരപ്പിച്ചു.

Kamla Bhasin womens rights activist no more
Author
Delhi, First Published Sep 25, 2021, 11:12 AM IST
  • Facebook
  • Twitter
  • Whatsapp

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട സ്ത്രീയായിരുന്നു കമല ഭാസിൻ (Kamla Bhasin). എന്നുമെന്നോണം അവർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും മുന്നോട്ട് വന്നു. ഇന്ന് രാവിലെ ആ പ്രമുഖ വനിതാവകാശ പ്രവർത്തക ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അവര്‍ക്ക് അര്‍ബുദം ബാധിച്ചതായി തിരിച്ചറിഞ്ഞത്. 

ആക്ടിവിസ്റ്റ് കവിതാ ശ്രീവാസ്തവയാണ് അവരുടെ മരണവാർത്ത ട്വിറ്ററിൽ പങ്കുവെച്ചത്. 'ഞങ്ങളുടെ പ്രിയ സുഹൃത്ത് കമല ഭാസിൻ ഇന്ന്, സെപ്റ്റംബർ 25 -ന് പുലർച്ചെ മൂന്ന് മണിയോടെ അന്തരിച്ചു. ഇത് ഇന്ത്യയിലെയും ദക്ഷിണേഷ്യൻ മേഖലയിലെയും സ്ത്രീ പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അവർ ജീവിതം ആഘോഷിച്ചു. കമല, നിങ്ങൾ എപ്പോഴും ജീവിക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ, സാഹോദര്യത്തിൽ' എന്നാണ് കവിത ശ്രീവാസ്തവ കുറിച്ചത്. 

Kamla Bhasin womens rights activist no more

1946 ഏപ്രിൽ 24 -ന് രാജസ്ഥാനിലാണ് കമല ജനിച്ചത്. ഡോക്ടറായിരുന്നു അവരുടെ പിതാവ്. ആറുമക്കളിലൊരാളായിരുന്നു കമല. 'സംഗത്' (Sangat ) എന്ന സംഘടനയ്ക്കൊപ്പം പ്രവർത്തിച്ച കമല എല്ലാ തരത്തിലും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊണ്ടു. 

35 വർഷത്തിലേറെയായി വികസനം, വിദ്യാഭ്യാസം, ലിംഗഭേദം, മാധ്യമം തുടങ്ങി നിരവധി വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു കമല. 1972 -ൽ രാജസ്ഥാനിലെ ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചു കൊണ്ട് ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ദരിദ്രരുടെ ശാക്തീകരണത്തിനായി അവർ തന്റെ പ്രവർത്തനം ആരംഭിച്ചു. 1976 മുതൽ 2001 വരെ അവർ യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനിൽ (എഫ്എഒ) പ്രവർത്തിച്ചു. അവര്‍ സ്ഥാപക അംഗവും ഉപദേശകയുമായ 'സംഗത്തി'നൊപ്പം പ്രവർത്തിക്കാൻ 2002 -ൽ യുഎന്നിലെ ജോലി രാജിവച്ചു. 

Kamla Bhasin womens rights activist no more

'ക്യൂംകി മേം ലഡ്കി ഹൂം, മുഝേ പഠ്നാ ഹേ' (Kyunki main ladki hoon, mujhe padhna hai) എന്ന കമലയുടെ നഴ്സറി പാട്ട് വളരെ പ്രശസ്തമാണ്. വളരെ ആകസ്മികമായി സംഭവിച്ചതാണ് ആ പാട്ട്. 1980 -കളുടെ തുടക്കത്തിലാണ്. കുട്ടികൾക്ക് വേണ്ടി നഴ്സറി പാട്ടുകളുള്ള പുസ്തകം തേടിയിറങ്ങിയ കമലയെ അന്ന് കിട്ടിയ പുസ്തകങ്ങൾ അമ്പരപ്പിച്ചു. ആ പാട്ടുകളിലെല്ലാം കാണാനായത് ജോലിക്ക് പോകുന്ന അച്ഛനേയും വീട്ടുജോലികൾ ചെയ്യുന്ന അമ്മമാരെയുമാണ്. മാത്രമല്ല, ആൺകുട്ടികൾ പുറത്തേക്ക് പോകുമ്പോൾ പെൺകുട്ടികൾ വീടിനകത്ത് ഒതുങ്ങേണ്ടവരാണ് എന്ന സന്ദേശം നൽകുന്നവയായിരുന്നു ആ പാട്ടുകൾ. ഇത് കമലയെ വളരെ അധികം നിരാശപ്പെടുത്തി. അങ്ങനെ, അന്നൊരു ഉദ്യോഗസ്ഥ കൂടിയായ കമല ഒരു നഴ്സറിപ്പാട്ട് എഴുതി. അതിലുണ്ടായിരുന്നത് ജോലിക്ക് പോകുന്ന സ്ത്രീയും വീട്ടിലുള്ള പുരുഷനുമായിരുന്നു. 

1982 -ൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജെൻസി ഫണ്ടിൻറെ സഹായത്തോടെ ആ നഴ്സറി പാട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട്, അഞ്ച് ഭാഷകളിലേക്കു കൂടി ആ പാട്ടുകൾ വിവർത്തനം ചെയ്തു. 

ഒരു യുഗത്തിൻറെ അന്ത്യം, കമലയുടെ വേർപാടിൽ അനുശോചനം

കമല ഭാസിൻറെ മരണവാർത്ത അറിഞ്ഞതോടെ നിരവധിപ്പേരാണ് അവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനമറിയിച്ചത്. 'ഒരു യുഗത്തിൻറെ അന്ത്യം' എന്നാണ് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ കമലയുടെ വേർപാടിനെ വിശേഷിപ്പിച്ചത്. 

'ന്യൂഡൽഹിയിലെ സമാധാന പ്രവർത്തക, ഫെമിനിസ്റ്റ് #കമലാഭാസിൻ ജിയുടെ നിര്യാണത്തിൽ ഞങ്ങൾ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അവർ എല്ലാവരുടെയും സുഹൃത്തായിരുന്നു. എന്നും ഇന്തോ പാക് സമാധാനത്തിന് വേണ്ടി വാദിച്ചിരുന്നു' എന്ന് Aaghaz-e-Dosti എഴുതുന്നു. 

'പ്രിയ സുഹൃത്തും അസാധാരണ വ്യക്തിത്വവുമായ കമല ഭാസിന്റെ ദാരുണമായ നിര്യാണത്തെക്കുറിച്ച് കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട്. ഞങ്ങൾ ഇന്നലെ അവരുടെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. പക്ഷേ, അടുത്ത ദിവസം അവർ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും തിരിച്ചറിഞ്ഞില്ല. ഇത് നമുക്ക് വലിയ നഷ്ടമായിരിക്കും' എന്ന് ഇർഫാൻ ഹബീബ് കുറിച്ചു. 

'ഒരു യുഗത്തിന്റെ അവസാനം. ഈ പ്രസ്ഥാനത്തിലെ അവിശ്വസനീയമായ സമ്പന്നമായ പ്രവർത്തനത്തിന് ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനം കമല ഭാസിനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. അവരിൽ നിന്ന് ഞാൻ വളരെയധികം പഠിച്ചു. റെസ്റ്റ് ഇൻ പവർ' എന്ന് അർപിത ദാസ് കുറിക്കുന്നു. 

(ചിത്രങ്ങൾ: Kamla Bhasin/facebook page)

Follow Us:
Download App:
  • android
  • ios