മുഗൾ കാലഘട്ടത്തിലേത്? ലോകത്തിലെ ഏറ്റവും വലിയ സ്വർണനാണയം 40 വർഷമായി കാണാമറയത്ത്
കൗകാബ്-ഇ-താലി അവസാനമായി കൈവശം വച്ചത് ഹൈദരാബാദിലെ എട്ടാം നിസാം മുഖർറം ജാ ആണെന്നാണ് മുൻ സി.ബി.ഐ ജോയിന്റ് ഡയറക്ടർ ഷാന്റോനു സെന്നിന്റെ പുസ്തകത്തിൽ പറയുന്നത്. ജഹാംഗീർ അത്തരത്തിലുള്ള രണ്ട് നാണയങ്ങൾ പുറത്തിറക്കിയതായാണ് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നാണയം ഉൾപ്പടെയുള്ള രണ്ട് സ്വർണ നാണയങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്ത്യൻ സർക്കാർ പുനരാരംഭിച്ചു. ഈ രണ്ട് വേറിട്ട നാണയങ്ങളും മുഗൾ കാലഘട്ടത്തിലേതാണ്. ഇവയിൽ 12 കിലോഗ്രാം തൂക്കമുള്ള നാണയം ഏകദേശം 40 വർഷമായി കാണാമറയത്താണ്. ജഹാംഗീർ ചക്രവർത്തിയാണ് കൗകാബ്-ഇ-താലി എന്നറിയപ്പെടുന്ന സ്വർണ്ണ നാണയം പുറത്തിറക്കിയത്. ഒരു കിലോ ഭാരമുള്ള രണ്ടാമത്തെ നാണയം ഷാജഹാൻ ചക്രവർത്തിയുടേതായിരുന്നു.
കൗകാബ്-ഇ-താലി അവസാനമായി കൈവശം വച്ചത് ഹൈദരാബാദിലെ എട്ടാം നിസാം മുഖർറം ജാ ആണെന്നാണ് മുൻ സി.ബി.ഐ ജോയിന്റ് ഡയറക്ടർ ഷാന്റോനു സെന്നിന്റെ പുസ്തകത്തിൽ പറയുന്നത്. ജഹാംഗീർ അത്തരത്തിലുള്ള രണ്ട് നാണയങ്ങൾ പുറത്തിറക്കിയതായാണ് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതിൽ ഒന്ന് ഇറാൻ അംബാസഡർ യാദ്ഗർ അലിയ്ക്ക് സമ്മാനിച്ചു. മറ്റൊന്ന് ഹൈദരാബാദ് നിസാമിന്റെ കൈവശമായി.
ഇറാന്റെ അംബാസഡറായിരുന്ന യാദ്ഗർ അലിക്ക് അദ്ദേഹം സമ്മാനമായി നൽകിയ 1000 തോല (1 തോല = 12 ഗ്രാം) സ്വർണ്ണനാണയത്തെക്കുറിച്ച് ജഹാംഗീറിന്റെ ആത്മകഥയായ തുസുക്-ഇ-ജാൻഗിരിയിൽ പരാമർശിച്ചിട്ടുണ്ട്. ആഗ്രയിൽ നിർമ്മിച്ച കൗകാബ്-ഇ-താലിക്ക് 20.3 സെന്റീമീറ്റർ വ്യാസമാണ് ഉണ്ടായിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദിലെ എട്ടാമത്തെ നിസാം, മുഖറം ജാ, കൗകബ്-ഇ-താലി ഒരു സ്വിസ് ബാങ്കിന് ലേലം ചെയ്തു. 1987-ൽ, ജനീവയിലെ 11,935.8 ഗ്രാം സ്വർണ്ണ നാണയം ഹബ്സ്ബർഗ് ഫെൽഡ്മാൻ എസ്എ ലേലം ചെയ്തതായി യൂറോപ്പിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ അറിയിച്ചതായാണ് ചരിത്രകാരി പ്രൊഫസർ സൽമ അഹമ്മദ് ഫാറൂഖി പറയുന്നത്.
ഫാറൂഖി പറയുന്നതനുസരിച്ച്, 1987 -ൽ സ്വിസ് ലേലത്തിൽ മുഖറം ജാ രണ്ട് സ്വർണ്ണ മൊഹറുകൾ ലേലം ചെയ്യാൻ ശ്രമിച്ചിരുന്നു. അവയിലൊന്ന് 1987-ൽ 16 മില്യൺ ഡോളർ വിലമതിക്കുന്ന 1,000 തോല നാണയമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏതായാലും കാണാമറയത്ത് തുടരുന്ന നാണയങ്ങൾ തിരച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സർക്കാർ ഇപ്പോൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം