Asianet News MalayalamAsianet News Malayalam

Love story: വീട്ടുകാര്‍ തല്ലിക്കെടുത്തിയ പ്രണയം 35 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചുപിടിച്ചു!


വീട്ടുകാരാണ് അവരുടെ പ്രണയത്തെ തല്ലിക്കെടുത്തിയത്. പ്രണയത്തേക്കാള്‍ പണത്തിന് വില നല്‍കിയ വീട്ടുകാര്‍ ഇരുവരെയും രണ്ടാക്കി മാറ്റി. എന്നാല്‍, ജീവിതം അവരെയിതാ വീണ്ടും ഒരുമിച്ചാക്കിയിരുന്നു.

Karnataka couple reunites after 35 years
Author
Hassan, First Published Dec 4, 2021, 4:58 PM IST
  • Facebook
  • Twitter
  • Whatsapp

വീട്ടുകാരാണ് അവരുടെ പ്രണയത്തെ തല്ലിക്കെടുത്തിയത്. പ്രണയത്തേക്കാള്‍ പണത്തിന് വില നല്‍കിയ വീട്ടുകാര്‍ ഇരുവരെയും രണ്ടാക്കി മാറ്റി. എന്നാല്‍, ജീവിതം അവരെയിതാ വീണ്ടും ഒരുമിച്ചാക്കിയിരുന്നു. മൂന്നര പതിറ്റാണ്ടിനുശേഷം എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് വീണ്ടുമവര്‍ ഒന്നിക്കുമ്പോഴേക്കും അവരുടെ കൗമാരവും യൗവനവുമെല്ലാം കടന്നുപോയിരിക്കുന്നു. ഇരുവര്‍ക്കും ഇപ്പോള്‍ 65 വയസ്സ്. എങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന പ്രണയത്തോടെ അവരിരുവരും ചേര്‍ന്നുതന്നെ നില്‍ക്കുന്നു. 

ഇത് ജയമ്മയുടെയും ( Jayamma) ചിക്കണ്ണ (Chikkanna) യുടെയും അസാധാരണ പ്രണയകഥ (Love Story).  കര്‍ണാടകയിലെ (Karnataka) ഹാസന്‍ ജില്ലയിലെ ദേവദാമുദനഹള്ളി ഗ്രാമത്തിലാണ് ഇരുവരും ജനിച്ചതും വളര്‍ന്നതും. കളിക്കൂട്ടുകാരായിരുന്നു അവര്‍. കൗമാരത്തില്‍ എപ്പോഴോ ആ സൗഹൃദം പ്രണയമായി മാറി. ഇരുകുടുംബങ്ങള്‍ക്കും പരസ്പരം നന്നായി അറിയാമായിരുന്നിട്ടും, നിര്‍മാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ജയമ്മയുടെ മാതാപിതാക്കള്‍. 

പകരം തങ്ങള്‍ കണ്ടെത്തിയ വരനെ വിവാഹം കഴിക്കാന്‍ ജയമ്മയെ  അവര്‍ നിര്‍ബന്ധിച്ചു. അച്ഛനും അമ്മയും പറയുന്നത് ധിക്കരിക്കാന്‍ ജയമ്മയ്ക്ക് കഴിഞ്ഞില്ല. മനസില്ലാമനസോടെ അവള്‍ മറ്റൊരു പുരുഷനെ വിവാഹം ചെയ്തു. വിവാഹശേഷവും ജയമ്മ ഭര്‍ത്താവിനൊപ്പം അതേ ഗ്രാമത്തില്‍ തന്നെ താമസിച്ചു. 

എന്നാല്‍ ദുഃഖം താങ്ങാനാവാതെ ചിക്കണ്ണ നാട് വിട്ടു. മൈസൂരിനടുത്തുള്ള മെറ്റഗള്ളി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് അയാള്‍ താമസം മാറി. അവിടെ കൂലിപ്പണി ചെയ്തു ജീവിതം കഴിച്ചു. മനസ്സില്‍ നിറയെ ജയമ്മയോടുള്ള അടങ്ങാത്ത സ്‌നേഹമായിരുന്നു. അതുകൊണ്ട് തന്നെ ഒരു വിവാഹത്തെ കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.  

അവര്‍ പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ലെങ്കിലും, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ജയമ്മയുടെ ജീവിതത്തെക്കുറിച്ച് ചിക്കണ്ണ അറിയുന്നുണ്ടായിരുന്നു. ജയമ്മയുടെ വിവാഹജീവിതം അത്ര നല്ലതായിരുന്നില്ല. അവള്‍ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ഭാര്യ എന്ന നിലയിലും, അമ്മ എന്ന നിലയിലുമുള്ള എല്ലാ കടമകളും മുടക്കം കൂടാതെ നിറവേറ്റി.  എന്നിട്ടും ഭര്‍ത്താവ് അവളെ ഉപേക്ഷിച്ച് പോയി. ജയമ്മ ജീവിത മാര്‍ഗം തേടി മകനോടൊപ്പം മൈസൂരിലേക്ക് താമസം മാറി.

ജയമ്മയുടെ ജീവിതത്തില്‍ സംഭവിച്ച ദുരനുഭവത്തെ കുറിച്ച് ചിക്കണ്ണ അറിയാന്‍ ഇടയായി. ജീവിതത്തില്‍ അവള്‍ തനിച്ചായി പോയെന്നത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ചിക്കണ്ണ അവളെ വീണ്ടും കാണാന്‍ ആഗ്രഹിച്ചു. വെറുമൊരു കൗമാര പ്രണയമായിരുന്നില്ല തങ്ങളുടേതെന്നും, മറിച്ച് ഒരിക്കലും മറികടക്കാനാവാത്ത ആത്മബന്ധമാണതെന്നും അവര്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ അവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. 

ജയമ്മയുടെ മകന് 25 വയസ്സുണ്ട്. മൈസൂരില്‍ സംസ്ഥാന ഗതാഗത വകുപ്പിലാണ് ജോലി. അമ്മയുടെ വിവാഹത്തെക്കുറിച്ച് മകനെ അറിയിക്കേണ്ട എന്നായിരുന്നു ആദ്യം തീരുമാനം. അടുത്ത വര്‍ഷത്തോടെ മകന്‍ വിവാഹിതനാകും. അതുവരെ ഈ വിവാഹം രഹസ്യമാക്കി വയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ താമസിയാതെ അവരുടെ വിവാഹ വാര്‍ത്ത വൈറലായി തീര്‍ന്നു.  

മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ഇനിയുള്ള കാലമെങ്കിലും തങ്ങള്‍ക്ക് ഒരുമിച്ച് കഴിയാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് അവര്‍ ഇപ്പോള്‍. 'അവള്‍ എന്നും എന്റെ ചിന്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഒരു പ്രത്യേക കാരണത്താല്‍ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല.  എന്നാല്‍ ഇനി മരണം വരെ ഒന്നിച്ച് ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന വര്‍ഷങ്ങളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം' -ചിക്കണ്ണ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios