കാസര്‍കോട്: കാസര്‍കോട് ഇന്നും കനത്ത മഴ തന്നെയായിരുന്നു. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം ഇന്നും വെള്ളം ഉയര്‍ന്നു. തേജസ്വിനി പുഴ കരകവിഞ്ഞ് കയ്യൂര്‍, അരയക്കടവ് പ്രദേശം പൂര്‍ണമായും വെള്ളത്തിലാണ്. ഉയര്‍ന്ന സ്ഥലങ്ങളിലുള്ള വീടുകളിലേക്കാണ് പ്രദേശവാസികള്‍ മിക്കവരും അഭയം തേടിച്ചെന്നത്. ഇന്ന് അതിലും പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം മഴ കാസര്‍കോടിനെ ബുദ്ധിമുട്ടിലാക്കിയില്ലായിരുന്നുവെങ്കില്‍ ഇത്തവണ കാസര്‍കോടിന്‍റെ പല ഭാഗങ്ങളിലും മഴ ശക്തിയായി പെയ്യുകയും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. നീലേശ്വരം, കയ്യൂര്‍, ചീമേനി എന്നിവിടങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നീലേശ്വരത്ത് മാത്രം ഇരുന്നൂറോളം ആളുകളെയാണ് മാറ്റിയിരിക്കുന്നത്. കയ്യൂര്‍ അരയാല്‍ക്കടവില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലരും താരതമ്യേന സുരക്ഷിതമെന്ന് തോന്നിയ മറ്റൊരു വീട്ടിലേക്ക് താമസം മാറി. 

രാവിലെ അഞ്ച് മണിക്കേ ചെറുതായി വെള്ളം കയറുന്നുണ്ട്. രണ്ടര മണിയായപ്പോഴേക്കും വെള്ളം നന്നായി കയറി. വൈകുന്നേരമായപ്പോഴേക്കും ഇപ്പോള്‍ നില്‍ക്കുന്ന ഈ വീട്ടിലെത്തി. കുറച്ച് കഴിഞ്ഞ് വെള്ളം താഴുന്നു എന്ന് കണ്ട് തിരിച്ച് വീട്ടിലേക്ക് തന്നെ പോയി. പക്ഷെ, വെള്ളം കുറഞ്ഞില്ല. വീണ്ടും കയറി. അതോടെ തിരികെ ഇങ്ങോട്ട് തന്നെ മാറേണ്ടി വന്നു - പ്രദേശവാസിയായ ഒരാള്‍ പറയുന്നു.

വരാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്. ചങ്കോളം വെള്ളത്തിലാണ് ഇറങ്ങി വന്നത്. ഒന്നുമെടുത്തില്ല. ഒറ്റനടത്തം ചങ്കോളം വെള്ളത്തില് പേടിച്ച് വെറച്ചോണ്ട്... എപ്പോ വെള്ളം കുറയുമെന്നറിയില്ല. ചിലപ്പോള്‍ വെള്ളം കൂടാനും മതി. വെള്ളം കുറയുന്നതുവരെ ഇവിടെ താമസിക്കാം. താഴെയുള്ള എല്ലാ വീടുകളിലും വെള്ളം കയറി - ഒരു അമ്മയുടെ വാക്കുകള്‍.

ഇന്നലെ രാത്രിയാണ് ഈ പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് പല വീടുകളുടെയും അകത്ത് വെള്ളം കയറിയത്. അതുകൊണ്ട് തന്നെ അവിടെനിന്നും ഇറങ്ങി സുരക്ഷിതസ്ഥാനത്തേക്ക് എത്തുകയെന്നത് പലര്‍ക്കും ദുഷ്കരമായിരുന്നു. 

(ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്)