Asianet News MalayalamAsianet News Malayalam

World’s oldest person : ലോകത്തിന്റെ മുത്തശ്ശിക്ക് കോക്കും ചോക്കേലറ്റുമായി 129-ാം പിറന്നാള്‍!

റൈറ്റ് സഹോദരന്‍മാര്‍ ആദ്യ വിമാനവുമായി പര്യടനം നടത്തുന്ന 1903-ലാണ് കനെ ജനിച്ചത്. ജനുവരി രണ്ടിനായിരുന്നു അവരുടെ ജനനം. മാതാപിതാക്കളൊക്കെ വളരെ നേരത്തെ മരിച്ചു. എട്ട് മക്കളില്‍ ഏഴാമത്തെ മകളാണ് ഇവര്‍. മറ്റ് സഹോദരങ്ങളൊക്കെ എന്നേ മരിച്ചതാണ്.  1922-ല്‍ വിവാഹിതയായി. ഭര്‍ത്താവും മൂത്ത മകനും 1937-ലെ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ മരിച്ചു. 

Kane Tanaka Worlds oldest person celebrates 119th birthday
Author
Tokyo, First Published Jan 3, 2022, 4:41 PM IST


ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന ബഹുമതിക്ക് അര്‍ഹയായ ജപ്പാനീസ് വനിത 119-ാം ജന്‍മദിനം ആഘോഷിച്ചു. ജപ്പാനിലെ ഫുകുവോക്ക സ്വദേശിയായ കനെ തനാക്കയാണ് പ്രിയപ്പെട്ട കൊക്കാകോളയും ചോക്കലേറ്റും കഴിച്ച് പിറന്നാള്‍ ആഘോഷിച്ചത്. രണ്ടു വര്‍ഷം മുമ്പ് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തം പേരിലെഴുതിയ കനെ തനാക്ക 120 വയസ്സു വരെ എങ്കിലും താന്‍ ജീവിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. 

ജപ്പാനിലെ ഫുക്കുവോക്കയിലെ ഒരു നഴ്‌സിങ് ഹോമിലാണ് തനാക്ക കുറേ കാലമായി താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. പ്രിയപ്പെട്ട നഴ്‌സുമാരെ സാക്ഷി നിര്‍ത്തി ലോകമങ്ങുമുള്ള ക്യാമറകള്‍ക്കു മുന്നിലാണ് കനെ പിറന്നാള്‍ ആഘോഷിച്ചത്. ഒരു വര്‍ഷം കൂടി ജീവിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് നിലവില്‍ കാര്യമായ അസുഖമൊന്നുമില്ലാത്ത ഈ മുത്തശ്ശി പറയുന്നു.  

ഈ പ്രായത്തിലും വളരെ ചുറുചുറുക്കോടെയാണ് കനെ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ ആറ് മണിക്ക് എഴുന്നേല്‍ക്കും. അല്‍പ്പ സമയം പാട്ടു കേള്‍ക്കും. ഇഷ്ട വിഷയമായ കണക്ക് പഠിക്കാന്‍ ഇപ്പോഴുമിവര്‍ സമയം കണ്ടെത്തുന്നതായി നഴ്‌സിങ് ഹോമിലുള്ളവര്‍ പറയുന്നു. 

റൈറ്റ് സഹോദരന്‍മാര്‍ ആദ്യ വിമാനവുമായി പര്യടനം നടത്തുന്ന 1903-ലാണ് കനെ ജനിച്ചത്. ജനുവരി രണ്ടിനായിരുന്നു അവരുടെ ജനനം. മാതാപിതാക്കളൊക്കെ വളരെ നേരത്തെ മരിച്ചു. എട്ട് മക്കളില്‍ ഏഴാമത്തെ മകളാണ് ഇവര്‍. മറ്റ് സഹോദരങ്ങളൊക്കെ എന്നേ മരിച്ചതാണ്.  1922-ല്‍ വിവാഹിതയായി. ഭര്‍ത്താവും മൂത്ത മകനും 1937-ലെ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ മരിച്ചു. ഇതിനു ശേഷം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നൂഡില്‍ കട നടത്തുകയായിരുന്നു കനെ. കനെ തനാക്കയ്ക്ക് അഞ്ച് മക്കളാണ് ഉള്ളത്. അതില്‍ ഒരാളെ ഇവര്‍ ദത്തെടുത്തതാണ്. 

കനെ തനാക്കയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന റെക്കോര്‍ഡിട്ടത് ചിയോ മിയാക്കോ എന്ന സ്ത്രീയാണ്. 117 വയസ്സായിരുന്ന ഈ മുത്തശ്ശി 2003 ജൂണിലാണ് മരിക്കുന്നത്. അതിനു ശേഷമാണ്, കനെ ലോകത്തിന്റെ മുത്തശ്ശിയായി മാറുന്നത്. 2019-ല്‍ 116 വയസ്സുള്ളപ്പോഴാണ് ഈ മുത്തശ്ശി ഗിനനസ് ബുക്കില്‍ ഇടം കണ്ടെത്തിയത്. 


ടോക്കിയോ ഒളിംപിക്സ് ദീപശിഖാ പ്രയാണത്തില്‍ ഇവര്‍ പങ്കെടുക്കാനിരുന്നതായിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കനെ തനാക്ക ദീപശിഖാ പ്രയാണത്തില്‍ നിന്ന് പിന്‍മാറി. കൊവിഡിനു ശേഷം ഇവര്‍ പുറംലോകവുമായി കാര്യമായ ബന്ധം പുലര്‍ത്തുന്നില്ല. കുടുംബാംഗങ്ങളുമായി പോലും അധികം സമ്പര്‍ക്കമില്ലാതെയാണ് ഇവര്‍ കഴിയുന്ത്. 
 

Follow Us:
Download App:
  • android
  • ios